20 January 2025, Monday
KSFE Galaxy Chits Banner 2

വർഗീയ ഫാസിസത്തിനെതിരെ യുവജനത

ടി ടി ജിസ് മോന്‍ 
January 6, 2024 4:30 am

കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോഡി സർക്കാർ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ബഹുസ്വരതയെയും സാമൂഹിക നീതിയെയും ജനാധിപത്യ മൂല്യങ്ങളെയും അട്ടിമറിക്കുന്ന നയങ്ങളുമായി മുന്നോട്ടുപോവുകയാണ്. ഇന്നലെകളിൽ നാം ആർജിച്ചെടുത്തതും പൊരുതിനേടിയതുമായ മൂല്യങ്ങളെയാകെ ഇല്ലായ്മ ചെയ്യുന്ന നയങ്ങൾ വാണിജ്യവൽക്കരണത്തിനും കോർപറേറ്റ് താല്പര്യങ്ങൾക്കും വർഗീയവൽക്കരണത്തിനും ഊന്നൽ നൽകുന്നതാണ്. പന്ത്രണ്ടാം ക്ലാസ് വരെയുള്ള സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങളിൽ ‘ഇന്ത്യ’ യെ പുറന്തള്ളി ‘ഭാരത’ത്തെ പ്രതിഷ്ഠിക്കുന്നതിനായി എൻസിഇആർടി ശുപാർശ ചെയ്തിരിക്കുകയാണ്. ജി20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഔദ്യോഗിക ക്ഷണക്കത്തിൽ ‘ഇന്ത്യയുടെ പ്രസിഡന്റ്’ എന്നതിനെ ‘ഭാരതത്തിന്റെ പ്രസിഡന്റ്’ എന്ന നിലയിൽ ഭേദഗതി ചെയ്തതിലൂടെയും അശോകസ്തംഭത്തിന് ബദലായി ധന്വന്തരിയെ പ്രതിഷ്ഠിച്ച് പുറത്തുവിട്ട നാഷണൽ മെഡിക്കൽ കമ്മിഷൻ ലോഗോയിലൂടെയും മറനീക്കി പുറത്തുവരുന്നത് രാജ്യത്തെ പൗരന്മാരെ വർഗീയമായി ധ്രുവീകരിച്ചുള്ള സംഘ്പരിവാറിന്റെ രാഷ്ട്രീയ അജണ്ടയാണ്. പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ ഹെെന്ദവവികാരമായി രാജ്യമൊട്ടാകെ അവതരിപ്പിച്ച് രാഷ്ട്രീയനേട്ടം കൊയ്യാനുള്ള ശ്രമമാണ് ഏറ്റവും ഒടുവിലായി ഇപ്പോൾ ബിജെപി നടത്തുന്നത്.

