23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 13, 2024
December 10, 2024
December 9, 2024
November 27, 2024
November 24, 2024
November 17, 2024
October 30, 2024
October 22, 2024
October 11, 2024

വായിച്ചാലും ഇല്ലെങ്കിലും നയപ്രഖ്യാപന പ്രസംഗം രേഖയാകും 

പ്രത്യേക ലേഖകന്‍ 
തിരുവനന്തപുരം
January 25, 2024 6:36 pm

കേരള നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിന്റെ തുടക്കവും ഒടുക്കവും വായിച്ചു വേദിവിട്ട ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ അവഹേളിച്ചത്‌ നിയമസഭയെയും കേരള ജനതയെയും. പതിനഞ്ചാം നിയമസഭയുടെ പത്താം സമ്മേളനത്തിന് തുടക്കം കുറിച്ചുള്ള നയപ്രഖ്യാപനം മുഴുവന്‍ വായിക്കാതെ ഒരു മിനിറ്റ് 17 സെക്കന്‍ഡില്‍ അവസാന പാരഗ്രാഫ് മാത്രം വായിച്ച് അവസാനിപ്പിക്കുകയായിരുന്നു.

നയപ്രഖ്യാപന പ്രസംഗത്തിനായി രാജ്ഭവനില്‍ നിന്ന് നിയമസഭയിലെത്തിയ ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എ എന്‍ ഷംസീറും ചേര്‍ന്നാണ് സ്വീകരിച്ചത്. സംസഥാന സർക്കാരിന്റെ തലവൻ എന്ന നിലയിൽ സർക്കാരിന്റെ നയം പ്രഖ്യാപിയ്‌ക്കാനുള്ള ഗവർണറുടെ ഉത്തരവാദിത്തം ഭരണഘടനാദത്തമാണ്‌. വിയോജിപ്പുണ്ടെങ്കിലും സംസഥാനമന്ത്രിസഭ അംഗീകരിച്ച പ്രസംഗം ഗവർണർ വായിക്കണം. അതാണ്‌ വഴക്കം. 2020 ൽ പൗരത്വ നിയമത്തെപ്പറ്റി കടുത്ത അഭിപ്രായ വ്യത്യാസമുണ്ടായിട്ടും കടുത്ത വിമർശനം അടങ്ങുന്ന അന്നത്തെ പ്രസംഗം ഇതേ ഗവർണർ തന്നെ അതേപടി വായിച്ചിരുന്നു. നയപ്രഖ്യാപനം തുടരവെ ആ ഭാഗം വായിച്ചപ്പോൾ തനിക്ക്‌ ഇക്കാര്യത്തിൽ വിമർശനമുണ്ടെന്ന്‌ ചൂണ്ടികാണിക്കുക മാത്രം ചെയ്‌തു.

ഗവർണർ വായിച്ചാലും ഇല്ലെങ്കിലും അച്ചടിച്ച പ്രസംഗം ഒരു മാറ്റവുമില്ലാതെ നയപ്രഖ്യാപനമായി രേഖയിലുണ്ടാകും. പ്രസംഗം തയാറാക്കി മന്ത്രിസഭ അംഗീകരിച്ചാണ്‌ ഗവർണർക്ക്‌ അയക്കുന്നത്‌. പ്രഖ്യാപനത്തിനു രണ്ടു ദിവസം മുൻപ് ഗവർണറുടെ വസതിയിൽ എത്തിക്കും. ഗവർണർമാർ സാധാരണയായി കാര്യമായ മാറ്റം വരുത്താറില്ല. ഇവിടെയും ഗവർണർ മാറ്റങ്ങൾ നിർദേശിക്കാതെ ഒപ്പുവെച്ചു. എന്നാൽ അച്ചടിച്ചു കിട്ടിയ പ്രസംഗം മുഴുവൻ സഭയിൽ വായിക്കാതെ വിട്ടു. തന്റെ രാഷ്‌ട്രീയം വ്യക്തമാക്കി.

