19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 21, 2023
October 26, 2023
February 5, 2023
January 20, 2023
January 1, 2023
June 24, 2022
June 17, 2022
May 31, 2022
March 19, 2022

‘നേരി‘ന് വിജയിക്കാതിരിക്കാനാവില്ലല്ലോ

രാജഗോപാല്‍
December 21, 2023 3:07 pm

ആ​ഗസ്റ്റ് രണ്ടിന് ധ്യാനത്തിന് പോയ ജോർജ്ജുകുട്ടിയെയും കുടുംബത്തെയും പത്ത് വർഷത്തിന് ശേഷവും വിടാതെ പിന്തുടരുന്ന മലയാളി മനസുകൾക്ക് മറ്റൊരു ത്രില്ലിം​ഗ് അനുഭവമാകും 2022 ഡിസംബർ 27 ചൊവ്വാഴ്ച പീഡനത്തിനിരയായ പെൺകുട്ടിക്ക് വേണ്ടി കേസ് വാദിക്കാനെത്തുന്ന അഡ്വ. വിജയമോഹനന്റെ അന്വേഷണവും. 

പട്ടാപ്പകൽ സ്വന്തം വീട്ടിൽ ബലാൽസം​ഗത്തിനിരയാകുന്ന അന്ധയായ പെൺകുട്ടിയായ സാറയുടെ പ്രതിയെ കുറിച്ചുള്ള തിരിച്ചറിവുകളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. സിനിമയുടെ ആദ്യ 20 മിനിറ്റുകളിലൂടെ സാറയിലൂടെ കണ്ടെത്തിയ പ്രതിയെ കോടതിയിലെത്തിക്കുന്നതിനും ശിക്ഷ ലഭ്യമാക്കുന്നതിലുമുള്ള ത്രില്ലിം​ഗ് എക്സിപീരിയൻസിലൂടെയാണ് അടുത്ത രണ്ടേ കാൽ മണിക്കൂറോളം നേര് സഞ്ചരിക്കുന്നത്. 

അഡ്വ. വിജയ മോഹനൻ എന്ന അഡ്വക്കേറ്റിന്റെ സാറയ്ക്ക് നീതി ലഭിക്കാൻ വേണ്ടിയുള്ള പോരാട്ടമാണ് ആ രണ്ടേ കാൽ മണിക്കൂർ…
ജിത്തു ജോസഫും ശാന്തി മായാദേവിയും ചേർന്ന് രചിച്ച സ്ക്രിപ്റ്റാണ് നേരിന്റെ യഥാർത്ഥ ശക്തി. ജീവിത്തതിലൊരിക്കലും കോടതി കയറിയിട്ടില്ലാത്ത എന്നെ പോലുള്ളവർക്ക് പോലും കൺവിൻസ് ചെയ്യാവുന്ന രീതിയിൽ സിനിമയൊരുക്കിയിട്ടുണ്ട്. കോടതിയിലെയും സമൂഹമാധ്യമങ്ങളിലെയും കോട്ടിട്ടതും അല്ലാത്തതുമായ വക്കീലൻമാർ അവരുടെ വാദമുഖങ്ങളുമായി നേരിനെ സമൂഹമാധ്യമങ്ങളിൽ എത്തുമെന്നുറപ്പാണ്. പക്ഷേ അതൊന്നും കാശ് കൊടുത്ത് ടിക്കറ്റെടുത്ത് കയറുന്ന സാധാരണ പ്രേക്ഷകരെ ബാധിക്കില്ലെന്നുറപ്പാണ്. 

കഴിഞ്ഞ കുറച്ചുകാലമായുള്ള പ്രകടനങ്ങളിൽ നിന്നും മാറി സഞ്ചരിച്ച മോഹൻലാലിലെ നടന് ഒരു പൂപറിക്കാവുന്ന പോലെ ഈസിയായി തന്നെ അവതരിപ്പിക്കാവുന്ന ഒരു കഥാപാത്രമാണ് അഡ്വ. വിജയമോഹൻ. വലിയ ആർഭാടമൊന്നുമില്ലാത്ത വിജയമോഹൻ എന്ന കഥാപാത്രത്തിന്റെ സ്ക്രീൻ എൻട്രിയും ആൾക്കൂട്ടത്തിൽ നായകൻ അലിഞ്ഞുചേരുന്ന ക്ലൈമാക്സുമൊക്കെ മോഹൻലാലിലെ താരത്തിനു പിന്നാലെയല്ലാതെ നടന് പിന്നാലെ ക്യാമറ വച്ചതിന്റെ തെളിവാണ്. തട്ടുപൊളിപ്പൻരം​ഗങ്ങളില്ലാത്ത ഇത്തരമൊരു സിനിമയ്ക്ക് കാശ് മുടക്കിയതിന് ആന്റണിക്ക് തക്കതായ പ്രതിഫലം മലയാളികൾ നൽകാതിരിക്കില്ല. 

