22 November 2024, Friday
KSFE Galaxy Chits Banner 2

Related news

January 23, 2024
January 2, 2024
December 15, 2023
September 24, 2023
September 12, 2023
March 2, 2023
August 2, 2022
July 23, 2022
July 2, 2022
June 30, 2022

ആരോഗ്യ മേഖലയിലെ ഡാറ്റാ സംഭരണം ആശങ്ക

വിവരങ്ങള്‍ ബഹുരാഷ്ട്ര കമ്പനികള്‍ക്ക്
പദ്ധതികള്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍
വിവരാവകാശ നിയമവും അട്ടിമറിക്കുന്നു
Janayugom Webdesk
ന്യൂഡല്‍ഹി
December 15, 2023 10:46 pm

ആരോഗ്യ മേഖലയിലെ ഡാറ്റാ സംഭരണം സംബന്ധിച്ച് രാജ്യത്ത് അവ്യക്തതയെന്ന് റിപ്പോര്‍ട്ട്. വിവരചോര്‍ച്ച നിത്യസംഭവമായ ഇന്ത്യയില്‍ വിഷയം വന്‍ ആശങ്കയാണ് സൃഷ്ടിക്കുന്നത്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതികള്‍ സംബന്ധിച്ച വിവരാവകാശ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുന്നില്ലെന്നും പ്രത്യേകവിഭാഗത്തില്‍ ഉള്‍പ്പെടുത്തി മറുപടി നല്‍കാതിരിക്കുന്നതായും സ്ക്രോള്‍ റിപ്പോര്‍ട്ട് ചെയ്തു. ആഗോള സാങ്കേതികവിദ്യാ ഭീമൻമാരെ ഉള്‍പ്പെടുത്തി ആരംഭിച്ച പല പദ്ധതികളുടെയും വിവരാവകാശ ചോദ്യങ്ങള്‍ക്കാണ് ശരിയായ ഉത്തരം ലഭിക്കാത്ത സ്ഥിതിയുള്ളത്.

ഗ്രാമീണ മേഖലയിലെ ആരോഗ്യ സുരക്ഷയെ സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം എയിംസ് ജോധ്പൂരും മൈക്രോസോഫ്റ്റ് ഇന്ത്യയും സംയുക്തമായി ഒരു പദ്ധതി തയ്യാറാക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇ സഞ്ജീവനിയും ആമസോണും സമാന രീതിയില്‍ കൈകോര്‍ത്തിരുന്നു. എന്നാല്‍ ഇവയുടെയൊന്നും വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമല്ല. സ്വകാര്യ വിവരങ്ങള്‍ എന്ന് വാദിച്ച് മറുപടി നല്‍കാതിരുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇവയെല്ലാം തന്നെ സാങ്കേതികവിദ്യാ ഭീമൻമാര്‍, പൊതുജനങ്ങളുടെ പണം, നികുതി എന്നിവ ഉപയോഗിച്ചുള്ള കരാറും സങ്കീര്‍ണവും രഹസ്യ സ്വഭാവമുള്ള വ്യക്തിവിവരങ്ങളും ഉള്‍പ്പെടുന്നവയുമാണ്.

സ്വകാര്യ ടെക് ഭീമൻമാരുമായുള്ള കരാറുകള്‍ സുതാര്യമല്ലെന്നും സ്വകാര്യത ലംഘിക്കപ്പെടുമെന്നും ആശങ്കകള്‍ നിലനില്‍ക്കുമ്പോഴും സര്‍ക്കാര്‍ വിവരങ്ങള്‍ നല്‍കാത്തത് ആശങ്കാജനകമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ബഹുരാഷ്ട്ര കമ്പനികളുടെ കുത്തകയായി രേഖകള്‍ മാറാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നു. ഇത്തരത്തില്‍ നിരവധി വിവര ശേഖരം കൈവശമുള്ള ടെക് ഭീമൻമാര്‍ അത് കുത്തകയായി സൂക്ഷിക്കുകയും സ്വകാര്യ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യുന്നതായി ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി 2022ല്‍ നിരീക്ഷിച്ചിരുന്നു. പൊതു-സ്വകാര്യ കരാറുകള്‍ സംബന്ധിച്ച മുഴുവൻ വിവരങ്ങളും വിവരാവകാശ നിയമത്തിന്റെ വകുപ്പ് നാല് അനുസരിച്ച് ലഭ്യമാക്കണമെന്ന് 2013ല്‍ സര്‍ക്കാര്‍ തന്നെ നിര്‍ദേശിച്ചിരുന്നു.

സ്വകാര്യ കമ്പനികളുമായുള്ള കരാറുകളുടെ വിവരങ്ങള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച് ഡല്‍ഹി ഹൈക്കോടതി യുഐഡിഎഐക്ക് നല്‍കിയ നിര്‍ദേശത്തില്‍ ഇത്തരം കരാറുകളില്‍ പൂര്‍ണ സുതാര്യത ആവശ്യമാണെന്ന് വ്യക്തമാക്കിയിരുന്നു. സമാനമായ പല വിധികളും ഉണ്ടായിരുന്നെങ്കിലും വിവരങ്ങള്‍ നിഷേധിക്കപ്പെടുകയാണ്. വിവരാവകാശ നിയമത്തിലെ വകുപ്പ് എട്ട്, ഒമ്പത് എന്നിവ അനുസരിച്ചാണ് വിവരങ്ങള്‍ തടഞ്ഞുവയ്ക്കുന്നത്. ഈ രണ്ടു വകുപ്പനുസരിച്ചും അധികാരികള്‍ക്ക് ചില പ്രത്യേക സാഹചര്യങ്ങളില്‍ വിവരങ്ങള്‍ നല്‍കാതിരിക്കാം.

വകുപ്പ് എട്ട് അനുസരിച്ച് രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുന്നതോ ഒരു വ്യക്തിയുടെ ജീവന് ഹാനിയുണ്ടാക്കുന്നതോ ആയ വിവരങ്ങള്‍ നല്‍കാതിരിക്കാം. വകുപ്പ് ഒമ്പത് അനുസരിച്ചും വിവരങ്ങള്‍ നല്‍കാതിരിക്കാം. അതേസമയം ഇതിനുള്ള കാരണങ്ങള്‍ അധികാരികള്‍ ബോധിപ്പിക്കണം. എയിംസ് ജോധ്പൂരും മൈക്രോസോഫ്റ്റ് ഇന്ത്യയും തമ്മിലുള്ള കരാര്‍ വിവരങ്ങള്‍ നല്‍കാതിരുന്നത് വകുപ്പ് 8(1)(ജെ)അനുസരിച്ചായിരുന്നു.

സ്വകാര്യ വിവരങ്ങളാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു നടപടി. സ്വകാര്യ വിവര സംരക്ഷണ നിയമം 2023 അനുസരിച്ച് വകുപ്പ് 8(1)(ജെ) ഭേദഗതി വരുത്തുന്നതോടെ ഇത് കൂടുതല്‍ സങ്കീര്‍ണമാകും. ഭേദഗതി അനുസരിച്ച് പൊതു താല്പര്യമുള്ള വിഷയങ്ങളാണെങ്കില്‍ പോലും സ്വകാര്യ വിവരങ്ങള്‍ നല്‍കാതിരിക്കാനാകും.

Eng­lish Summary:Data stor­age in health sector
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.