9 May 2024, Thursday

ശബരി റെയില്‍പ്പാതയും വിമാനത്താവളവും

Janayugom Webdesk
January 24, 2024 5:00 am

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകരെത്തുന്ന ശബരിമലയുമായി ബന്ധപ്പെട്ട രണ്ട് വികസന പദ്ധതികളാണ് അങ്കമാലി-എരുമേലി ശബരി പാതയും എരുമേലി ശബരി വിമാനത്താവളവും. പല കാരണങ്ങളാല്‍ വൈകുന്ന ഈ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ വേഗത്തിലാക്കിയിരിക്കുകയാണ്. ശബരിമലയിലേക്ക് എത്തിച്ചേരാനാഗ്രഹിക്കുന്ന തീര്‍ത്ഥാടകര്‍ക്കും അല്ലാത്തവര്‍ക്കും സൗകര്യപ്രദവും എളുപ്പത്തിലുള്ളതുമായ യാത്രാ സംവിധാനങ്ങള്‍ എന്ന നിലയിലാണ് ഇവ രണ്ടും ആവിഷ്കരിച്ചത്. എങ്കിലും പല കാരണങ്ങളാല്‍ വൈകുകയായിരുന്നു. ഏകദേശം 20 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് റെയില്‍പ്പാതയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവച്ചത്. നൂറിലധികം കിലോമീറ്റർ ദൈര്‍ഘ്യമുള്ള ശബരി പാതയില്‍ ഏഴു കിലോമീറ്റർ ട്രാക്കും ഓരോ സ്റ്റേഷനും റെയിൽപ്പാലവുമാണ് പൂർത്തിയാക്കിയത്. ആകെ 14 സ്റ്റേഷനുകളാണുള്ളത്. പിന്നീട് റെയില്‍വേ അലംഭാവം കാട്ടിയതിനാല്‍ പ്രവര്‍ത്തനം മുന്നോട്ടുപോയില്ല. നാലുവര്‍ഷം മുമ്പ് പ്രത്യേകിച്ച് കാരണങ്ങളില്ലാതെ പ്രവര്‍ത്തനങ്ങള്‍ റെയില്‍വേ മരവിപ്പിക്കുകയും ചെയ്തു. ആദ്യഘട്ടത്തില്‍ പണി ആരംഭിക്കുമ്പോള്‍ 3810 കോടി രൂപയായിരുന്നു എസ്റ്റിമേറ്റ് നിശ്ചയിച്ചത്. ഈ തുകയ്ക്ക് പണി പൂര്‍ത്തിയാക്കാനാകുമോയെന്ന് സംശയമാണെങ്കിലും പദ്ധതി സംസ്ഥാനത്തിന്, പ്രത്യേകിച്ച് ശബരിമല വികസനത്തിന് അത്യാവശ്യമാണ് എന്നതിനാല്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് എന്ത് ബാധ്യത വഹിക്കുന്നതിനും സംസ്ഥാനം സന്നദ്ധമായിരുന്നു.

അതുകൊണ്ട് പദ്ധതി ചെലവിന്റെ പകുതി വഹിക്കുന്നതിനുള്ള സന്നദ്ധത കേരളം അറിയിച്ചിരുന്നതുമാണ്. 2021ലെ സംസ്ഥാന ബജറ്റില്‍ 2000 കോടി രൂപ കിഫ്ബി വഴി അനുവദിക്കുമെന്ന് പ്രഖ്യാപിക്കുകയുംചെയ്തിരുന്നു. എങ്കിലും കേന്ദ്രം വേണ്ടത്ര ജാഗ്രത പാലിച്ചില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ കേവലം 100 കോടി രൂപ അനുവദിച്ചു. 3810 കോടി രൂപ എസ്റ്റിമേറ്റുള്ളപ്പോഴാണിത്. സംസ്ഥാനം ബജറ്റില്‍ തുക നീക്കിവയ്ക്കുകയും സന്നദ്ധത പ്രഖ്യാപിക്കുകയും ചെയ്തുവെങ്കിലും റെയില്‍വേ ആയതിനാല്‍ കേന്ദ്രമാണ് നടപടികള്‍ കൈക്കൊള്ളേണ്ടത് എന്നതിനാല്‍ വേണ്ടത്ര മുന്നോട്ടുപോയില്ല. പകരം പദ്ധതി ചെലവ് പങ്കിടുമെന്ന് രേഖാമൂലമുള്ള ഉറപ്പ് നല്‍കണമെന്ന് നിര്‍ദേശിക്കുകയാണ് ചെയ്തത്. അതിന്റെ അടിസ്ഥാനത്തില്‍ കേരളം കത്ത് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കേന്ദ്രത്തിന്റെ മുന്‍കയ്യില്‍ നടക്കേണ്ട പല വികസന പ്രവര്‍ത്തനങ്ങളുടെയും സാമ്പത്തിക ബാധ്യത ഏറ്റെടുക്കുന്ന കാര്യത്തില്‍ കേരളം വളരെ അനുകൂലമായ സമീപനമാണ് സ്വീകരിക്കാറുള്ളത്. ദേശീയപാതാ വികസനം ഇവിടെ സാധ്യമാകുന്നതുതന്നെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നഷ്ടപരിഹാരത്തിന്റെ ബാധ്യതകൂടി വഹിച്ചുകൊണ്ട് കേരളം കാട്ടുന്ന ഉത്തരവാദിത്തബോധമാണ്. ശബരി പാതയുടെ കാര്യത്തിലും സംസ്ഥാനം ആ ഉത്തരവാദിത്തം കാട്ടുമെന്ന് കേന്ദ്രത്തിന് ഉറപ്പിക്കാവുന്നതാണ്.


