19 December 2025, Friday

Related news

December 16, 2025
December 7, 2025
December 1, 2025
November 6, 2025
November 1, 2025
October 23, 2025
October 20, 2025
October 11, 2025
October 8, 2025
September 30, 2025

നയപ്രഖ്യാപനം വായിക്കാന്‍ സമയമില്ലാത്ത ഗവര്‍ണര്‍ക്ക് ഒന്നര മണിക്കൂര്‍ റോഡില്‍ കുത്തിയിരിക്കാന്‍ സമയമുണ്ട്; മുഖ്യമന്ത്രി

സ്വന്തം ലേഖകന്‍
തിരുവനന്തപുരം
January 27, 2024 8:16 pm

നയപ്രഖ്യാപനം വായിക്കാന്‍ സമയമില്ലാത്ത ഗവര്‍ണര്‍ക്ക് ഒന്നര മണിക്കൂര്‍ റോഡില്‍ കുത്തിയിരിക്കാന്‍ സമയമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ആദ്യഭാഗവും അവസാനഭാഗവും വായിച്ചാല്‍ സാങ്കേതികമായി നയപ്രഖ്യാപനം വായിച്ചതായി കണക്കുകൂട്ടാം. എന്നാല്‍ എന്താണ് അദ്ദേഹം കാണിച്ചത്? ഇത് ഏതെങ്കിലും മുന്നണിയോടോ പക്ഷത്തോടോ ഉള്ള വെല്ലുവിളിയല്ലെന്നും കേരളത്തോടുള്ള വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടനയെ അവഹേളിക്കുന്ന നിലപാടുകളാണ് അദ്ദേഹം സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഗവര്‍ണര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് തനിക്ക് പറയാന്‍ കഴിയുന്ന കാര്യമല്ല. അദ്ദേഹം ഒരു പ്രത്യേക നിലപാടാണ് സ്വീകരിക്കുന്നത്. അധികാര സ്ഥാനത്തിരിക്കുന്നവര്‍ ആരായാലും അവര്‍ക്കുനേരെ വ്യത്യസ്തമായ പ്രതിഷേധങ്ങളുണ്ടായേക്കാം. അതിനോട് സ്വീകരിക്കേണ്ട സമീപനം എന്താണെന്നുള്ളതാണ് വിഷയം. മുഖ്യമന്ത്രി എന്ന നിലയില്‍ തനിക്കെതിരെയും പ്രതിഷേധങ്ങളുണ്ടായിട്ടുണ്ട്. കരിങ്കൊടി കാണിക്കുന്ന സമയത്ത് അവിടെ ഇറങ്ങിച്ചെന്ന് എന്താണ് പൊലീസ് ചെയ്യുന്നതെന്ന് നോക്കുന്ന രീതി ആരെങ്കിലും സ്വീകരിച്ചിട്ടുണ്ടോ? നേരത്തെ എവിടെയെങ്കിലും അങ്ങനെ കണ്ടിട്ടുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

ചെയ്യാന്‍ പാടില്ലാത്ത കാര്യമാണെന്നറിഞ്ഞുകൊണ്ട് തന്നെയാണ് ഗവര്‍ണര്‍ ചെയ്യുന്നത്. ഇത്തരം പ്രതിഷേധങ്ങളുണ്ടായാല്‍ അദ്ദേഹത്തിന് യാത്ര ചെയ്യാനുള്ള സംവിധാനമുണ്ടാക്കുകയാണ് പൊലീസ് ചെയ്യുന്നത്. തുടര്‍ന്ന് പ്രതിഷേധിച്ചവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും. എന്നാല്‍, ആ നിയമനടപടി താന്‍ പറയുന്ന രീതിയില്‍ വേണം എന്ന് വാശി പിടിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാന്‍ എന്ന ഗവര്‍ണര്‍ ചെയ്യുന്നത്.
സുരക്ഷ സിആര്‍പിഎഫിന് കൈമാറിയെന്നാണ് പറയുന്നത്. അത് വളരെ വിചിത്രമായ നടപടിയാണ്. സ്റ്റേറ്റിന്റെ തലവന്‍ എന്ന നിലയ്ക്ക് ഏറ്റവുമധികം സുരക്ഷ ലഭിക്കന്നയാളാണ് ഗവര്‍ണര്‍. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കാണ് ഇപ്പോള്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ഇത്തരത്തിലുള്ള സുരക്ഷ ലഭിക്കുന്നത്. ആ പട്ടികയിലാണ് ഇപ്പോള്‍ ആരിഫ് മുഹമ്മദ് ഖാന്‍ പെട്ടിരിക്കുന്നത്. അതുകൊണ്ട് എന്താണ് ഇത്ര മേന്മ കിട്ടുന്നതെന്ന് അറിയില്ല. അദ്ദേഹത്തിന്റെ സുരക്ഷയ്ക്ക് ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഇതുവരെ ഉണ്ടായിട്ടുണ്ടോ? അദ്ദേഹം ആഗ്രഹിക്കുന്ന തരത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ സിആര്‍പിഎഫിന് കഴിയുമോ?

നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന നിയമ സംവിധാനങ്ങളുണ്ട്. നിയമത്തിന് കീഴെയാണ് എല്ലാ അധികാരസ്ഥാനങ്ങളും. അത് മനസിലാക്കാത്ത നിര്‍ഭാഗ്യകരമായ നിലപാടാണ് ഇവിടെ ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇത്തരം കാര്യങ്ങളില്‍ സ്വയം വിവേകം കാണിക്കുക എന്നതാണ് പ്രധാനം. അനുഭവത്തിലൂടെ ആര്‍ജിക്കേണ്ട കാര്യമാണ്. അദ്ദേഹത്തിന് അത് ഇതുവരെ ആര്‍ജിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് തോന്നുന്നത്. ഉത്തരവാദിത്തം, വിവേകം, പക്വത ഇവയെല്ലാം കാണിക്കണം. ഇതില്‍ എല്ലാത്തിനുമോ ഏതെങ്കിലും ചിലതിനോ കുറവുണ്ടോ എന്ന് പരിശോധിക്കണം. അദ്ദേഹത്തിന് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടോ എന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന്റെ കാര്യത്തില്‍ പ്രതിപക്ഷ നേതാവും ഗവര്‍ണറും പറയുന്നത് ഒരേ രീതിയിലാണ്. എങ്ങനെയാണ് ഇത്തരത്തില്‍ താദാത്മ്യം പ്രാപിക്കാന്‍ കഴിയുന്നത്. അതൊരു ആശ്ചര്യകരമായ കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സംസ്ഥാനം നടത്തുന്ന സമരം സംബന്ധിച്ച് ചില മാധ്യമങ്ങളില്‍ വരുന്നത് മനസിലാകാതെ കൊടുക്കന്ന വാര്‍ത്തയല്ലെന്ന് അദ്ദേഹം പറഞ്ഞു. നാടിന്റെ ഏറ്റവും കടുത്ത പ്രതിഷേധം രാജ്യതലസ്ഥാനത്ത് നടത്തുകയാണ്. നിയമസഭയാകെ വേണം എന്നാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. എന്നാല്‍ പ്രതിപക്ഷം പങ്കെടുക്കുന്നില്ല. അങ്ങനെയൊരു സമരം നടക്കുമ്പോള്‍ രാജ്യം ശ്രദ്ധിക്കുന്ന സമരമായി മാറും. ഈ സമരത്തിന്റെ ഉദ്ഘാടനചടങ്ങില്‍ മറ്റ് മുഖ്യമന്ത്രിമാരെയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഉള്‍പ്പെടെ ക്ഷണിച്ചു. ഇതെല്ലാം സമരത്തിന്റെ ഭാഗമാണ്. ലളിതവല്‍ക്കരിക്കാന്‍ നടക്കുന്ന ശ്രമമാണെന്നും മുഖ്യമന്ത്രി ചോദ്യത്തിന് മറുപടിയായി ചൂണ്ടിക്കാട്ടി.

Eng­lish Sum­ma­ry: pinarayi vijayan against gov­er­nor arif muhammed khan
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.