19 December 2025, Friday

കാനത്തിന്റെ വിയോഗം ഇടതുമുന്നേറ്റത്തിന് ആഘാതം: ഡി രാജ

Janayugom Webdesk
വാഴൂര്‍
December 10, 2023 10:33 pm

കാനം ജീവിതത്തിലുടനീളം ഉയര്‍ത്തിപ്പിടിച്ച മതേതരമൂല്യങ്ങളും ഇടതുപക്ഷ ബോധ്യങ്ങളും അതിന്റെ പൂര്‍ണതയില്‍ തന്നെ ഏറ്റെടുത്തു മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയണമെന്ന് പാര്‍ട്ടി ദേശീയ സെക്രട്ടറി ഡി രാജ. 

പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം നടന്ന അനുശോചന യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാജ. വര്‍ത്തമാന ഇന്ത്യയില്‍ ഇടതുപക്ഷം അഭിമുഖീകരിക്കുന്ന കടുത്ത വെല്ലുവിളികള്‍ക്കിടയില്‍ കാനത്തിന്റെ ആകസ്മികമായ വിയോഗം ഇടതുമുന്നേറ്റങ്ങള്‍ക്കു തന്നെ ഏറ്റ കനത്ത ആഘാതമാണ്. ആ മരണം കടുത്ത ശൂന്യത സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

കമ്മ്യൂണിസ്റ്റ് നിലപാടുകള്‍ക്കും കേരളത്തിലെ ഇടതുമുന്നണിയുടെ വളര്‍ച്ചയ്ക്കും കാനം നല്‍കിയ സംഭാവന വിലമതിക്കാനാവാത്തതാണെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. സര്‍വതലസ്പര്‍ശിയായിരുന്നു അദ്ദേഹത്തിന്റെ ഇടപെടലുകളും കാഴ്ചപ്പാടുകളും. സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിലും പാര്‍ലമെന്ററി രംഗത്തും തികവാര്‍ന്നതും ദീര്‍ഘവീക്ഷണമേറിയതുമായിരുന്നു കാനത്തിന്റെ കാഴ്ചപ്പാടുകളെന്നും അദ്ദേഹം പറഞ്ഞു.
മതേതര രാഷ്ട്രീയത്തിന്റെ വക്താവായിരുന്നു കാനമെന്നും മതേതര പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് കനത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ സംഭവിച്ചതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു.
സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, മന്ത്രിമാരായ എ കെ ശശീന്ദ്രൻ, ജെ ചിഞ്ചുറാണി, എംപിമാരായ ബിനോയ് വിശ്വം, ആന്റോ ആന്റണി, ചീഫ് വിപ്പ് എൻ ജയരാജ്, സിപിഐ നേതാക്കളായ കെ നാരായണ, ആനി രാജ, പന്ന്യൻ രവീന്ദ്രൻ, കെ ഇ ഇസ്മയിൽ, ഇ ചന്ദ്രശേഖരന്‍, പി സി വിഷ്ണുനാഥ്, സംവിധായകൻ വിനയൻ തുടങ്ങിയവർ പങ്കെടുത്തു.
സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി അഡ്വ. എം എ ഷാജി അനുശോചന പ്രമേയം അവതരിപ്പിച്ചു.

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 19, 2025
December 19, 2025
December 19, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.