19 December 2024, Thursday
KSFE Galaxy Chits Banner 2

മോഡിയുടെ ഗ്യാരന്റി: മറ്റൊരു കര്‍ഷക കുരുതി

Janayugom Webdesk
February 22, 2024 5:00 am

‘മോഡിയുടെ ഗ്യാരന്റി‘യുടെ ബലിപീഠത്തിൽ ഒരു കർഷകൻ കൂടി കുരുതിയായി. കർഷകരുടെ ഉല്പന്നങ്ങൾക്ക് നിയമത്തിന്റെ പിൻബലമുള്ള കുറഞ്ഞ താങ്ങുവില എന്നത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപിയും 2014ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ കർഷകർക്ക് നൽകിയ ഗ്യാരന്റിയാണ്. അധികാരത്തിൽ 10വർഷം പൂർത്തിയാക്കുമ്പോഴും ആ വാഗ്ദാനം, ഗ്യാരന്റി, മറ്റ് പല ഗ്യാരന്റിയെയും പോലെ ഇനിയും പാലിക്കപ്പെട്ടിട്ടില്ല. 2021–22 കാലയളവിൽ ഡൽഹി നഗരത്തെ ഉപരോധിച്ച് നടത്തിയ ഐതിഹാസിക സമരത്തിൽനിന്നും അവരെ പിന്തിരിപ്പിക്കാൻ പ്രധാനമന്ത്രി തന്റെ ഗ്യാരന്റി കർഷകരോടും രാജ്യത്തോടും ആവർത്തിക്കുകയുണ്ടായി. 750ല്പരം പേരെ ആ പ്രക്ഷോഭത്തിൽ ബലിനൽകിയ കർഷകർ പ്രധാനമന്ത്രിയുടെ വാക്കുകൾ വിശ്വസിച്ച് സമരമുഖത്തുനിന്നും പിന്മാറി. മോഡിയുടെ ഗ്യാരന്റിയിൽ വിശ്വസിച്ച തങ്ങള്‍ വഞ്ചിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞപ്പോഴാണ് താങ്ങുവിലയടക്കം ആവശ്യങ്ങൾ ഉന്നയിച്ച് ഡൽഹിയിലേക്ക് വീണ്ടും മാർച്ചുചെയ്യാൻ കർഷകർ തയ്യാറായത്. ശത്രുക്കളെയെന്നപോലെ ഹരിയാനയുടെയും ഡൽഹിയുടെയും അതിർത്തികളിൽ വൻ പ്രതിരോധമുയർത്തിയാണ് കർഷകരെ നേരിടാൻ കേന്ദ്ര, സംസ്ഥാന ബിജെപി സർക്കാരുകൾ മുതിർന്നത്. കർഷകരെ പ്രക്ഷോഭത്തിൽനിന്നും പിന്തിരിപ്പിക്കാൻ അഞ്ചുതവണ കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിൽ അനുരഞ്ജന ചർച്ചകൾ നടന്നു. നെല്ല്, ഗോതമ്പ് എന്നിവയ്ക്ക് പുറമെ മൂന്നുതരം പയർ-പരിപ്പിനങ്ങൾ, ചോളം, പരുത്തി എന്നിവയ്ക്ക് കരാർകൃഷി അടിസ്ഥാനത്തിൽ അടുത്ത അഞ്ചുവർഷത്തേക്ക് താങ്ങുവില നല്‍കാമെന്ന വാഗ്ദാനത്തിന് അപ്പുറത്തേക്ക് കർഷകരുടെ ആവശ്യങ്ങളോട് നിഷേധാത്മക സമീപനമാണ് കേന്ദ്രം സ്വീകരിച്ചത്. രോഷാകുലരായ കർഷകർ ഡൽഹിയിലേക്കുള്ള മാർഗമധ്യേ ഹരിയാന അതിർത്തികളിൽ തടയപ്പെട്ടു. 1,200ല്പരം ട്രാക്ടർ ട്രോളികളിലായി എത്തിയ 14,000ത്തില്പരം കർഷകരാണ് പഞ്ചാബ്, ഹരിയാന അതിർത്തിയിലെ ശംബുവിൽമാത്രം തടയപ്പെട്ടിട്ടുള്ളത്. അവർക്കുനേരെ തുടർന്നുവരുന്ന ഡ്രോണുകളും റബ്ബർ ബുള്ളറ്റുകളും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ഇന്നലെ ഒരു യുവകർഷകൻ കൊല്ലപ്പെടുകയും അനേകംപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയുമുണ്ടായത്.