സിദ്ദിഖിന്റെ പ്രതിഭാ​ഗം അഡ്വക്കേറ്റിന്റെ കഥാപാത്ര സൃഷ്ടിയാണ് നേരിലെ മറ്റൊരു ശ്രദ്ധാകേന്ദ്രം. ഒരിക്കൽ തന്റെ അസിസ്റ്റന്റായിരുന്ന വിജയമോഹനനെ തരംകിട്ടുമ്പോഴെല്ലാം ഹറാസ് ചെയ്യാനുള്ള ശ്രമങ്ങൾ തിയേറ്ററിൽ വെറുപ്പുളവാക്കുന്നത് ആ കഥാപാത്രത്തിന് പിന്നിൽ സിദ്ദിഖ് എന്ന നടനുള്ളതുണ്ട് .ഇതിന് മുകളിലും കോടതിയുണ്ടെന്ന രീതിയില്‍ തോല്‍വികളേറ്റുവാങ്ങിയിട്ടും പറയുന്ന ദാര്‍ഷ്ട്യം ആ കഥാപാത്ര സൃഷ്ടിയുടെ ശക്തിയാണ്.

അതിജീവിതയായ സാറയെ അവതരിപ്പിച്ച അനശ്വര രാജനും നല്ല പ്രകടനം കാഴ്ചവച്ചു. നിരവധി ലെയറുകളുള്ള ഒരു കഥാപാത്രമാണ് ജ​ഗദീഷ് അവതരിപ്പിച്ച അഹമ്മദ്. 2023 ൽ തിയേറ്ററിൽ വ്യത്യസ്ഥ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായിക്കൊണ്ടിരുന്ന ജ​ഗദീഷിന്റെ വർഷാവസാന പ്രകടനവും മോശമായില്ല. പ്രിയാമണിയുടെ അഡ്വ. പൂർണ്ണിമയെന്ന വേഷം അവരുടെ കയ്യൊപ്പ് പകർന്നതാണ്. ചെയ്യുന്നത് തെറ്റാണെന്ന് പൂർണ്ണബോധ്യമുണ്ടായിട്ടും അഡ്വക്കേറ്റ് കുപ്പായമണിഞ്ഞതുകൊണ്ട് മാത്രം കുറ്റവാളിയോടൊപ്പം നിൽക്കേണ്ടി വന്ന നിസ്സഹായത അവർ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. തിരക്കഥാകൃത്തുകൂടിയായ ശാന്തിമായാദേവിയുടെ കഥാപാത്രവും മികച്ചതായിരുന്നു. ​ഗണേഷ് കുമാർ, നന്ദു, ദിനേശ് പ്രഭാകർ, കൃഷ്ണപ്രഭ, ഷെഫ് പിള്ള തുടങ്ങിയ ഒട്ടനവധി താരങ്ങൾ കൂടി നേര് തേടിയുള്ള യാത്രയിലുണ്ട്. 

വെള്ളിത്തിരയിൽ നിന്നും മിനിസ്ക്രീനിലേക്കും മൊബൈൽ സ്ക്രീനിലേക്കുമുള്ള സിനിമയുടെ ഓട്ടത്തിന്റെ ദൈർഘ്യം കുറഞ്ഞുവരുന്ന ഇക്കാലത്ത് നേരിന്റെ തിയേറ്റർ വിജയം കണക്കാക്കാനാവില്ല. പ്രത്യകിച്ചും ആദ്യ ദിവസം നേര് പ്രദർശിപ്പിക്കുന്ന പല തിയേറ്ററുകളും നാളെ മുതൽ സലാർ എന്ന പാൻ ഇന്ത്യൻ ചിത്രത്തിന് വേണ്ടി ബുക്ക് ചെയ്ത് നിർത്തിയിരിക്കുന്നതുകൊണ്ട്. പക്ഷേ നേരിന് ഒരിക്കലും വിജയിക്കാതിരിക്കാനാവില്ലല്ലോ.. മോഹൻലാലിലെ നടനെ സ്നേഹിക്കുന്ന പ്രേക്ഷകർ കാത്തിരിക്കുന്ന മാറ്റത്തിന്റെ തുടക്കമാവട്ടെ നേരെന്ന് ആശിക്കാം.

Eng­lish Summary;‘Neru’ can­not fail to win
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.