21 December 2024, Saturday
KSFE Galaxy Chits Banner 2

സത്യനാഥന്റെ കൊലപാതകം; പ്രതി അഭിലാഷിന് പാർട്ടിയുമായി ബന്ധമില്ലെന്ന് സിപിഐഎം

Janayugom Webdesk
കോഴിക്കോട്
February 23, 2024 8:49 pm

കോഴിക്കോട് കൊയിലാണ്ടിയിൽ സിപിഎം ലോക്കൽ സെക്രട്ടറി പി വി സത്യനാഥന്റെ കൊലപാതകത്തിലെ പ്രതി അഭിലാഷിന് പാർട്ടിയുമായി ബന്ധമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. കൊലപാതകത്തിൽ സമ​ഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമൂഹ മനഃസാക്ഷിയെ പിടിച്ചുലയ്ക്കുന്ന നിഷ്ഠൂരമായ കൊലപാതകമാണ് കൊയിലാണ്ടിയിലുണ്ടായിരിക്കുന്നത്.

പൊതുജനങ്ങളുടെയാകെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുകയും അവർക്കൊപ്പം നിൽക്കുകയും പാർട്ടിയുടെ വളർച്ചയ്ക്കായി പൊരുതുകയും ചെയ്ത ഉത്തമനായ കമ്യൂണിസ്റ്റും മികച്ച പാർട്ടി പ്രവർത്തനുമായിരുന്നു വ്യാഴാഴ്ച രാത്രി കൊല്ലപ്പെട്ട സിപിഐ എം കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പി വി സത്യനാഥ്. സത്യനാഥിന്റെ കൊലപാതകം കേരളത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. അതിനിഷ്ഠൂരമായാണ് സത്യനാഥിനെ കൊലപ്പെടുത്തിയത്. ആയുധങ്ങളുമായി കരുതിക്കൂട്ടിയെത്തിയ പ്രതി സത്യനാഥിനെ ക്ഷേത്രോത്സവത്തിനിടെ വെട്ടിക്കൊല്ലുകയായിരുന്നു.

സംഭവത്തിൽ ഒരാൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുണ്ട്. സമഗ്രമായ അന്വേഷണം നടത്തി പ്രതിക്ക് തക്കതായ ശിക്ഷയുറപ്പാക്കണം. സംഭവത്തിന് പിന്നിൽ മറ്റാരെങ്കിലും പ്രവർത്തിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കണം. കൃത്യത്തിന് പിന്നിൽ പ്രവർത്തിച്ച മുഴുവനാളുകളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാനാവശ്യമായ അന്വേഷണം പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകണം.

സത്യനാഥിന്റെ വേർപാടിൽ പാർട്ടി പ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിലും രോഷത്തിലും സിപിഐ എം സംസ്ഥാന കമ്മിറ്റി പങ്കുചേരുന്നു. പ്രദേശത്ത് സമാധാനം നിലനിർത്താൻ മുഴുവൻ പാർട്ടി പ്രവർത്തകരും സംയമനത്തോടെ ഇടപെടണമെന്നും എം ​വി ​ഗോവിന്ദൻ പ്രസ്താവനയിൽ വ്യക്തമാക്കി. കൊലപാതകത്തില്‍ സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയും കൊയിലാണ്ടി ഏരിയാ കമ്മിറ്റിയും പ്രതിഷേധിച്ചു.

Eng­lish Summary:P V- sathyanathan murder
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.