 


ഇതുകൂടി വായിക്കൂ: സെല്‍ഫിയെടുക്കാന്‍ ഭിക്ഷ നല്‍കുന്നവര്‍


താൻ അധികാരത്തിലെത്തിയാൽ കർഷകരുടെ വരുമാനം ഇരട്ടിയായി വർധിപ്പിക്കുമെന്ന് പ്രകടനപത്രികയിൽ വാഗ്ദാനം നൽകിയാണ് നരേന്ദ്ര മോഡി ബിജെപി നേതാവെന്ന നിലയിൽ 2014ൽ പ്രധാനമന്ത്രിയായി അധികാരത്തിൽ എത്തിയത്. 2016–17ലെ ബജറ്റിൽ 2022ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന വാഗ്ദാനം മോഡി സർക്കാർ ആവർത്തിച്ചു. ആ ലക്ഷ്യത്തിൽ അടുത്തകാലത്തൊന്നും എത്തിച്ചേരാൻ സർക്കാരിന്റെ നയപരിപാടികൾ അനുവദിക്കില്ലെന്ന് ബോധ്യപ്പെട്ട കർഷകർ 2021ൽ പ്രക്ഷോഭം ആരംഭിച്ചു. കർഷകരുടെ ഭൂമിയും കാർഷിക വിപണികളുടെ നിയന്ത്രണവും കോർപറേറ്റുകൾക്ക് അടിയറവ് വയ്ക്കുന്നതും കരാർ കൃഷി സമ്പ്രദായം നടപ്പാക്കുന്നതുമായ നിയമങ്ങളെ എതിർത്തും വാഗ്ദാനം ചെയ്ത കുറഞ്ഞ താങ്ങുവില സമ്പ്രദായത്തിന് നിയമസാധുത ആവശ്യപ്പെട്ടുമായിരുന്നു ആ സമരം. കർഷകരെ ഭീകരവാദികളായി ചിത്രീകരിച്ച് പ്രക്ഷോഭത്തെ ചോരയിൽ മുക്കിക്കൊല്ലാനായിരുന്നു മോഡി സർക്കാർ ശ്രമം. കർഷകർ അതിന് വലിയ വില നല്‍കേണ്ടിവന്നു. പക്ഷെ, അവരുടെ ത്യാഗത്തിനും സമരവീര്യത്തിനും മുന്നിൽ മോഡിക്ക് മുട്ടുമടക്കേണ്ടിയും വന്നു. അന്നദാതാക്കൾ എന്ന് കർഷകരെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി തങ്ങളെ ഇത്രയും ക്രൂരമായി വഞ്ചിക്കുമെന്ന് അവർ പ്രതീക്ഷിച്ചിരിക്കില്ല. ആ വഞ്ചനയ്ക്കെതിരെ നിലനില്പിനുവേണ്ടിയുള്ള പോരാട്ടത്തിലാണ് കർഷകർ ഇപ്പോൾ ഏർപ്പെട്ടിട്ടുള്ളത്. പൊതുതെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ കർഷകർ രാഷ്ട്രതലസ്ഥാനത്ത് എത്തുന്നതും അവരുടെ ആവശ്യങ്ങൾ അംഗീകരിക്കപ്പെടുംവരെ അവിടെ തുടരുന്നതും ബിജെപിക്കും മോഡിക്കും അംഗീകരിക്കാനാകാത്ത ഭീഷണിയാണ്. അത് എന്ത് വിലകൊടുത്തും തടയാനുള്ള ശ്രമത്തിലാണ് കേന്ദ്ര, ഹരിയാന ബിജെപി സർക്കാരുകൾ.
2021–22ലെ കർഷക സമരത്തിൽ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളെയും ട്രേഡ്‌ യൂണിയനുകളെയും അകറ്റിനിർത്തിയത് ആ പ്രക്ഷോഭത്തിന്റെ ഗതിവിഗതികളെ നിർണായകമായി സ്വാധീനിച്ചിരുന്നു. മോഡിയും ബിജെപിയും പിന്തുടരുന്ന രാഷ്ട്രീയ, സാമ്പത്തിക കാഴ്ചപ്പാടാണ് പ്രശ്നത്തിന്റെ കാതൽ എന്ന് തിരിച്ചറിയാൻ കൂട്ടായ കർഷക നേതൃത്വത്തിന് കഴിഞ്ഞിരുന്നില്ല. ഇപ്പോഴാകട്ടെ കർഷകരുടെ സംഘടനകളും ട്രേഡ്‌യൂണിയനുകളും കൈകോർക്കാനും ഒരുമിച്ചുപൊരുതാനും വലിയൊരളവ് സന്നദ്ധമായിട്ടുണ്ട്. എന്നാൽ, കർഷക സംഘടനകൾക്കിടയിൽ രാഷ്ട്രീയാനുകൂലം, രാഷ്ട്രീയേതരം എന്ന രീതിയിൽ ഉണ്ടായിട്ടുള്ള ചേരിതിരിവ് കർഷകരുടെ കൂട്ടായ വിലപേശലിനെ തെല്ലെങ്കിലും ദുർബലപ്പെടുത്തിയിട്ടുണ്ട്. ഇതിനെ മറികടന്നുള്ള കർഷകരുടെയും തൊഴിലാളികളുടെയും യോജിച്ച ഐക്യനിര എന്നതായിരിക്കും ഈ നിർണായക പോരാട്ടത്തിൽ വിജയത്തിന്റെ താക്കോൽ. അത്തരം ഒരു ഐക്യപ്പെടലിന് പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ പിന്തുണയും പിൻബലവും ഉറപ്പുവരുത്താനായാൽ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തെ അത് നിർണായകമായി സ്വാധീനിക്കുകതന്നെ ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.