11 May 2024, Saturday

Related news

May 10, 2024
May 6, 2024
May 5, 2024
May 4, 2024
May 3, 2024
May 1, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024

സംസ്ഥാനത്തെ ബീച്ച് ടൂറിസം ഫലപ്രദമായി നടപ്പാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

Janayugom Webdesk
തിരുവനന്തപുരം
December 25, 2023 2:58 pm

വാട്ടര്‍ സ്പോര്‍ട്സിന് ഏറെ അനുയോജ്യമാണ് സംസ്ഥാനത്തെ ബീച്ചുകളെന്നും, അതിനെ വിപൂലീകരിക്കാനുള്ള വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുമെന്നും സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. വര്‍ക്കലയിലെ ഫ്ലോട്ടിംങ് ബ്രിഡ്ജിന്റെയും ബീച്ചിലെ ജല കായിക പ്രവര്‍ത്തനങ്ങളുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി മുഹമ്മദ് റിയാസ്,കേരളത്തിലെ ബീച്ച് ടൂറിസം ഫലപ്രദമായി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. 

മറ്റ് സ്ഥലങ്ങളിലേതുപോലെ കേരളത്തിലും വാട്ടർ സ്പോർട്സിന്റെ സാധ്യതകളെ ഉപയോ​ഗപ്പെടുത്തേണ്ടതുണ്ട്. ഫ്ലോട്ടിങ് ബ്രിഡ്ജുകൾക്ക് ഏറെ ജനപ്രീതി കിട്ടി. കൂടുതൽ ഇടങ്ങളിലായി ഇത് വ്യാപിപ്പിക്കും. മറ്റ് ഇടങ്ങളിലേക്ക് ഇത്തരം കാര്യങ്ങൾതേടി പോകേണ്ടതില്ല. ഇത് സാമ്പത്തികമായ അഭിവൃദ്ധിയുണ്ടാകും ഒപ്പം ജോലി സാധ്യതയും സംസ്ഥാനത്ത് വർധിപ്പിക്കും. ടൂറിസത്തിന്റെ ഇത്തരം സാധ്യതകളെ ഫലപ്രദമായി ഉപയോ​ഗപ്പെടുത്താൻ സർക്കാർ നിശ്ചയിച്ചിട്ടുണ്ട്.മറ്റ് ജില്ലകളിലും ഫ്ലോട്ടിങ് ബ്രിഡ്ജ് ആരംഭിക്കും. കേരളത്തെ ബീച് ടൂറിസം, വാട്ടർ സ്പോർട്സ് അവസരങ്ങളെ തടസ്സപ്പെടുത്താൻ ചില ലോബികൾ ശ്രമിക്കുന്നുണ്ട്. അതിന് ചില മാധ്യമങ്ങളും കൂട്ടുനിൽക്കുകയാണ്. 

ഇത്തരം കുപ്രചരണങ്ങൾ അവസാനിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതികൾക്ക് എല്ലാം പോരായ്മകൾ ഉണ്ടോ എന്നുമാത്രം അന്വേഷിച്ച് നടക്കുകയാണ് പലരും. ചാവക്കാട്ടെ ഫ്ലോട്ടിങ് ബ്രിഡ്ജ് കാലാവസ്ഥയിൽ വന്ന മാറ്റം കാരണം അഴിച്ചുമാറ്റിയപ്പോൾ ചാവക്കാട്ടെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നു എന്നാണ് മാധ്യമങ്ങൾ വാർത്ത നൽകിയത്. പല മാധ്യമങ്ങളും ഒന്നാം പേജിൽ തന്നെ ബ്രിഡ്ജ് തകർന്നു എന്ന് വാർത്ത നൽകി. ഇത്തരം വാർത്തകൾ കൊടുക്കുന്നതിലൂടെ സാധ്യതകളെ കൂടിയാണ് ഇല്ലാതെയാക്കുന്നത്. ചാവക്കാട് ഫ്ലോട്ടിങ് ബ്രിഡ്ജ് ഇന്നും നല്ല രീതിയിൽ പ്രവർത്തിക്കുന്നു. ലോബിയല്ല, എന്ത് വന്നാലും കേരളത്തിൽ ബീച്ച് ടൂറിസം നടപ്പിലാക്കും. വർക്കല ടൂറിസത്തിന് വേണ്ടി മാസ്റ്റർ പ്ലാൻ തയ്യാറാക്കി എന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ ഏഴാമത്തെ ഫ്ലോട്ടിങ് ബ്രിഡ്ജാണ് വർക്കലയിലേത്. കടലിനു മുകളിൽ പൊങ്ങിക്കിടക്കുന്ന പാലത്തിലൂടെ തിരമാലകളുടെ ചലനത്തിനൊപ്പം സഞ്ചരിക്കാനാകുമെന്നതാണ് ഫ്ളോട്ടിങ് ബ്രിഡ്ജിന്റെ സവിശേഷത.

100 മീറ്റർ നീളവും മൂന്ന് മീറ്റർ വീതിയുമുള്ള പാലത്തിന് ഇരുവശങ്ങളിലും തൂണുകളുമുണ്ട്. പാലം അവസാനിക്കുന്നിടത്ത് 11 മീറ്റർ നീളവും ഏഴ് മീറ്റർ വീതിയുമുള്ള ഒരു പ്ലാറ്റ് ഫോം ഉണ്ട്. ഇവിടെനിന്ന് സന്ദർശകർക്ക് കടൽക്കാഴ്ചകൾ ആസ്വദിക്കാം. ഒരേസമയം 100 സന്ദർശകർക്ക് ബ്രിഡ്‌ജിൽ പ്രവേശിക്കാം. രാവിലെ 11 മുതൽ വൈകുന്നേരം 5 വരെയാണ് പ്രവേശനം.ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, വർക്കല മുനിസിപ്പാലിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ടൂറിസം വകുപ്പ് വർക്കലയിലെ ഫ്ളോട്ടിങ് ബ്രിഡ്‌ജ് സ്ഥാപിച്ചത്. 700 കിലോഗ്രാം ഭാരമുള്ള നങ്കൂരം ഉപയോഗിച്ചാണ് പാലത്തെ ഉറപ്പിച്ചു നിർത്തിയിരിക്കുന്നത്. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന 1400 ഹൈ ഡെൻസിറ്റി ഫ്ളോട്ടിങ് പോളി എത്തിലീൻ ബ്ലോക്കുകൾ ഉപയോഗിച്ചാണ് പാലം നിർമ്മിച്ചത്. സുരക്ഷാ ബോട്ടുകൾ, ലൈഫ് ജാക്കറ്റ്, ലൈഫ് ഗാർഡുകൾ എന്നിവയുൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.

Eng­lish Summary:
Min­is­ter Muham­mad Riaz said that beach tourism in the state will be imple­ment­ed effectively

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.