23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 9, 2024
December 7, 2024
December 5, 2024
December 2, 2024
November 29, 2024
November 25, 2024
October 28, 2024
October 27, 2024
August 17, 2024
August 8, 2024

പാർലമെന്റിൽ പുകഞ്ഞത് രാജ്യത്തിന്റെ പ്രതിഷേധം

ബിനോയ് ജോർജ് പി 
December 18, 2023 4:15 am

13-ാം തീയതി പാർലമെന്റിനുള്ളിലും പുറത്തും നടന്ന പ്രതിഷേധത്തെകുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ല. കേന്ദ്ര സർക്കാരിനോടുള്ള യുവതലമുറയുടെ ശക്തമായ പ്രതിഷേധമായിരുന്നു അവിടെ നിറമുള്ള പുകച്ചുരുളുകളായി കണ്ടത്. പ്രതിഷേധം അറിയിക്കാൻ അവർ സ്വീകരിച്ച മാർഗത്തെ വിമർശിക്കാം, അഭിപ്രായവ്യത്യാസങ്ങൾ ഉന്നയിക്കാം. പക്ഷേ അവരുയർത്തിയ ഏറ്റവും പ്രസക്തമായ മുദ്രാവാക്യത്തെ അധികകാലം അധികൃതർക്ക് തമസ്കരിക്കാനാവില്ല. വിദ്യാ സമ്പന്നരുടെ തൊഴില്ലില്ലായ്മയുടെ വ്യാപ്തി രാജ്യത്ത് വർധിച്ചുവെന്നും ദാരിദ്ര്യത്തിന്റെ ആക്കം കൂടിയെന്നുമെല്ലാമുള്ള കണക്കുകൾ മുന്നിലുള്ളപ്പോഴാണ്, ഈ ചെറുപ്പക്കാരുടെ നീക്കം. അവർ ആരേയും വധിക്കാനോ അപായപ്പെടുത്താനോ ലക്ഷ്യമിട്ടിരുന്നില്ലെന്ന് വ്യക്തം. എന്നാൽ രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന തീഷ്ണമായ തൊഴിലില്ലായ്മയും ജനാധിപത്യ വിരുദ്ധതയുമെല്ലാം ശക്തമായ പ്രതിഷേധത്തിലൂടെ ലോകത്തിന്റെ മുന്നിൽ എത്തിക്കുകയായിരുന്നു. അതിൽ ഒരു പരിധിവരെ വിജയിച്ചെങ്കിലും കണ്ണടച്ച് ഇരുട്ടാക്കുകയാണ് കേന്ദ്രസർക്കാർ. ‘ഭരണഘടനയെ മാനിക്കാത്ത, ഏകാധിപത്യത്തോടുള്ള പ്രതിഷേധ’ മാണിതെന്ന് അവർ വ്യക്തമാക്കിയെങ്കിലും അതിനെ അവഗണിക്കുന്നു. വ്യവസ്ഥാപിത രാഷ്ട്രീയപാർട്ടികളുടെയും മറ്റു നിരവധി സംഘടനകളുടെയും പലവിധ പ്രതിഷേധങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും അവയെല്ലാം ‘പ്രതിപക്ഷ’മെന്ന ഒരു വിഭാഗത്തിൽ ഉൾപ്പെടുത്തി മാറ്റി നിർത്തുകയാണ് പതിവ്. അവിടെയാണ് ഇവരുടെ പ്രതിഷേധം അർത്ഥപൂർണമാകുന്നത്.