ഇതുകൂടി വായിക്കൂ: റെയില്‍വേ അപകടങ്ങള്‍: താല്‍ക്കാലിക ജാഗ്രത മാത്രം പോര


അതുകൊണ്ട് വീണ്ടുമൊരു ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിനില്‍ക്കേയുള്ള ഗിമ്മിക്കായി ഇതിനെ മാറ്റാതിരിക്കുവാനും തുടര്‍നടപടികള്‍ ഉടന്‍ സ്വീകരിക്കുവാനും കേന്ദ്ര സര്‍ക്കാരാണ് തയ്യാറാകേണ്ടത്. ശബരിമലയുടെ അടിസ്ഥാന സൗകര്യവികസനത്തില്‍ നാഴികക്കല്ലാകുന്ന മറ്റൊന്നാണ് വിമാനത്താവള നിർമ്മാണം. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് വേഗമേറിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ എരുമേലി സൗത്ത്, മണിമല വില്ലേജുകളിൽ ഉൾപ്പെട്ട 2570 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുകയും അനന്തര നടപടികള്‍ ആരംഭിക്കുകയും ചെയ്തു. ഒന്നാം ഘട്ടമായി ബിലീവേഴ്സ് ചർച്ചിന്റെ കൈവശമുള്ള 2263 ഏക്കർ ചെറുവള്ളി എസ്റ്റേറ്റും സമീപത്തുള്ള സ്വകാര്യ വ്യക്തികളുടെ 260 ഏക്കറും ഏറ്റെടുക്കും. സിയാൽ മോഡൽ കമ്പനി രൂപീകരിച്ചാണ് നിർമ്മാണത്തിനാവശ്യമായ തുക സമാഹരിക്കാൻ ഉദ്ദേശിക്കുന്നത്. 3000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. മൂന്നര കിലോമീറ്റർ ദൈര്‍ഘ്യമേറിയ റൺവേ, എയർപോർട്ട് ഓഫിസ് എന്നിവയുടെ നിര്‍മ്മാണം സംബന്ധിച്ചും പ്രാഥമിക ധാരണകള്‍ ആയിട്ടുണ്ട്. വീടു നഷ്ടപ്പെടുന്നവരെയും ഏറ്റെടുക്കുന്ന എസ്റ്റേറ്റിലെ 300 ജീവനക്കാരെയും പുനരധിവസിപ്പിക്കും.

വിമാനത്താവളം നിർമ്മാണജോലികളിൽ അവരെ ഉൾപ്പെടുത്തുകയും പിന്നീട് സാധ്യതയ്ക്കനുസരിച്ച് ജോലി നൽകുകയും ചെയ്യും. സ്ഥലം ഏറ്റെടുത്താൽ മൂന്നുവർഷം കൊണ്ട് വിമാനത്താവളം പൂർത്തിയാക്കി 2028ൽ വിമാനം ഇറക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. ശബരിമലയില്‍ വിമാനത്താവളം വേണമെന്ന ആവശ്യത്തിന് ദശകങ്ങളുടെ പഴക്കമുണ്ട്. അതുകൊണ്ടുതന്നെ ഇത് സംസ്ഥാനത്തിന്റെ പൊതു ആവശ്യമായാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കണക്കാക്കുന്നത്. എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കുന്നതുകൊണ്ടുതന്നെ വളരെയധികം ഭൂമി ഒഴിപ്പിച്ച് ഏറ്റെടുക്കേണ്ടെന്ന അനുകൂല സാഹചര്യവുമുണ്ട്. ഭൂമി വിമാനത്താവളത്തിന് അനുയോജ്യമാണെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അംഗീകരിക്കുകയും കേന്ദ്ര സിവിൽ വ്യോമയാന, പരിസ്ഥിതി, വനം മന്ത്രാലയങ്ങളുടെ സാങ്കേതിക അനുമതി ഏറെക്കുറെ ലഭ്യമാകുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാംകൊണ്ട് നിശ്ചിത സമയത്തിനകം തന്നെ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് കേന്ദ്ര സര്‍ക്കാരിന്റെ ശക്തമായ പിന്തുണ യഥാസമയം ലഭ്യമാകേണ്ടതുണ്ട്. ശബരി പാതയുടെയും വിമാനത്താവളത്തിന്റെയും പൂര്‍ണത ആഗ്രഹിക്കുന്ന മലയാളികളുടെ സ്വപ്ന സാക്ഷാത്ക്കാരത്തിനുള്ള സമീപനം കേന്ദ്ര സര്‍ക്കാരില്‍ നിന്നുണ്ടാകുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.