22 December 2024, Sunday
KSFE Galaxy Chits Banner 2

ദുരന്തങ്ങള്‍ക്കെതിരെ എല്ലാവരും ജാഗ്രത്താകണം

Janayugom Webdesk
February 15, 2024 5:00 am

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ തെക്കുംഭാഗത്ത് പുതിയകാവിനടുത്ത് കഴിഞ്ഞദിവസം നടന്ന സ്ഫോടനവും ജീവഹാനിയും സ്ഫോടകവസ്തുക്കള്‍ ഉപയോഗിക്കുന്നതിലെ അശ്രദ്ധയും നിമയവിരുദ്ധ നടപടികളും സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വീണ്ടും വഴിമരുന്നിട്ടിരിക്കുന്നു. വന്‍സ്ഫോടനമാണ് തൃപ്പൂണിത്തുറയിലുണ്ടായത്. രണ്ട് ജീവനുകള്‍ നഷ്ടമായി. കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവത്തിന് വേണ്ടിയെത്തിച്ച പടക്കശേഖരം വാഹനത്തില്‍ നിന്നിറക്കുമ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പടക്കങ്ങൾ കൊണ്ടുവന്ന വാനും സമീപത്തുണ്ടായിരുന്ന കാറും കത്തിനശിച്ചു. 300 മീറ്റർ അകലെവരെ പ്രകമ്പനമുണ്ടായി. പത്തോളം വീടുകൾ തകർന്നു. പരിസരത്തെ 25ഓളം വീടുകൾക്ക് നാശനഷ്ടമുണ്ടായി. ഒരു കിലോമീറ്ററോളം അകലെവരെ സ്ഫോടന ശബ്ദം കേട്ടുവെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കിയിരിക്കുന്ന മൊഴി. എത്രത്തോളം മാരകമായ സ്ഫോടനമാണ് നടന്നത് എന്നതിന്റെ ഉദാഹരണമാണ് ഇവയൊക്കെ. ഭാഗ്യംകൊണ്ടു മാത്രമാണ് ജീവഹാനി കുറഞ്ഞത് എന്ന് ആശ്വസിക്കാം. ഈ സ്ഫോടനത്തിന് പിന്നാലെയും വീഴ്ചകള്‍ സംബന്ധിച്ച ആരോപണ പ്രത്യാരോപണങ്ങളും ഉത്തരവാദിത്തം സംബന്ധിച്ച തര്‍ക്കങ്ങളും പതിവുപോല ഉയര്‍ന്നു. അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് നടപടിയെടുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുമുണ്ട്. വളരെയേറെ ഗൗരവതരവും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതുമായ വിഷയങ്ങളെപ്പോലും ഉദാസീനതയോടെയും നിരുത്തരവാദപരമായും സമീപിക്കുന്ന ശീലത്തിന്റെ ഉദാഹരണമാണ് ഈ അപകടവും. പുതിയകാവ് ദേവി ക്ഷേത്ര ഭാരവാഹികൾക്ക് സ്ഫോടകവസ്തുക്കൾ സൂക്ഷിക്കുന്നതിനോ വെടിക്കെട്ട് നടത്തുന്നതിനോ ലൈസൻസോ അനുമതിയോ ഉള്ളതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്താനായിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് റവന്യു മന്ത്രി കെ രാജന്‍ നിയമസഭയില്‍ പറഞ്ഞിട്ടുള്ളത്. കൂടുതല്‍ അന്വേഷണത്തില്‍ ഇതിന്റെ മറ്റു വിശദാംശങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ഇതുകൂടി വായിക്കൂ; രാഷ്ട്രീയ സമരമായി മാറുന്ന കര്‍ഷക പ്രക്ഷോഭം