കൊട്ടിഘോഷിച്ച് കെട്ടിപ്പൊക്കിയ പുതിയ ‘അധികാര’ കോട്ടയ്ക്കുള്ളിൽ കയറി കടുത്ത പ്രതിഷേധത്തിന്റെ പുകച്ചുരുളുകൾ പടർത്തുകയായിരുന്നു ഈ യുവജനങ്ങൾ. ഇവർക്ക് രാജ്യത്തെ അല്പ നിമിഷമെങ്കിലും ഞെട്ടിക്കാൻ സാധിച്ചു. ഇവരുടെ രാഷ്ട്രീയപക്ഷവും പാരമ്പര്യവും നിറവും ജാതിയുമെല്ലാം ചികഞ്ഞെടുത്ത് ഏതെങ്കിലും ഗ്രൂപ്പിന്റെയോ രാഷ്ട്രീയ പാർട്ടികളുടെയോ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമങ്ങൾ കേന്ദ്രം ദ്രുതഗതിയിൽ തുടരുകയാണ്. പക്ഷേ ചിന്തിക്കുന്ന, ജനാധിപത്യ വിശ്വാസികളായ പൗരന്മാർക്ക് പാർലമെന്റ് പ്രതിഷേധത്തിന്റെ അർത്ഥം വ്യക്തമായിട്ടുണ്ടാകും. രാജ്യത്താകെ ഒരേ സാഹചര്യം നിലനിൽക്കുന്നുവെന്നതിന്റെ തെളിവാണ് മഹാരാഷ്ട്രയിലും ബിഹാറിലും കർണാടകയിലും ഹരിയാനയിലും രാജസ്ഥാനിലുമെല്ലാമുള്ളവർ ഒത്തുകൂടിയത്. അവർ ഉയർ‍ത്തിയത് ഇന്ന് രാജ്യത്തെ സാധാരണക്കാരുടെ പ്രധാന പ്രശ്നങ്ങളാണ്. കേന്ദ്ര സർക്കാർ അതവഗണിക്കുകയും അവരെ ഏതെങ്കിലും എതിർചേരിയിൽ തളച്ചിടാനുമാണ് ശ്രമിക്കുന്നത്. അസംതൃപ്തരായ ലക്ഷക്കണക്കിന് യുവജനങ്ങളുടെ മനസു തന്നെയാണ് പാർലമെന്റിലെ സന്ദർശക ഗാലറിയിലേക്ക് ‘ചാടിവീണത്’. അധികൃതർക്ക് അവരിൽ ചിലരെ മർദിച്ചൊതുക്കുവാനും ഭീകരരെന്ന് മുദ്രകുത്തി തുറുങ്കിലടയ്ക്കുവാനും സാധിച്ചേക്കാം. അവർ എത്തിയത് മറ്റാർക്കും വേണ്ടിയല്ല, അവർക്കും അവരെപ്പോലുള്ള ലക്ഷക്കണക്കിന് മനുഷ്യർക്കും വേണ്ടിയാണ്. അതിൽ ഒരു പ്രത്യേക രാഷ്ട്രീയത്തിന്റെ നിറമോ ചിഹ്നങ്ങളോ കാണില്ല.


ഇതുകൂടി വായിക്കൂ: ഇത് കേന്ദ്ര സര്‍ക്കാരിന്റെ സുരക്ഷാ വീഴ്ച


പക്ഷേ അവരുയർത്തിയ മുദ്രാവാക്യം ദുരിതമനുഭവിക്കുന്ന രാജ്യത്തെ സാധാരണക്കാരന്റെയാണ്. ഇനിയും ഇതാവർത്തിക്കാനുള്ള സാധ്യതകൾ വിദൂരമല്ല. രാഷ്ട്രീയത്തിനപ്പുറം രാഷ്ട്രവും പൗരന്മാരും ഉണ്ടെന്നുള്ള യാഥാർത്ഥ്യം ഭരണാധികാരികൾക്ക് ബോധ്യപ്പെട്ടില്ലെങ്കിൽ സമൂഹത്തിന്റെ അടിത്തട്ടിൽ നിന്നും ഇത്തരം പ്രതിഷേധങ്ങൾ പുകഞ്ഞുപൊന്തുക തന്നെ ചെയ്യും. പാർലമെന്റിന് പുറത്ത് പ്രതിഷേധത്തിന്റെ പുകയുയർത്തിയ 25കാരനായ അമോൽ ഷിൻഡെ സൈനികനാകാൻ ആഗ്രഹിച്ച് അതിനായി പ്രയത്നിച്ച് പരാജയപ്പെട്ട ഒരു മഹാരാഷ്ട്ര സ്വദേശിയാണ്. ഉയർന്ന വിദ്യാഭ്യാസ യോഗ്യതകളുണ്ടായിട്ടും ശരിയായവിധം പരിഗണിക്കപ്പെടാതെ പോയ സ്ത്രീകളുടെ പ്രതിനിധിയാണ് ഹരിയാനയിൽ നിന്നുള്ള 37കാരിയായ നീലം ദേവി. ലോക്‌സഭയിലേക്ക് ചാടിയിറങ്ങിയ 36കാരനായ കർണാടക സ്വദേശി മനോരഞ്ജനും കൂടെയുണ്ടായിരുന്ന ഹരിയാനക്കാരനായ 27കാരൻ സാഗർശർമയും സൂത്രധാരനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബിഹാറിയും കൊൽക്കത്ത നിവാസിയുമായ ലളിതുമെല്ലാം ഒന്നിച്ചു ചേർന്നത് ഭഗത്‌സിങ് യുവ ഫാൻ ക്ലബ്ബെന്ന വാട്സ്ആപ്പ് ഗ്രൂപ്പുവഴിയാണെന്നും പറയുന്നു. ഇവരെക്കുറിച്ചുള്ള അന്വേഷണത്തിൽ വ്യക്തമാകുന്നത് ഇവരെല്ലാം മാന്യമായി ജീവിച്ചിരുന്നവരും ഇത്തരമൊരു പ്രവർത്തി ആരും ഇവരിൽ നിന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നുമാണ്. ഭഗത്‌സിങ് പ്രതിഷേധിച്ചതിന് സമാനമായിരുന്നു ഇവരുടെയും പ്രതിഷേധമെന്നതും ശ്രദ്ധേയമാണ്.

