23 November 2024, Saturday
KSFE Galaxy Chits Banner 2

അയോധ്യ പ്രതിഷ്ഠയും ദളിതരും

യെസ്‌കെ
January 22, 2024 4:52 am

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയെന്ന ബിജെപി-സംഘ്പരിവാര്‍ സംഘത്തിന്റെ രാഷ്ട്രീയ മാമാങ്കം ഇന്ന് അരങ്ങേറുകയാണ്. ഹിന്ദുവര്‍ഗീയവാദികളുടെ കാപട്യം തിരിച്ചറിയാതെ നിഷ്കളങ്കരായ ഒട്ടേറെ വിശ്വാസികളും ചടങ്ങിനെ തങ്ങളുടെ ആഘാേഷമായി കാണുന്നുണ്ട്. ആര്യാധിനിവേശ കാലത്തെ സംഘര്‍ഷഭരിതമായ അന്തരീക്ഷമാണ് നിലവില്‍ രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് തിരിച്ചറിയാത്തവിധം പാവപ്പെട്ട ഹെെന്ദവരെ കബളിപ്പിക്കുകയാണ് മോഡി പരിവാരം. ക്ഷേത്രപ്രതിഷ്ഠ പൊതുചടങ്ങാക്കി ഇതര മതസ്ഥരെ ഭയപ്പെടുത്തുകയും ഹെെന്ദവരെ പ്രകോപിപ്പിക്കുകയും ചെയ്യുകയെന്ന ദ്വിമുഖ തന്ത്രമാണ് മോഡിയും കൂട്ടരും നടത്തുന്നത്. ആ ഇരട്ടത്താപ്പിന്റെ ഏറ്റവും പുതിയ ചിത്രമാണ് കഴിഞ്ഞദിവസം രാജസ്ഥാനില്‍ നിന്നും പുറത്തുവന്ന‌‌‌ വാര്‍ത്ത.
രാജസ്ഥാനിലെ ജലവാർ ജില്ലയിലെ ഒരു ഗ്രാമത്തിലെ ദളിത് സമുദായാംഗങ്ങള്‍ ക്ഷേത്രോത്സവങ്ങൾക്കായി സംഭാവന നൽകിയ പണംഉന്നതജാതിക്കാർ തിരികെ നൽകിയെന്നതാണ് വാര്‍ത്ത. ഖാൻപൂർ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുണ്ട്‌ലയിലെ ഗ്രാമീണരാണ് വിവേചനത്തിനിരയായത്. രാമക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട ഘോഷയാത്ര, പ്രസാദവിതരണം എന്നിവയിലേക്ക് ഗ്രാമീണരായ ദളിതര്‍ നല്‍കിയ പണം ഉത്സവ നടത്തിപ്പുകാരായ ഉയര്‍ന്ന ജാതിക്കാര്‍ തിരികെ നല്‍കുകയായിരുന്നു. “ദളിതരുടെ പണം ക്ഷേത്രാചാരങ്ങൾക്കായി വേണ്ടെന്നും തങ്ങള്‍ നല്‍കുന്ന കാണിക്ക അശുദ്ധമായാണ് കണക്കാക്കുന്നതെന്നും” പറഞ്ഞതായി ദളിത് സമുദായാംഗങ്ങൾ പറഞ്ഞു.


ഇതുകൂടി വായിക്കൂ; നാരായണഗുരുവും രാമപ്രതിഷ്ഠയും


പക്ഷപാതവും വിവേചനവും ചൂണ്ടിക്കാണിച്ച് ദളിത് സമുദായാംഗങ്ങള്‍ ജനുവരി 11ന് ജലവാർ ജില്ലാ ഭരണകൂടത്തിന് പരാതി നൽകിയതായി പ്രാദേശിക ചാനല്‍ റിപ്പോർട്ട് ചെയ്തു. മേഘ്‌വാൾ, ബൈർവ, ധോബി, മെഹർ സമുദായങ്ങളിൽപ്പെട്ട ഗ്രാമവാസികളാണ് ജില്ലാ കളക്ടർക്ക് പരാതി നല്‍കിയത്. പരാതി പിൻവലിക്കാൻ പൊലീസ് സമ്മർദം ചെലുത്തുകയാണെന്നും, ചില ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ ഗ്രാമത്തിൽ റോന്തുചുറ്റുകയാണെന്നും തങ്ങളുടെ പരാതിയില്‍ കേസ് രജിസ്റ്റർ ചെയ്യുന്നില്ലെന്നും ഗ്രാമീണര്‍ പരാതിപ്പടുന്നു. പൊലീസ് കേസെടുക്കുന്നതിൽ പരാജയപ്പെട്ടാൽ തിങ്കളാഴ്ച ജലവാർ ജില്ലാ ആസ്ഥാനത്ത് പ്രകടനം നടത്താനാണ് ദളിത് സമൂഹം തിരുമാനിച്ചിട്ടുള്ളത്. വോട്ടിനായി ഉണര്‍ത്തുന്ന ഹിന്ദുവികാരം, തങ്ങളുടെ ആവശ്യം കഴിഞ്ഞാല്‍ സംഘ്പരിവാര്‍ എങ്ങനെയാണ് കെെകാര്യം ചെയ്യുകയെന്ന് ദളിത്-പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ഒരു മുന്നറിയിപ്പാണിത്. ഇതോടൊപ്പം ചേര്‍ത്തുവായിക്കാവുന്ന കര്‍ണാടകയില്‍ നിന്നുള്ള മറ്റൊരു റിപ്പോര്‍ട്ടും പരിശോധിക്കേണ്ടതുണ്ട്.
അയോധ്യയിലേക്ക് രാംലല്ല വിഗ്രഹം കൊത്തിയെടുക്കാൻ കൃഷ്ണശില നൽകിയ കര്‍ണാടകയിലെ കർഷകൻ രാംദാസിന് ക്ഷേത്രപ്രതിഷ്ഠയിലേക്ക് ക്ഷണമുണ്ടായില്ല. രാംദാസിന്റെ ഭൂമിയില്‍ കൃഷിക്കായി പാറപൊട്ടിച്ചപ്പോൾ കുഴിച്ചെടുത്ത കൃഷ്ണശിലകൾ ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ആവശ്യത്തിന് അനുയോജ്യമായതാണെന്ന് കണ്ട് ശിൽപി അരുൺ യോഗിരാജ് തിരഞ്ഞെടുക്കുകയായിരുന്നു. രാംലല്ല നിർമ്മിക്കാൻ ഉപയോഗിച്ച കല്ല് കണ്ടെത്തിയ തന്റെ ഭൂമിയിൽ രാമക്ഷേത്രം ഉയരണമെന്ന് ഗ്രാമവാസികൾ ആഗ്രഹം പ്രകടിപ്പിച്ചതോടെ അതിലേക്ക് കുറച്ചുഭൂമി സംഭാവന നൽകാനും അദ്ദേഹം തീരുമാനിച്ചു. ഇത്രയൊക്കെ ചെയ്തെങ്കിലും ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് താനുള്‍പ്പെടെ ഗ്രാമീണരെ ക്ഷണിക്കാത്തതിൽ രാംദാസ് ഖേദം പ്രകടിപ്പിക്കുന്നു.

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.