19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 28, 2024
September 24, 2024
July 10, 2024
March 25, 2024
December 16, 2023
February 15, 2023
February 6, 2023
February 5, 2023
February 5, 2023
February 4, 2023

ബാലവിവാഹത്തിന് അറുതിയില്ല; രാജ്യത്ത് അഞ്ചില്‍ ഒരു പെണ്‍കുട്ടി ശൈശവവിവാഹത്തിന്റെ ഇര

Janayugom Webdesk
ന്യൂഡല്‍ഹി
December 16, 2023 9:32 pm
രാജ്യത്ത് അഞ്ചില്‍ ഒരു പെണ്‍കുട്ടിയും ആറില്‍ ഒരു ആണ്‍കുട്ടിയും വിവാഹിതരാണെന്ന് ലാൻസെറ്റ് പഠനം. 2016 മുതല്‍ 2021വരെ ചില സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ബാലവിവാഹം സാധാരണമായതായും  പഠനം സൂചിപ്പിക്കുന്നു.  മണിപ്പൂര്‍, പഞ്ചാബ്, ത്രിപുര, പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള ആറ് സംസ്ഥാനങ്ങളില്‍ പെണ്‍കുട്ടികളുടെ ബാലവിവാഹം വര്‍ധിച്ചു. ഛത്തീസ്ഗഢ്, ഗോവ, മണിപ്പൂര്‍, പഞ്ചാബ് സംസ്ഥാനങ്ങളില്‍ ആണ്‍കുട്ടികള്‍ക്കിടയിലെ ബാലവിവാഹം വര്‍ധിച്ചതായും ലാൻസെറ്റ് വ്യക്തമാക്കുന്നു.1993 മുതല്‍ 2021വരെയുള്ള ദേശീയ കുടുംബാരോഗ്യ സര്‍വെയിലെ വിവരങ്ങളാണ് ഗവേഷണങ്ങള്‍ക്കായി ഉപയോഗിച്ചത്.
ബാലവിവാഹം കുറയുന്നുണ്ടെങ്കിലും പൂര്‍ണമായി ഇല്ലാതാക്കുന്നതില്‍ വിജയം കണ്ടെത്താനായിട്ടില്ലെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. 2021ല്‍ പെണ്‍കുട്ടികള്‍ക്കിടയിലെ ബാലവിവാഹം 22 ശതമാനമായി കുറഞ്ഞു. 1993ല്‍ ഇത് 49 ശതമാനമായിരുന്നു. ആണ്‍കുട്ടികള്‍ക്കിടയിലെ ബാലവിവാഹം 2021ഓടെ രണ്ടു ശതമാനമായി.  2006ല്‍ ഇത് ഏഴ് ശതമാനമായിരുന്നു. 2006നും 2016നും ഇടയിലാണ് ബാലവിവാഹത്തില്‍ കുറവുണ്ടായതെന്നും പഠനം ചൂണ്ടികാണിക്കുന്നു.
ആണ്‍-പെണ്‍കുട്ടികളുടെ വികസനത്തിന് ബാലവിവാഹം വിഘാതം സൃഷ്ടിക്കും എന്നതിനാല്‍ യുണൈറ്റഡ് നാഷൻസ് ചില്‍ഡ്രൻസ് ഫണ്ട്(യുണിസെഫ്) ബാലവിവാഹത്തെ മനുഷ്യാവകാശ ലംഘനമായിട്ടാണ് കണക്കാക്കുന്നത്.
പെണ്‍കുട്ടികളെയാണ് ബാലവിവാഹം കൂടുതലായി ബാധിക്കുന്നതെന്നും യുണിസെഫ് പറയുന്നു. സുസ്ഥിര വികസന ലക്ഷ്യം അഞ്ച്(2030 ഓടെ സ്ത്രീകളെയും പെണ്‍കുട്ടികളെയും ശാക്തീകരിച്ച് ലിംഗ സമത്വം ഉറപ്പാക്കുക) കൈവരിക്കുന്നതിന് ബാലവിവാഹം ഇല്ലാതാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും യുഎൻ ഏജൻസി നിരീക്ഷിക്കുന്നു.
ലോകത്ത് അഞ്ചില്‍ ഒരു പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാതെ വിവാഹിതയാകുന്നതായാണ് കണക്ക്. ബാലവിവാഹത്തിന്റെ എണ്ണം കുറഞ്ഞെങ്കിലും കോവിഡ് മഹാമാരി കാലഘട്ടത്തില്‍ ഇവ വര്‍ധിച്ചതായും ഒരു കോടി പെണ്‍കുട്ടികള്‍ ബാലവിവാഹത്തിന് ഇരയായേക്കാമെന്നും യുണിസെഫ് വ്യക്തമാക്കുന്നു. 18 വയസിന് മുമ്പ് വിവാഹിതരായ 20നും 24നും ഇടയിലെ പുരുഷന്മാരെയും സ്ത്രീകളെയും പഠനത്തില്‍ ഉള്‍പ്പെടുത്തി. ഇത്തരത്തില്‍ 1.34കോടി വനിതകളും 14 ലക്ഷം പുരുഷന്മാരും പഠനത്തിന്റെ ഭാഗമായിരുന്നു.
Eng­lish Sum­ma­ry: With one in five girls & one in six boys mar­ried in India : Study
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.