24 December 2024, Tuesday
KSFE Galaxy Chits Banner 2

രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷം മറച്ചുപിടിച്ച് കേന്ദ്രം

Janayugom Webdesk
ന്യൂഡല്‍ഹി
December 18, 2023 11:05 pm

തൊഴിലില്ലായ്മ കുറയുന്നുവെന്ന കേന്ദ്രസര്‍ക്കാരിന്റെ അവകാശ വാദങ്ങള്‍ ഒരു വശത്ത് ആഘോഷിക്കപ്പെടുമ്പോഴും ഇന്ത്യന്‍ യുവജനങ്ങള്‍ തൊഴില്‍ തേടി അലയുന്നു. കേന്ദ്ര സര്‍ക്കാര്‍ നടത്തിവരുന്ന സര്‍വേയിലെയും സ്വകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്ന സര്‍വേകളിലെയും അന്തരം കണക്കുകളുടെ ആധികാരികതയെയും ചോദ്യം ചെയ്യുന്നു. തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതിഷേധിച്ച് ആറു പേരുടെ സംഘം പാര്‍ലമെന്റില്‍ അതിക്രമം നടത്തിയതോടെ രാജ്യത്തെ തൊഴിലില്ലായ്മ പ്രധാന ചര്‍ച്ചാവിഷയമായി മാറിയിട്ടുണ്ട്. ഇവരില്‍ നാലു പേരും തൊഴില്‍ ലഭിക്കാത്തവരാണ് എന്നത് ഏറെ ശ്രദ്ധേയമായിരുന്നു. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണെന്ന ആരോപണം ഊട്ടി ഉറപ്പിക്കുകയാണ് പാര്‍ലമെന്റ് സുരക്ഷാ വീഴ്ച എന്ന് പ്രതിപക്ഷപാര്‍ട്ടികളും ചൂണ്ടിക്കാട്ടുന്നു.
കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേ (പിഎല്‍എഫ് എസ്) പ്രകാരം 2022–23 ല്‍ 3.2 ശതമാനമായി തൊഴിലില്ലായ്മ കുറഞ്ഞതായി കേന്ദ്രം അവകാശപ്പെടുന്നു. എന്നാല്‍ സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യൻ എക്കോണമി (സിഎംഐഇ) കണക്കുകള്‍ പ്രകാരം നടപ്പ് സാമ്പത്തിക വര്‍ഷം തൊഴിലില്ലായ്മ 10.82 ശതമാനമായി ഉയര്‍ന്നു. നഗര മേഖലയില്‍ തൊഴിലില്ലായ്മയില്‍ ചെറിയ തോതില്‍ കുറവുണ്ടായിട്ടുള്ളതായും സിഎംഐഇ പറയുന്നു. കണക്കുകള്‍ വ്യത്യസ്തമാണെങ്കിലും 3.5 മുതല്‍ നാലുകോടി വരെ യുവാക്കള്‍ തൊഴിലിനായി അലയുന്നതായി സിഎംഐഇയും പിഎല്‍എഫ്എസും വ്യക്തമാക്കുന്നു. 

രാജ്യത്ത് തൊഴിലില്ലായ്മ കുറഞ്ഞു വരുന്നതായാണ് പിഎല്‍എഫ്എസ് കണക്കുകള്‍ ഉദ്ധരിച്ച് തൊഴില്‍ സഹമന്ത്രി രാമേശ്വര്‍ തെലി കഴിഞ്ഞദിവസം ലോക്‌സഭയില്‍ അറിയിച്ചത്. 2018–19 കാലയളവില്‍ തൊഴിലില്ലായ്മ നിരക്ക് 5.8, 2019–20ല്‍ 4.8, 2020–21ല്‍ 4.1 ശതമാനം എന്നിങ്ങനെയായിരുന്നുവെന്നും മറുപടിയിലുണ്ട്. എന്നാല്‍ അഭ്യസ്തവിദ്യര്‍ക്കിടയില്‍ തൊഴിലില്ലായ്മ കൂടുന്നതായാണ് കണക്ക്. 2022–23ല്‍ 13.4 ശതമാനമാണ് അഭ്യസ്തവിദ്യര്‍ക്കിടയില്‍ തൊഴിലില്ലായ്മ. ഗ്രാമീണ മേഖലയില്‍ തൊഴിലില്ലായ്മ 6.1 ശതമാനത്തില്‍ നിന്ന് 3.2 ശതമാനമായി കുറഞ്ഞതായും പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേ പറയുന്നു. 

സ്ത്രീകള്‍ക്കിടയിലെ തൊഴിലില്ലായ്മ മൂന്ന് വര്‍ഷത്തിനിടെ 2.9 ശതമാനമായി കുറഞ്ഞതായി തെലി രാജ്യസഭയെയും അറിയിച്ചു. 2020–21ല്‍ ഇത് 3.5 ശതമാനമായിരുന്നു എന്നും കേന്ദ്രമന്ത്രി പറയുന്നു. പുരുഷന്മാരില്‍ തൊഴിലില്ലായ്മ നിരക്ക് 3.3 ശതമാനമാണ്. നഗരങ്ങളിലെ സ്ത്രീകള്‍ക്കിടയിലാണ് തൊഴിലില്ലായ്മ ഉയര്‍ന്നു നില്‍ക്കുന്നത്. 7.5 ശതമാനം. ബിരുദധാരികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറവ് ചണ്ഡീഗഢിലാണ്. 5.6 ശതമാനം, തൊട്ടുപുറകിലുള്ള ഡല്‍ഹിയില്‍ 5.7 ശതമാനമാണ്.
സിഎംഐഇ കണക്കുകള്‍ അനുസരിച്ച് 2022ല്‍ ഹരിയാനയിലാണ് ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ നിരക്ക്-37.4 ശതമാനം. പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേ കണക്കുകളില്‍ ഇത് 8.3 ശതമാനമാണ്. ഇത് ദേശീയ ശരാശരിയായ 4.1 ശതമാനത്തെക്കാള്‍ കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലേബര്‍ ഫോഴ്സ് സര്‍വേ അനുസരിച്ച് ഹരിയാന തൊഴിലില്ലായ്മ നിരക്കില്‍ അഞ്ചാം സ്ഥാനത്തും തൊഴിലില്ലായ്മ 3.2 ശതമാനമായി കുറഞ്ഞതായും പറയുന്നു.
ലോകത്തിലെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കളാണ് ഇന്ത്യൻ റെയില്‍വേ പോലും തൊഴില്‍ നല്‍കുന്നതില്‍ പിന്നോട്ട് പോകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. റെയില്‍വേ നിയമനങ്ങളിലെ ക്രമക്കേട് ചൂണ്ടികാട്ടി നിരവധി യുവാക്കളാണ് ബിഹാറില്‍ പ്രതിഷേധിച്ചത്. 2022 ജൂണില്‍ അഗ്നിപഥ് നിയമനങ്ങളിലും സമാനമായ ആരോപണം ഉയര്‍ന്നിരുന്നു.

Eng­lish Sum­ma­ry: The Cen­ter is hid­ing the severe unem­ploy­ment in the country

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.