വർ​ഗീയ ചേരിതിരിവ് സൃഷ്ടിച്ചും സാമുദായിക വിദ്വേഷം വളർത്തിയും വോട്ടുബാങ്ക് സൃഷ്ടിക്കാനുള്ള അത്യന്തം അപകടകരമായ തന്ത്രം. അതോടൊപ്പം തന്നെ നവലിബറൽ നയത്തിന്റെ ചുവടുപിടിച്ചുകൊണ്ട് കേന്ദ്ര സർക്കാർ സർവീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും നിയമന നിരോധനവും തസ്തിക വെട്ടിക്കുറയ്ക്കലും വ്യാപകമാക്കിയിരിക്കുന്നു. 2014ൽ നരേന്ദ്ര മോഡി അധികാരത്തിൽ വരുമ്പോൾ നികത്താതെ കിടന്നിരുന്ന സർക്കാർ ഒഴിവുകൾ 4.2 ലക്ഷമായിരുന്നുവെങ്കിൽ നിലവിൽ അത് ഇരട്ടിയിലേറെ വർധിച്ചിരിക്കുകയാണ്. പാർലമെന്റിൽ ചോദ്യത്തിന് ഉത്തരമായി ലഭ്യമായ കണക്കു പ്രകാരം 2020 മാർച്ച് ഒന്ന് വരെ ഒഴിഞ്ഞ തസ്തികകളുടെ എണ്ണം ഒമ്പത് ലക്ഷത്തോളമായിരുന്നു. ശേഷമുള്ള മൂന്നര വർഷത്തെ കണക്കുകൾകൂടി ചേർക്കുമ്പോൾ എണ്ണം 12 ലക്ഷത്തിന് മുകളിൽ വരും. അനുവദിക്കപ്പെട്ട 40 ലക്ഷം തസ്തികകളിൽ നാലിലൊന്ന് ഒഴിഞ്ഞു കിടക്കുന്ന അവസ്ഥയാണ്. അപ്രകാരം തൊഴിൽ വാഗ്ദാനം നിരന്തരം ലംഘിച്ചുകൊണ്ട് രാജ്യത്തെ യുവജനങ്ങളെ വഞ്ചിക്കുന്ന നിലപാടുകളുമായി മുന്നോട്ടുപോവുകയാണ് മോഡി സർക്കാർ. കേന്ദ്ര സർക്കാർ നേരിട്ട് നിയമനം നടത്തുന്ന തസ്തികകളിലെ ഒഴിവുകളുടെ എണ്ണം നിരന്തരം വർധിക്കുമ്പോൾ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണമാകട്ടെ വർഷം തോറും കുറയുകയാണ്. രാജ്യത്തെ ഏറ്റവും വലിയ തൊഴിൽദാതാവായി കണക്കാക്കപ്പെടുന്ന ഇന്ത്യൻ റെയിൽവേയിലും അപ്രഖ്യാപിത നിയമന നിരോധനമാണ് നില നിൽക്കുന്നത്. 3.14 ലക്ഷം തസ്തികകളാണ് റെയിൽവേയിൽ ഒഴിച്ചിട്ടിരിക്കുന്നത്. ഇത് മൊത്തം 14.95 ലക്ഷം തസ്തികകളുടെ 21 ശതമാനമാണ്. വിദ്യാഭ്യാസ രംഗവും തൊഴിൽ മേഖലയും തകർക്കുന്ന കേന്ദ്ര ഭരണകൂടം കടുത്ത യുവജന വിരുദ്ധത മുഖമുദ്രയാക്കിയാണ് കടന്നു പോകുന്നത്.


ഇതുകൂടി വായിക്കൂ:മോഡിയുടെ ഏതു ഗ്യാരന്റിയെയും കേരളം പ്രതിരോധിക്കും


സംസ്ഥാനത്തിന് അർഹമായ വിഹിതങ്ങളോ, പദ്ധതികളോ, സാമ്പത്തിക സഹായമോ കേന്ദ്രം കൃത്യമായി വിതരണം ചെയ്യുന്നില്ലെന്ന് മാത്രമല്ല കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ തീർത്തും ദുർബലപ്പെടുത്തുന്ന സമീപനങ്ങളാണ് സർക്കാർ സ്വീകരിക്കുന്നത്. ദേശീയ പാത അതോറിട്ടി പോലുള്ള ഏജൻസികൾ കേന്ദ്രത്തിന്റെ പദ്ധതികൾക്കു വേണ്ടി എടുക്കുന്ന വായ്പകൾ കേന്ദ്ര സർക്കാരിന്റെ വായ്പയായി കണക്കാക്കുന്നില്ലെന്നിരിക്കെ കിഫ്ബിയുടെ നിക്ഷേപത്തെപ്പോലും കേരള സർക്കാരിന്റെ കടപരിധിയിൽപ്പെടുത്തിയുള്ള വഞ്ചനാത്മക സമീപനം കൈക്കൊള്ളുന്നു. സെസുകൾ ഉയർത്തുന്നതുവഴി സംസ്ഥാനങ്ങൾക്ക് ഭരണഘടനാപരമായി ലഭിക്കേണ്ട നികുതിവിഹിതത്തിൽ അന്യായമായ കുറവ് വരുത്തിയും ജിഎസ്‌ടി നടപ്പാക്കിയതിലൂടെ സംസ്ഥാനങ്ങളുടെ നികുതി അധികാരം വെട്ടിച്ചുരുക്കിയുമുള്ള സമാനതകളില്ലാത്ത വഞ്ചനയും കേന്ദ്ര സർക്കാർ നടത്തുന്നു. ധനകാര്യ രംഗത്ത് കേന്ദ്രത്തിന്റെ നിഷേധാത്മക സമീപന ഫലമായി 28,400 കോടി രൂപയുടെ വരുമാനമാണ് സംസ്ഥാനത്തിന് കുറച്ചത്. റവന്യു കമ്മി ഗ്രാന്റിനത്തിൽ 2022നെ അപേക്ഷിച്ച് 2023ൽ 8,400 കോടി രൂപ കുറയുകയാണുണ്ടായത്. ജിഎസ്‌ടി നഷ്ടപരിഹാരം നിർത്തിയതോടെ 10,000 മുതൽ 12,000 കോടിയുടെ കുറവുമുണ്ടായി. കേന്ദ്ര പദ്ധതികൾ അനുവദിക്കുന്ന കാര്യത്തില്‍ തീർത്തും ചിറ്റമ്മ നയം കേരളത്തോട് കാണിക്കുകയാണ്. കേരളത്തിൽ ഓൾ ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കാൻ തത്വത്തിൽ അംഗീകാരം നൽകിയതായുള്ള കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കേവല പ്രഖ്യാപനങ്ങളല്ലാതെ ഫലപ്രദമായ ഇടപെടൽ ഉണ്ടായതായി കാണുന്നില്ല. 200 ഏക്കർ ഭൂമി നൽകിയാൽ ‘എയിംസ്’ അനുവദിക്കാമെന്ന കേന്ദ്ര നിർദേശത്തെ തുടർന്ന് കോഴിക്കോട് കിനാലൂരിൽ 252 ഏക്കർ സ്ഥലം ഏറ്റെടുത്തുള്ള കാത്തിരിപ്പിലാണ് സംസ്ഥാനം.