ഭരണഘടനയുടെ 175 ആം അനുഛേദത്തിലാണ്‌ ഗവർണർ നിയമസഭയെ അഭിസംബോധന ചെയ്യേണ്ടതിനെപ്പറ്റി പറയുന്നത്‌. തെരഞ്ഞെടുപ്പിന്‌ ശേഷം ആദ്യം ചേരുന്ന സഭയിലും എല്ലാവർഷവും തുടക്കത്തിലുള്ള സഭയിലും ഗവർണർ സഭയിൽ സംസാരിക്കും.   1969‑ല്‍ പശ്ചിമ ബംഗാളില്‍ ഗവര്‍ണര്‍ ധര്‍മ്മ വിരയാണ്‌ ആദ്യമായി പ്രസംഗം വായിക്കുന്നത്‌ ഒരു തർക്കവിഷയമാക്കിയത്‌.  രണ്ട് ഖണ്ഡിക ഒഴിവാക്കിയാണ് അദ്ദേഹം പ്രസംഗം പൂര്‍ത്തിയാക്കിയത്. അജോയ് കുമാർ മുഖർജി മുഖ്യമന്ത്രിയും ജ്യോതിബസു ഉപമുഖ്യമന്ത്രിയുമായിരുന്ന അന്നത്തെ ഐക്യമുന്നണി സർക്കാരിനെ കേന്ദ്രസർക്കാർ പിടിച്ചുവിട്ടത്‌ ഭരണഘടനാവിരുദ്ധമാണെന്ന വിമർശനമായിരുന്നു ഈ ഖണ്ഡികകളിൽ.

പിന്നീട്‌ കേരളത്തിലടക്കം പല സംസഥാനങ്ങളിലും ഇത്തരം വഴിവിട്ട നീക്കം ഗവർണർമാരിൽ നിന്നുണ്ടായി. ചില ഗവർണർമാർ ആരോഗ്യകാരണങ്ങളാലും സഭയിലെ ബഹളം മൂലവും മുഴുവൻ വായിക്കാതെ പോയിട്ടുണ്ട്‌. എന്നാല്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി നിയമസഭകളുടെ ചരിത്രത്തില്‍ ഇതാദ്യമായാണ്. നയപ്രഖ്യാപനത്തിന്റെ ആമുഖം പോലും വായിക്കാന്‍ തയാറാകാഞ്ഞ ഗവര്‍ണറുടെ നടപടിയെ സമൂഹം വിലയിരുത്തുമെന്ന് മന്ത്രിമാര്‍ അടക്കമുള്ളവര്‍ പ്രതികരിച്ചു. ജനാധിപത്യത്തെ അവഹേളിക്കുന്ന നടപടിയാണ് ഗവര്‍ണറുടേതെന്നും വിമര്‍ശനമുയരുന്നുണ്ട്.
അറുപത് പേജോളം ഉള്ള നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന ഖണ്ഡികയില്‍ ‘നമ്മുടെ മഹത്തായ പൈതൃകം കെട്ടിടങ്ങളിലോ സ്മാരകങ്ങളിലോ അല്ലെന്നും ഇന്ത്യന്‍ ഭരണഘടനയുടെ വിലമതിക്കാനാകാത്ത പൈതൃകത്തോട് നാം കാണിക്കുന്ന ബഹുമാനത്തിലും പരിഗണനയിലുമാണ് നിലനില്‍ക്കുന്നതെന്നും’ പറയുന്ന ഭാഗമാണ് ഗവര്‍ണര്‍ വായിച്ചത്.

ഗവര്‍ണര്‍ വായിച്ച ഭാഗം 

” നമ്മുടെ മഹത്തായ പൈതൃകം കെട്ടിടങ്ങളിലോ സ്മാരകങ്ങളിലോ അല്ലെന്നും മറിച്ച് ജനാധിപത്യം, മതനിരപേക്ഷത, ഫെഡറലിസം, സാമൂഹ്യനീതി, എന്നീ കാലാതീത മൂല്യങ്ങളോടും ഇന്ത്യന്‍ ഭരണഘടനയുടെ വിലമതിക്കാനാകാത്ത പൈതൃകത്തോട് നാം കാണിക്കുന്ന ബഹുമാനത്തിലും പരിഗണനയിലുമാണെന്നും നമുക്ക് ഓര്‍ക്കാം. ഇക്കാലമത്രയും നമ്മുടെ രാഷ്ട്രത്തെ സംഘടിതവും ശക്തവുമായി നിലനിര്‍ത്തിയത് സഹകരണ ഫെഡറലിസത്തിന്റെ അന്തഃസത്തയാണ്. ഈ അന്തസത്തയ്ക്ക് ശോഷണം സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. വൈവിദ്ധ്യവും വര്‍ണാഭവുമായ ഈ രാഷ്ട്രത്തിന്റെ ഭാഗമെന്ന നിലയില്‍ നാം ഒത്തൊരുമിച്ച് നമ്മുട പന്ഥാവിലുള്ള എല്ലാ വെല്ലുവിളികളേയും അതിജീവിച്ചുകൊണ്ട് സമഗ്രമായ വളര്‍ച്ചയുടെയും ഉത്തരവാദിത്തമുള്ള പ്രതിരോധശേഷിയുടെയും വര്‍ണകമ്പളം നെയ്‌തെടുക്കാം”.

Eng­lish Sum­ma­ry: gov­er­nor assel­bly speech
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.