നിഷ്കര്‍ഷിക്കുന്ന സാഹചര്യങ്ങള്‍ ഒരുക്കാതെയാണ് തൃപ്പൂണിത്തുറയില്‍ സ്ഫോടകവസ്തുക്കള്‍ സംഭരിക്കാനെത്തിച്ചത് എന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. നിരവധി വീടുകളും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നതുമായ ഇടത്ത് സ്ഫോടകവസ്തു ശേഖരിച്ചു എന്നതില്‍ നിന്ന് അത് വ്യക്തവുമാണ്. ഇത്തരം സ്ഥാപനങ്ങള്‍ ജനസാന്ദ്രതയേറിയ പ്രദേശങ്ങളില്‍ പാടില്ലെന്നുണ്ട്. നാശനഷ്ടത്തിന്റെ തീവ്രത വര്‍ധിച്ചതുതന്നെ അക്കാരണത്താലാണെന്നാണ് സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്. തൊട്ടുതൊട്ടെന്നതുപോല വീടുകളും കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് സ്ഫോടകവസ്തുക്കള്‍ സംഭരിക്കുന്നത് എന്നതില്‍ നിന്നുതന്നെ ഉദാസീനതയും നിരുത്തരവാദിത്തവും പ്രകടമാണ്. കൂടുതല്‍ വീഴ്ചകളുണ്ടായോ എന്നത് അന്വേഷണത്തില്‍ വെളിപ്പെടുമെന്ന് കരുതാവുന്നതാണ്. ഓരോ സംഭവം ഉണ്ടാകുകയും ജീവഹാനിയോ നാശനഷ്ടങ്ങളോ സംഭവിക്കുകയും ചെയ്യുമ്പോഴാണ് ഉദാസീനത, വീഴ്ച, നിഷ്ക്രിയത്വം, നിരുത്തരവാദിത്തം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് നാം ചര്‍ച്ച ചെയ്യാറുള്ളത്. വെടിക്കെട്ടപകടങ്ങളുടെ കാര്യംതന്നെയെടുക്കാം. കൊല്ലം ജില്ലയിലെ പുറ്റിങ്ങലില്‍ 2016 ഏപ്രിൽ 10ന് നടന്ന അപകടമാണ് സംസ്ഥാനത്തെ ഏറ്റവും മാരകമായത് എന്ന് കണക്കാക്കപ്പെടുന്നത്. ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടാണ് ഇവിടെ അപകടം വിതച്ചത്. മുകളിലേക്കുപോയി പൊട്ടിയ ഒരു അമിട്ടില്‍ നിന്നുള്ള തീപ്പൊരി കമ്പപ്പുരയിൽ വീണ് പൊട്ടിത്തെറിച്ചാണ് ഭീകരമായ ആള്‍നാശവും വസ്തുനാശവുമുണ്ടായ അപകടം സംഭവിച്ചത്. ഈ അപകടവും ഗൗരവതരമായ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. ക്രൈംബ്രാഞ്ച്, സിബിഐ അന്വേഷണ ആവശ്യങ്ങളും കേസുകളുമൊക്കെ ഉണ്ടായി. കളക്ടർ അനുമതി നിഷേധിച്ചിട്ടും പൊലീസിന്റെ മൗനാനുവാദത്തോടെ വെടിക്കെട്ട് നടന്നുവെന്ന വിവാദ വെളിപ്പെടുത്തലും നിയമവിരുദ്ധമായി നടത്തുന്നുവെന്നറിഞ്ഞിട്ടും ബന്ധപ്പെട്ടവര്‍ തടയാന്‍ ശ്രമിച്ചില്ലെന്നുമൊക്കെയുള്ള വെളിപ്പെടുത്തലുകളും ഉണ്ടായി. കരാറുകാര്‍ തമ്മിലുള്ള മത്സര വെടിക്കെട്ട് അനുവാദമില്ലാതെ നടന്നുവെന്ന ആരോപണവും അക്കാലത്തുയര്‍ന്നിരുന്നു.


ഇതുകൂടി വായിക്കൂ;  നാസികള്‍ ചരിത്രത്തില്‍ മറഞ്ഞിട്ടില്ല


 

എന്നാല്‍ പിന്നീട് എല്ലാവരും എല്ലാം മറന്നു. അടുത്തകാലത്ത് കളമശേരിയിലെ കുസാറ്റ് കാമ്പസിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ ദുരന്തത്തിന്റെയും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെയും നിബന്ധനകളും വ്യവസ്ഥകളും പാലിക്കുന്നതില്‍ വീഴ്ചയുണ്ടായി. മതിയായ സുരക്ഷാനടപടികൾ സ്വീകരിച്ചില്ല, കൂടുതൽ ആളുകൾ എത്തുമെന്നറിഞ്ഞിട്ടും പൊലീസിനെ അറിയിച്ചില്ല, പരിപാടിയുടെ നടത്തിപ്പിലും അലംഭാവമുണ്ടായി തുടങ്ങിയ വീഴ്ചകളാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ പോലുമുണ്ടായിരുന്നത്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഓഡിറ്റോറിയത്തിലെ പരിപാടികൾക്ക് മാനദണ്ഡം കൊണ്ടുവരികയും ചെയ്തു. പക്ഷേ ഇത് കൃത്യമായി നിരീക്ഷിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഇല്ലാത്തതോ അലംഭാവമുണ്ടാകുന്നതു മൂലമോ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നു. അതുകൊണ്ട് തുടര്‍ച്ചയായ നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തുക എന്നതാണ് ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള പ്രധാന പോംവഴി. നമ്മുടെ ഉദ്യോഗസ്ഥ സംവിധാനം ഉത്തരവാദിത്തങ്ങള്‍ യഥാവിധി നിര്‍വഹിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ എല്ലാവര്‍ക്കും സാധിക്കണം. അത് ഉന്നത ഉദ്യോഗസ്ഥര്‍ മാത്രം നിര്‍വഹിക്കേണ്ടതല്ല. ജീവഹാനിയോ നാശനഷ്ടമോ സംഭവിക്കുന്നത് നമ്മിലൊരാള്‍ക്കോ പരിസരങ്ങളിലുള്ള ഒരാള്‍ക്കോ ആയേക്കാമെന്ന ധാരണയില്‍ ജനങ്ങളും ജാഗ്രത കാട്ടണം. ശ്രദ്ധയില്‍പ്പെടുന്ന വീഴ്ചകള്‍ അതാത് ഘട്ടത്തില്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനും മനസുവയ്ക്കണം.

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.