കേന്ദ്ര സർക്കാർ സ്ഥാപനമായ കഞ്ചിക്കോട് ഇൻസ്ട്രുമെന്റേഷൻ സംസ്ഥാന സർക്കാരിന് കൈമാറാമെന്ന ധാരണാപത്രം ഒപ്പിട്ടിട്ട് അഞ്ച് വർഷമായെങ്കിലും തുടർ നടപടികൾ സ്വീകരിക്കാനും തയ്യാറായിട്ടില്ല. സാധാരണക്കാരായ ട്രെയിൻ യാത്രക്കാരെ ദുരിതത്തിലാക്കുന്ന വിധത്തിൽ സെക്കന്റ് ക്ലാസ് സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ച് തൽസ്ഥാനത്ത് എസി കോച്ചുകൾ കൊണ്ടുവരുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റ് തുലയ്ക്കുന്നതിനായി മോഡി സർക്കാർ ആരംഭിച്ച നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്‌ലൈൻ പദ്ധതിയുടെ ഭാഗമായി 400 റെയിൽവേ സ്റ്റേഷനുകൾ, 90 പാസഞ്ചർ ട്രെയിനുകൾ, 1400 കിലോമീറ്റർ റെയിൽവേ ട്രാക്ക്, 741 കിലോമീറ്റർ കൊങ്കൺ റെയിൽവേ, 15 റെയിൽവേ സ്റ്റേഡിയങ്ങൾ, തിരഞ്ഞെടുത്ത റെയിൽവേ കോളനികൾ, 265 റെയിൽവേ ഗുഡ്സ് ഷെഡുകൾ, നാല് ഹിൽ റെയിൽവേ എന്നിവയെല്ലാം ‌വില്പനച്ചരക്കാക്കാനാണ് ശ്രമം. സംഘ്പരിവാറിന് രാഷ്ട്രീയ മേധാവിത്തമില്ലാത്ത സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളോട് ശത്രുതാ മനോഭാവം പുലർത്തുകയും ഗവർണർമാരെ ഉപയോഗിച്ച് ഭരണ നിർവഹണ പ്രക്രിയകളിലും നയപരിപാടികളിലും കൈകടത്തുകയും ചെയ്യുന്നു. കേരളത്തിലെ സർവകലാശാലകളുടെ കാവിവല്‍ക്കരണം ലക്ഷ്യംവച്ചുകൊണ്ട് ആർഎസ്എസിനു വിടുപണി ചെയ്യുന്ന ഗവർണർക്കെതിരെ സമാനതകളില്ലാത്ത പ്രക്ഷോഭത്തിന്റെ പാതയിലാണ് വിദ്യാർത്ഥി-യുവജന സംഘടനകൾ. പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, തമിഴ്‌നാട്, തെലങ്കാന, പഞ്ചാബ്, രാജസ്ഥാൻ തുടങ്ങി പല സംസ്ഥാനങ്ങളിലും ഗവർണർമാർ നടത്തുന്ന ഭരണഘടനാ വിരുദ്ധ ഇടപെടലുകൾക്കെതിരെ ഇതിനോടകം തന്നെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നുവന്നിട്ടുണ്ട്.


