22 January 2025, Wednesday
KSFE Galaxy Chits Banner 2

ചുങ്കം കുറച്ചു; കാലാവധി നീട്ടി; കേരകർഷകർക്ക് ഇരുട്ടടിയായി പാമോലിൻ ഇറക്കുമതി

ബേബി ആലുവ
കൊച്ചി
December 26, 2023 10:53 pm

പാമോലിൻ ഇറക്കുമതി നികുതിയിൽ വരുത്തിയ കുറവ് ഒരു വർഷത്തേക്കുകൂടി നീട്ടിയ കേന്ദ്ര നടപടി രാജ്യത്തെ കേരകർഷകർക്ക് വൻ തിരിച്ചടിയായി. ഇറക്കുമതി കുറയ്ക്കണമെന്നും നികുതി 30 ശതമാനമായി വർധിപ്പിക്കണമെന്നുമുള്ള മുറവിളി വ്യാപകമായി ഉയരുന്നതിനിടെയാണ് കർഷകരെ കുത്തുപാളയെടുപ്പിക്കുന്ന നടപടി. പാമോലിന്റെ ഇറക്കുമതി തീരുവ 17.5 ശതമാനമായിരുന്നത് അഞ്ച് ശതമാനം കുറച്ച് 12.5 ശതമാനമാക്കി 2024 മാർച്ച് 31 വരെ കഴിഞ്ഞ ജൂണിൽ നീട്ടിയിരുന്നു. അതാണ്, രാജ്യത്തെ വൻകിട ഭക്ഷ്യ എണ്ണക്കമ്പനികളുടെ സമ്മർദത്തിന് വഴങ്ങി ഒരു വർഷത്തേക്ക് വീണ്ടും നീട്ടി നൽകിയിരിക്കുന്നത്. ഇതോടെ, ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യ എണ്ണ ഉല്പാദക — വിപണന സ്ഥാപനങ്ങളിലൊന്നായ, അഡാനിയുടെ ഉടമസ്ഥതയിലുള്ള അഡാനി — വില്‍മർ ലിമിറ്റഡിനും മറ്റും വൻതോതിൽ ഇറക്കുമതി നടത്തുന്നതിനും, ഇന്തോനേഷ്യയിലെയും മലേഷ്യയിലെയും പാമോലിൻ സ്റ്റോക്ക് ഗണ്യമായി കുറയ്ക്കുന്നതിനും വഴി തെളിഞ്ഞിരിക്കുകയാണ്. 

തെങ്ങിനെ ആശ്രയിക്കുന്ന രാജ്യത്തെ 12 ദശലക്ഷം കൃഷിക്കാരെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിട്ട്, അഡാനി കയ്യടക്കി വച്ചിരിക്കുന്ന ഭക്ഷ്യ എണ്ണ വിപണിയെ അമിത ലാഭത്തിൽ നിലനിർത്തുക എന്ന ഗൂഢതന്ത്രവും വിജയം കണ്ടിരിക്കുകയാണ്.
ഏറ്റവുമധികം ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. മുംബൈ ആസ്ഥാനമായ സോൾവെന്റ് എക്സ്ട്രാക്ടേഴ്സ് അസോസിയേഷന്റെ (എസ്ഇഎ) കണക്ക് പ്രകാരം, 2022–23 എണ്ണ വർഷത്തിലെ ആദ്യ 11 മാസത്തിനുള്ളിൽ പാമോലിൻ ഇറക്കുമതി 29.21 ശതമാനം ഉയർന്ന് 90. 80 ലക്ഷം ടണ്ണിലെത്തിയിരുന്നു. മുൻ വർഷം ഇത് 70. 28 ലക്ഷം ടണ്ണായിരുന്നു. കഴിഞ്ഞ മാസം ഇന്തോനേഷ്യൻ, മലേഷ്യൻ കമ്പനികൾ സോയ‑സൂര്യകാന്തി എണ്ണ വിലയെക്കാൾ പാമോലിന് വൻ വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ, വൻതോതിൽ പാമോലിൻ ഇറക്കുമതിക്കായി കുത്തകക്കമ്പനികൾ നടത്തിയ മത്സരം മൂലം ഇറക്കുമതി കുതിച്ചുയരുകയായിരുന്നു. 

വെളിച്ചെണ്ണയെക്കാൾ വില കുറവായതിനാൽ ആഭ്യന്തര വിപണി കൂടതലായി ആശ്രയിക്കുന്നതും പാമോലിനെയാണ്. രാജ്യത്ത് 2153.74 ലക്ഷം ഹെക്ടറിലാണ് നാളികേര കൃഷി നടക്കുന്നത്. വർഷത്തിൽ 19309.90 മെട്രിക് ടെണ്ണാണ് ഉല്പാദനം. കേരളത്തിൽ 7.65 ലക്ഷം ഹെക്ടറിലാണ് കൃഷി. വിലയിടിവും ഉയർന്ന ഉല്പാദനച്ചെലവും മൂലം കേരളത്തിലടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കൃഷിക്കാർക്ക് തെങ്ങിനോടുള്ള താല്പര്യം കുറഞ്ഞു വരികയാണ്. വിലയിടിവ് രൂക്ഷമായിരിക്കെ, വിപണിയിൽ ഇടപെടൽ നടത്തി കർഷകർക്ക് ആശ്വാസമേകുന്ന കാര്യത്തിൽ നാഫെഡ് വളരെ പിന്നിലാണെന്ന ആക്ഷേപം ശക്തമാണ്. 

Eng­lish Summary;reduced duty; Extend­ed term; Import of palm oil is a night­mare for palm growers
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.