ഉത്തര്‍പ്രദേശിന് പിന്നാലെ ഡല്‍ഹി, ഗുജറാത്ത്, ഗോവ, ഹരിയാന സംസ്ഥാനങ്ങളില്‍ ഇന്ത്യ സഖ്യ സീറ്റ് ധാരണ. രാഷ്ട്രതലസ്ഥാനമായ ഡല്‍ഹിയിലെ ഏഴ് മണ്ഡലങ്ങളില്‍ ഈസ്റ്റ്, വെസ്റ്റ്, സൗത്ത് ഡല്‍ഹിയിലും ന്യൂഡല്‍ഹിയിലും എഎപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. നോര്‍ത്ത് വെസ്റ്റ്, നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി, ചാന്ദ്നി ചൗക്ക് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് മത്സരിക്കും. 2019ല്‍ ഏഴ് സീറ്റുകളിലും ബിജെപിയാണ് ജയിച്ചത്.
ഗുജറാത്തില്‍ എഎപി രണ്ട് സീറ്റുകളിലാണ് മത്സരിക്കുക. ചണ്ഡീഗഢിലെയും ഗോവയിലെയും സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കും. ഹരിയാനയിലും എഎപി ഒരു സീറ്റിലായിരിക്കും മത്സരിക്കുക.
മഹാരാഷ്ട്രയിലെ ഇന്ത്യ സഖ്യകക്ഷികളുമായുള്ള കോണ്‍ഗ്രസിന്റെ സീറ്റ് വിഭജന ചര്‍ച്ചയില്‍ ധാരണയായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. സംസ്ഥാനത്ത് 48 ലോക്‌സഭാ മണ്ഡലങ്ങളില്‍ 39 എണ്ണത്തില്‍ ധാരണയായി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, സഖ്യകക്ഷികളായ ശിവസേന (യുബിടി)യും ശരദ് പവാറിന്റെ എന്‍സിപിയുമായി നടത്തിയ ചര്‍ച്ചകള്‍ക്കു പിന്നാലെയാണിത്. ഒമ്പത് സീറ്റുകളിലേക്കുള്ള ചര്‍ച്ച തുടരുകയാണ്. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിട്ടില്ല. വ്യാഴാഴ്ച മുംബൈയില്‍ നിശ്ചയിച്ചിരുന്ന യോഗം മുതിര്‍ന്ന നേതാക്കളുടെ തിരക്കുകള്‍ കാരണം 27ലേക്ക് മാറ്റി. യോഗത്തിന് പിന്നാലെ സീറ്റ് വിഭജനത്തില്‍ വ്യക്തത വരുമെന്നാണ് വിവരം .
സംസ്ഥാനത്ത് 20 സീറ്റ് വേണമെന്ന് ഉദ്ദവ് താക്കറെ നിര്‍ബന്ധം പിടിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 18 മണ്ഡലങ്ങളിലേക്ക് ഉദ്ദവ് ശിവസേന കോ-ഓര്‍ഡിനേറ്റര്‍മാരെയും നിയമിച്ചിരുന്നു. സീറ്റുകളില്‍ മഹാരാഷ്ട്ര വികാസ് അഘാഡി സഖ്യം സമവായത്തിലെത്തിയതായി ശരദ് പവാര്‍ അറിയിച്ചിരുന്നു. ശിവസേന (യുബിടി), കോണ്‍ഗ്രസ്, എന്‍സിപി ശരദ് പവാര്‍ വിഭാഗം, പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജന്‍ അഘാഡി എന്നിവരടങ്ങുന്ന മഹാരാഷ്ട്ര വികാസ് അഘാഡിയിലെ നേതാക്കള്‍ ഒരു മാസത്തിലേറെയായി സീറ്റുപങ്കിടല്‍ ചര്‍ച്ചകള്‍ നടക്കുകയാണ്.
മുംബൈ സൗത്ത് സെന്‍ട്രല്‍, മുംബൈ നോര്‍ത്ത് സെന്‍ട്രല്‍, നോര്‍ത്ത് വെസ്റ്റ് തുടങ്ങിയ മണ്ഡലങ്ങളിലുള്‍പ്പെടെ കോണ്‍ഗ്രസും ശിവസേന (യുബിടി)യും ഒരേപോലെ ലക്ഷ്യമിടുന്ന എട്ട് സീറ്റുകള്‍ മഹാരാഷ്ട്രയിലുണ്ടെന്നാണ് സൂചന. ബിജെപിയുമായി സഖ്യത്തിലായിരുന്ന 2019 പൊതുതെരഞ്ഞെടുപ്പില്‍ 23 സീറ്റുകളില്‍ മത്സരിച്ച ശിവസേന 18 സീറ്റുകളില്‍ വിജയിച്ചിരുന്നു. 25 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് അന്ന് വിജയിക്കാനായത് ചന്ദ്രപൂര്‍ മണ്ഡലം മാത്രമായിരുന്നു. ശരദ് പവാറിന്റെ എന്‍സിപി മത്സരിച്ച 19 സീറ്റുകളില്‍ നാലെണ്ണം വിജയിച്ചപ്പോള്‍ ബിജെപി 2019ല്‍ മത്സരിച്ച 25ല്‍ 23 എണ്ണത്തിലും വിജയിച്ചിരുന്നു.
ഉത്തര്‍പ്രദേശില്‍ ഇന്ത്യ സഖ്യ സീറ്റ് ധാരണയായതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ആകെയുള്ള 80 സീറ്റില്‍ കോണ്‍ഗ്രസ് 17 എണ്ണത്തിലാണ് മത്സരിക്കുക. ഇതിന് പിന്നാലെ എസ്‌പി നേതാവ് അഖിലേഷ് യാദവ് ആഗ്രയില്‍ വച്ച് ഭാരത് ജോഡോ യാത്രയുടെ ഭാഗമാകുമെന്നും പ്രഖ്യാപിച്ചിരുന്നു.
English Summary:India Alliance Forward; Seat agreement in Delhi and Gujarat
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.