ഇതുകൂടി വായിക്കൂ:ജനാധിപത്യത്തിന് മരണമണി


സംഘ്പരിവാറിന്റെ വർഗീയ രാഷ്ട്രീയത്തിനെതിരെ പ്രത്യയശാസ്ത്രപരമായോ സംഘടനാപരമായോ പ്രതിരോധം തീർക്കാൻ കഴിയാതെ ഇരുട്ടിൽ തപ്പുകയാണ് കോൺഗ്രസ്. രാമക്ഷേത്രം ഉദ്ഘാടനത്തിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ നിലപാട് സ്വീകരിക്കാൻ പോലും കോൺഗ്രസിന് കഴിയുന്നില്ല. നെഹ്രുവിന്റെ കാലം മുതൽ ഒരുവിഭാഗം തുടർന്നുവന്ന ഒളിഞ്ഞും തെളിഞ്ഞുമുള്ള ഹിന്ദുത്വദാസ്യം വർത്തമാന കാലഘട്ടത്തിലെ കോൺഗ്രസ് നേതാക്കളെ ഹിന്ദുത്വ അജണ്ടയുടെ പരസ്യ വക്താക്കളാക്കി മാറ്റിയിരിക്കുന്നു. നരസിംഹറാവുവിന്റെ കാലത്ത് കോൺഗ്രസ് സ്വീകരിച്ച സംഘ്പരിവാർ അജണ്ടയ്ക്കാവശ്യമായ രീതിയിലുള്ള മൃദുഹിന്ദുത്വ സമീപനമായിരുന്നല്ലോ ബാബറി മസ്ജിദ് ധ്വംസനത്തിനിടയാക്കിയത്. ഇന്നലെകളിലെ സമാനതകളില്ലാത്ത പോരാട്ടങ്ങളും സഹനങ്ങളും കൂടുതൽ പ്രസക്തവും അനിവാര്യവുമായ ഒരു സാമൂഹ്യ‑രാഷ്ട്രീയ പശ്ചാത്തലത്തിലാണ് നാം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ ബഹുസ്വരതയെ തകർക്കാൻ ശ്രമിക്കുന്ന ഫാസിസ്റ്റ് ഭരണകൂട ഭീകരതക്കെതിരെ മതനിരപേക്ഷതയിൽ അധിഷ്ഠിതമായ രാഷ്ട്രീയബദൽ തന്നെയാണ് പരിഹാരം. എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരം ജനുവരി 30, 31 തീയതികളിൽ ജില്ലാ കേന്ദ്രങ്ങളിൽ ‘ഡെമോക്രാറ്റിക് സ്ട്രീറ്റ് ’ സംഘടിപ്പിക്കുകയാണ്. വർഗീയ ഫാസിസത്തിനും കേന്ദ്ര അവഗണനയ്ക്കുമെതിരെയാണ് രാഷ്ട്രപിതാവിന്റെ രക്തസാക്ഷിത്വ ദിനത്തിലും തൊട്ടടുത്ത ദിവസവുമായി യുവജനങ്ങൾ പോർമുഖം തുറക്കുന്നത്. സമകാലിക വിഷയ മുദ്രാവാക്യങ്ങളിലൂടെ പ്രതിഷേധത്തിന്റെ അഗ്നിജ്വാലയായി തെരുവുകളിലേക്ക് ഇറങ്ങേണ്ട വർത്തമാനകാല സാഹചര്യത്തിൽ അത്തരം പോരാട്ടങ്ങളിൽ എല്ലാ യുവജനങ്ങളും അണിചേരണമെന്ന് അഭ്യർത്ഥിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.