22 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 15, 2025
January 3, 2025
January 3, 2025
December 28, 2024
November 28, 2024
November 27, 2024
November 15, 2024
October 28, 2024
October 25, 2024
October 24, 2024

സ്വപ്നരാജ്യത്തേക്കുള്ള ദുര്‍ഘട വഴി: ഡാരിയൻ ഗ്യാപ്

Janayugom Webdesk
വാഷിങ്ടണ്‍ ‍‍ഡിസി
December 23, 2023 10:31 pm

പനാമ വനത്തിനുള്ളിലെ ആപത്തുകള്‍ അറിഞ്ഞിട്ടും ഡാരിയൻ ഗ്യാപ്പിലൂടെയുള്ള അനധികൃത കടന്നു കയറ്റം തുടരുന്നു. തങ്ങളുടെ പ്രിയ രാജ്യങ്ങളായ യുഎസിലേക്കും കാനഡയിലേക്കും എത്തിപ്പെടാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ ദുര്‍ഘട പാത. കഴിഞ്ഞദിവസം ഫ്രാന്‍സില്‍ തടഞ്ഞുവച്ച ഇന്ത്യക്കാരുടെ ലക്ഷ്യം ഡാരിയന്‍ ഗ്യാപ് ആയിരുന്നുവെന്ന് വിലയിരുത്തപ്പെടുന്നു. യുഎസിലേക്കും കാനഡയിലേക്കും അനധികൃത കുടിയേറ്റം നടത്തുന്നവര്‍ സാധാരണയായി ഉപയോഗിച്ചുവരുന്ന ഒരു മാര്‍ഗമാണ് ഡാരിയൻ ഗ്യാപ്. നിരവധി മരണങ്ങള്‍ക്കും അപകടങ്ങള്‍ക്കും പ്രദേശം സാക്ഷിയായിട്ടുമുണ്ട്. മധ്യ അമേരിക്കൻ, തെക്കൻ അമേരിക്കൻ രാജ്യങ്ങളില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയതോടെ സാധാരണ കടന്നു കൂടുന്ന മേഖലയിലൂടെയുള്ള മനുഷ്യക്കടത്ത് സാധ്യമാകാതെ വന്നു. എല്‍ സാല്‍വദോര്‍, ഇക്വഡോര്‍, പനാമ, മെക്സിക്കോ, കൊളംബിയ, ബ്രസീല്‍, ഗ്വാട്ടിമാല തുടങ്ങിയ രാജ്യങ്ങളിലൂടെയുള്ള പാതയാണ് അനുകൂലമെന്ന് ഫിനാൻഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

തെക്കൻ അമേരിക്കയാണ് ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ കുടിയേറ്റക്കാര്‍ ആശ്രയിക്കുന്നത്. രാഷ്ട്രീയ വെല്ലുവിളികള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കുടിയേറ്റക്കാരുടെ എണ്ണത്തിലും വര്‍ധന ഉണ്ടായിട്ടുണ്ട്. അനധികൃത കുടിയേറ്റം തടയുന്നതിനായി എല്‍ സാല്‍വദോര്‍, കോസ്റ്റാറിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നിരവധി നടപടികളും ആരംഭിച്ചിരുന്നു. അനധികൃത കുടിയേറ്റം തടയുന്നതിനായി പ്രത്യേകിച്ച് ഇന്ത്യയില്‍ നിന്നുള്ള അനധികൃത കുടിയേറ്റം തടയുന്നതിനായി രാജ്യത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് 400 യുഎസ് ഡോളറാണ് ഈടാക്കുന്നത്. എന്നാല്‍ അവയൊന്നും തന്നെ ഫലപ്രദമല്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കോസ്റ്റാറിക്കയില്‍ ഇത് 1700 യുഎസ് ഡോളറാണ്.
കൊളംബിയ‑പനാമ അതിര്‍ത്തിയിലെ ഒരു ‘നിയമരഹിത’ മേഖലയാണ് ഡാരിയൻ ഗ്യാപ്. വിഷ പാമ്പുകള്‍, തീവ്രവാദികള്‍ എന്നിവരുടെ വാസസ്ഥലം കൂടിയാണ് മേഖല. നടന്നല്ലാതെ ഇത് കടക്കുകയും സാധ്യമല്ല. മരണം, തട്ടിക്കൊണ്ടുപോകല്‍, കൊള്ള എന്നിവ നേരിട്ടു വേണം യുഎസിലേക്കോ കാനഡയിലേക്കോ എത്തിപ്പെടാൻ. ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷൻ ഫോര്‍ മൈഗ്രേഷൻ കണക്കനുസരിച്ച് നികരാഗ്വയില്‍ നിന്ന് ഹോണ്ടൂറാസിലേക്കുള്ള കുടിയേറ്റത്തില്‍ 553 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍ ഡാരിയൻ ഗ്യാപ് വഴിയുള്ള കടന്നുകയറ്റത്തില്‍ 65 ശതമാനം കുറവുണ്ടായി. ജനുവരി മുതല്‍ ജൂലൈ വരെ 4,100 പേരാണ് ഇതുവഴി നുഴഞ്ഞുകയറിയതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 