1929 ഏപ്രിൽ എട്ടാം തീയതി ഡൽഹി സെൻട്രൽ അസംബ്ലിയിലെ സന്ദർശക ഗാലറിയിൽ നിന്നാണ് വിപ്ലവം ജയിക്കട്ടെ എന്നുദ്ഘോഷിച്ച് ഭഗത്‌സിങ് ബോംബ് എറിഞ്ഞത്. ഭാരത് മാതാ കീ ജയ്, ഞങ്ങൾ ദേശസ്നേഹികളാണ്, എന്നെല്ലാം ഇപ്പോഴത്തെ പ്രതിഷേധക്കാർ വിളിച്ചു പറഞ്ഞിരുന്നു. ഭാഗ്യവശാൽ ഇവരാരും ഇസ്ലാമുമായില്ല! പാർലമെന്റിലെ സുരക്ഷാവീഴ്ചയെക്കുറിച്ചും അക്രമിച്ച് കടന്നവരുടെ പശ്ചാത്തലവും അവർ പുക ചീറ്റിക്കാൻ വാങ്ങിയ ഷൂ എവിടെനിന്നാണെന്നും എല്ലാമുള്ള അന്വേഷണങ്ങളും റിപ്പോർട്ടുകളും വന്നുക്കൊണ്ടിരിക്കുന്നു. പ്രതിപക്ഷ എംപിമാർ സുരക്ഷാവീഴ്ചയുടെ കാരണം ചോദിച്ചതിനാൽ 14 പേരെ പുറത്താക്കുകയുമുണ്ടായി. പക്ഷേ ചോദ്യങ്ങളിൽ പ്രധാനമായും വരേണ്ടത് അവർ ഉന്നയിച്ച്, അവർ വിളിച്ചു പറഞ്ഞ മുദ്രാവാക്യങ്ങളെപ്പറ്റിയാണ്. നിർഭാഗ്യവശാൽ അവരുയർത്തിയ മുദ്രാവാക്യത്തെ ജനശ്രദ്ധയിൽ നിന്നും മാറ്റുവാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഉപരിപ്ലവമായ കാര്യങ്ങളാണ് ചർച്ചകൾക്ക് പ്രധാനവിഷയമായി തീരുന്നത്.


ഇതുകൂടി വായിക്കൂ:ഇവര്‍ രാജ്യത്തെ എങ്ങനെ സംരക്ഷിക്കും? 


2001ലെ പാർലമെന്റ് ആക്രമണത്തിന്റെ വാർഷികദിനത്തിൽ നടന്ന ഈ അക്രമത്തെ, അതുമായി താരതമ്യപ്പെടുത്തുവാനും കൂട്ടിക്കെട്ടുവാനുമുള്ള ദുർബലമായ ശ്രമങ്ങളും തുടരുന്നു. അന്നത്തേത് തീവ്രവാദസംഘടനയുടെ സൂയിസൈഡ് അറ്റാക്ക് ആയിരുന്നു. ആ അരുംകൊലകൾക്ക് ഒരു ന്യായീകരണവും തൃപ്തികരമാകില്ല. അവർ കൊല്ലാനും മരിക്കാനും തയ്യാറായി വന്ന തീവ്രവാദികളായിരുന്നു. ഉന്മൂലനമായിരുന്നു അവരുടെ ലക്ഷ്യം. ഇവർ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും പ്രാധാന്യം നൽകണമെന്നാണ് അലറി വിളിച്ചത്. ഏകാധിപത്യം അനുവദിക്കില്ലെന്നാണ് വിളിച്ചു പറഞ്ഞത്. ഇവർ ഒരു നിരോധിത സംഘടനയുടെയും അംഗങ്ങളാണെന്ന് ഇതുവരെ ഒരു അന്വേഷണ എജൻസിയും കണ്ടെത്തിയിട്ടില്ല. പാർലമെന്റിലെ സുരക്ഷാ വീഴ്ചയെപ്പറ്റി ചർച്ചകൾ ഇപ്പോഴും തുടരുകയാണ്. റെയ്ഡും ഭീഷണിയും യുഎപിഎ ചുമത്തിയും പ്രതിഷേധങ്ങളെയും പ്രതിപക്ഷങ്ങളെയും അടിച്ചമർത്താൻ എക്കാലവും ഭരണകൂടങ്ങൾക്ക് സാധ്യമല്ലെന്ന ചരിത്രം അധികാരിവർഗം മനസിലാക്കുന്ന കാലം വിദൂരമാകില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.