കാനഡയില്‍ ജോലിക്ക് വിസ വാഗ്ദാനം ചെയ്ത് വയനാട് കല്‍പ്പറ്റ സ്വദേശിനിയില്‍ നിന്നും 17 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ നൈജീരിയ സ്വദേശി പിടിയില്‍. നൈജീരിയന്‍ സ്വദേശി മോസസിനെയാണ് ബംഗളൂരുവില്‍ നിന്ന് വയനാട് പൊലീസ് പിടികൂടിയത്. ഒരു വെബ്സൈറ്റില്‍ പെണ്‍കുട്ടി നല്‍കിയ വിവരങ്ങള്‍ ചോര്‍ത്തിയാണ് പ്രതി തട്ടിപ്പ് നടത്തിയതെന്ന് വയനാട് എസ്പി പറഞ്ഞു.
കഴിഞ്ഞ ഒക്ടോബറില്‍ പെണ്‍കുട്ടി മെഡിക്കല്‍ കോഡിങ് ജോലിക്കുവേണ്ടി വിവിധ സൈറ്റുകളില്‍ അപേക്ഷ നല്‍കിയത്. കാനഡ വിസ ഏജന്‍സി എന്ന് പരിചയപ്പെടുത്തി വാട്‌സാപ്പും ഇ‑മെയിലും വഴിയുമാണ് ഇയാള്‍ പെണ്‍കുട്ടിയെ ബന്ധപ്പെട്ടത്. വിശ്വസിപ്പിക്കാനായി എമിഗ്രേഷന്‍ സൈറ്റില്‍ ഇയാള്‍ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ അപ്ലോഡ് ചെയ്തു. വിമാനടിക്കറ്റും ബുക്കുചെയ്തു നല്‍കി.
ഇതേത്തുടര്‍ന്ന് 17 ലക്ഷം രൂപ ഇയാള്‍ക്ക് കൈമാറി. വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് സംശയം തോന്നി പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുന്നത്. ഇന്ത്യന്‍ അക്കൗണ്ടിലേക്ക് മാറ്റിയ ആറുലക്ഷംരൂപ പൊലീസ് തിരിച്ചുപിടിച്ചിരുന്നു. നൈജീരിയന്‍ അക്കൗണ്ടിലേക്കാണ് ബാക്കി 11 ലക്ഷം മാറ്റിയിരിക്കുന്നത്. ഇയാള്‍ വാട്സാപ്പ് ഉപയോഗിച്ച ഫോണിന്റെ ഐപി അഡ്രസ് പിന്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
2014 മുതല്‍ ബെംഗളൂരുവില്‍ താമസിക്കുന്ന ഇയാള്‍ അവിടെ ഡിജെ പാര്‍ട്ടികള്‍ നടത്തിവന്നിരുന്നു. മാസത്തില്‍ ഒറ്റത്തവണയാണ് ഡിജെ പാര്‍ട്ടി സംഘടിപ്പിക്കുക. ബാക്കി ഓണ്‍ലൈന്‍ തട്ടിപ്പ് തന്നെയാണ് ഇയാളുടെ ജോലി. വര്‍ഷങ്ങളായി ഇയാള്‍ തട്ടിപ്പുനടത്തി വരികയാണെന്ന് എസ്പി പറഞ്ഞു. പ്രതിയുടെ കൈയില്‍ നിന്ന് 15 വ്യാജ സിംകാര്‍ഡുകള്‍,രണ്ട് ലാപ്ടോപ്, നാല് മൊബൈല്‍ഫോണുകള്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്.
English Summary;A Nigerian arrested for extorting 17 lakhs by promising him a work visa
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.