വെള്ളിയാഴ്ച ഫ്രാന്‍സില്‍ അടിയന്തരമായി ഇറക്കിയ വിമാനവും ഡാരിയന്‍ ഗ്യാപ് ലക്ഷ്യമിട്ടാണ് എത്തിയതെന്നാണ് സൂചന. ദുബായില്‍ നിന്ന് നിക്കരാഗ്വയ്ക്ക് പോകുകയായിരുന്ന വിമാനമാണ് ഫ്രാൻസ് തടഞ്ഞത്. ഇതില്‍ 303 ഇന്ത്യന്‍ യാത്രക്കാരുണ്ടായിരുന്നു. വിമാനത്തില്‍ കൂടുതലുണ്ടായിരുന്നത് കുട്ടികളും യുവാക്കളും സ്ത്രീകളുമായിരുന്നു എന്നതും സംശയം വര്‍ധിപ്പിച്ചു. ഇവരെല്ലാവരും ഇന്ത്യക്കാരാണോ ? എങ്കില്‍ എവിടെ നിന്നും വരുന്നു? ഇതിന് പിന്നില്‍ ആര് എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിച്ചിട്ടുമില്ല. രക്ഷിതാക്കളില്ലാതെ വിമാനത്തിലുണ്ടായിരുന്ന കുട്ടികള്‍ സംശയം ശക്തമാക്കി.

റൊമാനിയാന്‍ ലെജന്‍ഡ് എയര്‍ലൈന്‍സ് വിമാനമാണ് ഫ്രാന്‍സിലെ വദ്രി വിമാനത്താവളത്തില്‍ അധികൃതര്‍ തടഞ്ഞുവച്ചത്. ഫ്രഞ്ച് കുറ്റകൃത്യ വിഭാഗത്തിലെ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. അതിര്‍ത്തി പൊലീസ്, ഏവിയേഷൻ ജെൻഡര്‍ ആംസ്, എന്നിവരാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. തിരിച്ചറിയല്‍ പരിശോധന, ഗതാഗത സംവിധാനം, യാത്രാ ലക്ഷ്യം എന്നിവ സംഘം പരിശോധിക്കും. യാത്രക്കാര്‍ സുരക്ഷിതരാണെന്നും അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മനുഷ്യക്കടത്ത് ആരോപണം ഉയര്‍ന്നതിന് പിന്നാലെ സംഭവത്തെക്കുറിച്ച് ജുഡിഷ്യല്‍ അന്വേഷണം നടത്താന്‍ ഫ്രഞ്ച് പൊലീസ് ഉത്തരവിട്ടിട്ടുണ്ട്. മനുഷ്യക്കടത്ത് ഏറെ ആശങ്കയുളവാക്കുന്നതാണെന്നും കൂടുതല്‍ ശ്രദ്ധ ആവശ്യമാണെന്നുമുള്ള സന്ദേശമാണ് സംഭവം വ്യക്തമാക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു. 

Eng­lish Summary;The rugged road to dream­land: the Darien Gap
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.