23 November 2024, Saturday
KSFE Galaxy Chits Banner 2

രഞ്ജിത്ത് ശ്രീനിവാസൻ വധം: 15 പ്രതികൾ കുറ്റക്കാർ; ശിക്ഷാവിധി തിങ്കളാഴ്ച

Janayugom Webdesk
ആലപ്പുഴ
January 20, 2024 12:05 pm

ബിജെപി നേതാവും അഭിഭാഷകനുമായിരുന്ന രൺജീത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ 15 പ്രതികളും കുറ്റക്കാരെന്നു കോടതി. ശിക്ഷ തിങ്കളാഴ്ച വിധിക്കും. പ്രതികളെല്ലാവരും എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്. മാവേലിക്കര അഡീഷനൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി (ഒന്ന്) വി ജി ശ്രീദേവിയാണു വിധി പറഞ്ഞ​ത്. 2021 ഡിസംബർ 19ന് രൺജീത് ശ്രീനിവാസിനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തി എന്നാണ് കേസ്. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത 12 പേരേയും ആസൂത്രണം ചെയ്ത മൂന്നു പേരേയുമാണ് കുറ്റക്കാരായി കണ്ടെത്തിയത്. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നു പ്രോസിക്യൂഷൻ വാദിച്ചു. വിധി പ്രസ്താവിക്കുന്ന സമയം സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കോടതി പരിസരത്ത് നൂറിൽപരം പൊലീസുകാരെ വിന്യസിച്ചിരുന്നു.

ആലപ്പുഴ കോമളപുരം അമ്പനാകുളങ്ങര മാച്ചനാട് കോളനിയിൽ നൈസാം, മണ്ണഞ്ചേരി അമ്പലക്കടവ് വടക്കേച്ചിറപ്പുറം അജ്മൽ, ആലപ്പുഴ വെസ്റ്റ് മുണ്ടുവാടയ്ക്കൽ അനൂപ്, ആര്യാട് തെക്ക് അവലൂക്കുന്ന് ഇരക്കാട്ട് മുഹമ്മദ് അസ്‌ലാം, മണ്ണഞ്ചേരി ഞാറവേലിൽ അബ്ദുൽ കലാം എന്ന സലാം, അടിവാരം ദാറുസബീൻ വീട്ടിൽ, അബ്ദുൽ കലാം, ആലപ്പുഴ വെസ്റ്റ് തൈവേലിക്കകം സറഫുദീൻ, മണ്ണഞ്ചേരി ഉടുമ്പിത്തറ മൻഷാദ്, ആലപ്പുഴ വെസ്റ്റ് കടവത്ത്ശേരി ചിറയിൽ വീട്ടിൽ ജസീബ് രാജ, മുല്ലയ്ക്കൽ വട്ടക്കാട്ടുശേരി നവാസ്, കോമളപുരം തയ്യിൽ വീട്ടിൽ സമീർ, മണ്ണഞ്ചേരി നോർത്ത് ആര്യാട് കണ്ണറുകാട് നസീർ, മണ്ണഞ്ചേരി ചാവടിയിൽ സക്കീർ ഹുസൈൻ, തെക്കേ വെളിയിൽ ഷാജി എന്ന പൂവത്തിൽ ഷാജി, മുല്ലയ്ക്കൽ നുറുദീൻ പുരയിടത്തിൽ ഷെർനാസ് അഷറഫ് എന്നിവരാണു കേസിലെ പ്രതികൾ. മണ്ണഞ്ചേരിയിൽ പോപ്പുലർ ഫ്രണ്ട് നേതാവായ കെ എസ്‌ ഷാനെ ബിജെപി പ്രവർത്തകർ കൊന്നതിനു പ്രതികാരമായാണ്‌ അതേദിവസം തന്നെ രഞ്ജിത്തിനെ കൊലപ്പെടുത്തിയത്. അമ്മ, ഭാര്യ, മകൾ എന്നിവരുടെ മുന്നിലിട്ടു രൺജീത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തി എന്നാണു കേസ്. ഡിവൈഎസ്പി എൻ ആർ ജയരാജ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് 156 സാക്ഷികൾ, ആയിരത്തോളം രേഖകൾ, നൂറിൽപരം തൊണ്ടി മുതലുകൾ എന്നിവ തെളിവിനായി ഹാജരാക്കി.

Eng­lish Summary;Ranjith Srini­vasan mur­der: 15 accused guilty; Sen­tenc­ing is Monday
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.