25 November 2024, Monday
KSFE Galaxy Chits Banner 2

Related news

June 18, 2024
May 21, 2024
April 29, 2024
April 3, 2024
March 3, 2024
February 22, 2024
February 15, 2024
November 15, 2023
October 15, 2023
October 9, 2023

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് കൂടുതൽ കാര്യക്ഷമമാക്കുന്നു; പുതിയ മാറ്റങ്ങൾ മേയ് ഒന്നു മുതൽ

Janayugom Webdesk
തിരുവനന്തപുരം
February 22, 2024 9:07 pm

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നിർദേശങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. ‘മോട്ടോർ സൈക്കിൾ വിത്ത് ഗിയർ’ എന്ന വിഭാഗത്തിന് ഇനി ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കേണ്ടത് കാൽ പാദം കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ഗിയർ സെലക്ഷൻ സംവിധാനമുള്ളതും 95 സിസിക്ക് മുകളിൽ എന്‍ജിൻ കപ്പാസിറ്റിയുള്ളതുമായ മോട്ടോർ സൈക്കിൾ ആയിരിക്കണം. കാറുകളും മറ്റ് ചെറു വാഹനങ്ങളും ഉള്‍പ്പെടുന്ന ലൈറ്റ് മോട്ടോർ വെഹിക്കിൾ വിഭാഗത്തിലെ ഗ്രൗണ്ട് ടെസ്റ്റ് ആംഗുലാർ പാർക്കിങ്, പാരലൽ പാർക്കിങ്, സിഗ്-സാഗ് ഡ്രൈവിങ്, ഗ്രേഡിയന്റ് ടെസ്റ്റ് എന്നിവ ഉൾപ്പെടുത്തി പരിഷ്കരിച്ചു.

ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ ഡ്രൈവിങ് ടെസ്റ്റിനായി ഓട്ടോമാറ്റിക് ഗിയർ/ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉള്ള വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാൻ പാടില്ലെന്നും ഇതു സംബന്ധിച്ചു ട്രാൻസ്പോർട്ട് കമ്മിഷണർ പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു. പുതിയ നിർദേശങ്ങൾ മേയ് ഒന്നിനു പ്രാബല്യത്തിൽ വരും.

മോട്ടോർ സൈക്കിൾ വിഭാഗത്തിലെ പാർട്ട് 2 റോഡ് ടെസ്റ്റ് വാഹന ഗതാഗതമുള്ള റോഡിൽ തന്നെ നടത്തണം. ഗ്രൗണ്ടിൽ തന്നെ പാർട്ട് 2 റോഡ് ടെസ്റ്റ് നടത്തുന്നത് ഉദ്യോഗസ്ഥന്റെ കൃത്യനിർവഹണത്തിലെ വീഴ്ചയായി കണക്കാക്കും. പ്രതിദിനം ഒരു എംവിഐയും ഒരു എഎംവിഐയും ചേർന്ന് ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ട അപേക്ഷകരുടെ എണ്ണം 30 ആയി നിജപ്പെടുത്തി. ഇതിൽ 20 എണ്ണം പുതിയ അപേക്ഷകരും 10 എണ്ണം നേരത്തെ പരാജയപ്പെട്ട അപേക്ഷകരുമായിരിക്കണം. 30 എണ്ണത്തിൽ കൂടുതൽ ആയാൽ ടെസ്റ്റിങ് കാര്യക്ഷമമായി നടത്താൻ കഴിയാത്തതുകൊണ്ടാണ് ഈ മാറ്റം.

പരാജയപ്പെട്ട അപേക്ഷകരുടെ എണ്ണം 10ൽ കുറവായാൽ കുറവ് വരുന്ന എണ്ണം നേരത്തെ അപേക്ഷിച്ച് ടെസ്റ്റിന് ഹാജരാകാൻ കഴിയാതിരുന്നവർക്ക് മുൻഗണന പ്രകാരം നൽകാം. 30 എണ്ണത്തിലധികം ടെസ്റ്റ് നടത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ്തല നടപടിയുണ്ടാകും. നിലവിൽ ഡ്രൈവിങ് സ്കൂൾ ലൈസൻസിൽ ചേർത്തിട്ടുള്ള 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ മേയ് ഒന്നിനു മുമ്പായി നീക്കം ചെയ്യേണ്ടതും പകരം 15 വർഷത്തിൽ താഴെ പഴക്കമുള്ള വാഹനങ്ങൾ ലൈസൻസിൽ ചേർക്കേണ്ടതുമാണ്. ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കുന്ന മോട്ടോർ ഡ്രൈവിങ് സ്കൂളിന്റെ എൽഎംവി വിഭാഗത്തിൽപ്പെടുന്ന വാഹനങ്ങളിൽ ടെസ്റ്റ് റെക്കോർഡ് ചെയ്യുന്നതിനായുള്ള ഡാഷ്ബോർഡ് കാമറയും വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസും ഡ്രൈവിങ് സ്കൂൾ ഉടമ വാങ്ങി ഘടിപ്പിക്കണം.

ടെസ്റ്റ് റെക്കോഡ് ചെയ്തു മെമ്മറി കാർഡ് എംവിഐ കൈവശം കൊണ്ടുപോകേണ്ടതും അതിലെ ഡാറ്റ ഓഫിസിലെ കമ്പ്യൂട്ടറിലേക്ക് മാറ്റിയ ശേഷം മെമ്മറി കാർഡ് തിരികെ നൽകേണ്ടതുമാണ്. ഡാറ്റ മൂന്ന് മാസകാലയളവിലേക്ക് ഓഫിസിൽ സൂക്ഷിക്കണമെന്നും പുതിയ നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു. നിയമത്തില്‍ നിര്‍ദേശിക്കപ്പെട്ട യോഗ്യത നേടിയവര്‍ക്ക് മാത്രമെ ഡ്രൈവിങ് സ്കൂളിലെ പരിശീലകരാകാന്‍ സാധിക്കൂവെന്നും ട്രാൻസ്പോർട്ട് കമ്മിഷണറുടെ സർക്കുലറിൽ വ്യക്തമാക്കി.

Eng­lish Sum­ma­ry: Total change in dri­ving licence test Kerala
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.