കുംഭച്ചൂടിനെ വെല്ലുന്ന തെരഞ്ഞെടുപ്പ് ചൂടാണ് മാവേലിക്കര പാർലമെന്റ് മണ്ഡലത്തിൽ. തീയതി പ്രഖ്യാപിക്കും മുമ്പ് തന്നെ പ്രചരണം ശക്തിപ്രാപിച്ചു. മാറ്റത്തിന്റെ ചൂടൻ കാറ്റാണ് മണ്ഡലമൊട്ടാകെ അലയടിക്കുന്നത്. എൽഡിഎഫിന്റെ നവാഗത സ്ഥാനാർത്ഥി അഡ്വ. സി എ അരുൺകുമാറിന്റെ രംഗപ്രവേശം പുതിയൊരു ആവേശമാണ് സൃഷ്ടിച്ചിട്ടുള്ളത്. മൂന്ന് ജില്ലകളിലായി ഏഴ് അസംബ്ലി മണ്ഡലങ്ങൾ ഉൾപ്പെട്ട, കുന്നും മലയും കരയും ജലാശയങ്ങളും ചേർന്ന ഈ ഭൂഭാഗം മുഴുവൻ എൽഡിഎഫ് സ്ഥാനാർത്ഥി ഒരു റൗണ്ട് പര്യടനം നടത്തി. ഇന്നലെ രണ്ടാം റൗണ്ടിന് കുന്നത്തൂരിലെ ശൂരനാട് ഭാഗത്ത് തുടക്കം കുറിച്ചു.
പത്താമൂഴത്തിലും കൊടിക്കുന്നിൽ സുരേഷാണ് യുഡിഎഫ് സ്ഥാനാർത്ഥിയെന്നാണ് വിവരം. ഇത്തവണത്തെ മത്സരത്തിനില്ലെന്ന് പലതവണ പ്രഖ്യാപിച്ചതാണ്. എംപി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സാന്നിധ്യം പോലും മണ്ഡലത്തിൽ ലഭിച്ചിട്ടില്ല. തന്റെ ലക്ഷ്യം നിയമസഭയും സംസ്ഥാന ഭരണവുമൊക്കെയാണെന്നാണ് അദ്ദേഹം അടുത്തയാളുകളോട് പറഞ്ഞത്. എൻഡിഎയുടെ സ്ഥാനാർത്ഥി ഇതുവരെ ആരെന്ന് വ്യക്തമായിട്ടില്ല. ബിഡിജെഎസിനാണ് സീറ്റ് നൽകിയിരിക്കുന്നതെന്നറിയുന്നു.
അരുൺകുമാറിന്റെ തെരഞ്ഞെടുപ്പ് പര്യടനവും റോഡ്ഷോയും അക്ഷരാർത്ഥത്തിൽ മണ്ഡലത്തെ ഇളക്കിമറിക്കുന്നതാണ്. അടൂർ മണ്ഡലം പുനഃസംഘടിപ്പിക്കപ്പെട്ടശേഷം ഉണ്ടായ മാവേലിക്കര മണ്ഡലത്തിൽ ഇതുവരെ നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും കോൺഗ്രസിലെ കൊടിക്കുന്നിൽ സുരേഷാണ് വിജയിച്ചത്. അദ്ദേഹം വാരിക്കോരി നൽകിയ വാഗ്ദാനങ്ങൾ ഒന്നും തന്നെ നിറവേറ്റാനായില്ല. സംസ്ഥാന സർക്കാരും ഇവിടുത്തെ മറ്റ് ജനപ്രതിനിധികളുമാണ് തങ്ങളുടെ അധകാരപരിധിയിൽ നിന്നുകൊണ്ട് പരമാവധി സഹായം ജനങ്ങൾക്ക് എത്തിച്ചുനൽകുന്നത്. അതുകൊണ്ട് കൊടിക്കുന്നിലിന് തക്ക മറുപടി നൽകാൻ കാത്തിരിക്കുകയാണ് നാട്ടുകാർ.
മത്സരിക്കുന്നില്ലെന്ന് പറഞ്ഞുനടന്ന കൊടിക്കുന്നിൽ വീണ്ടും എത്തുന്നത് കോൺഗ്രസ് കേന്ദ്രങ്ങളിലും കടുത്ത നിരാശയാണ് സൃഷ്ടിച്ചത്. മാവേലിക്കര സീറ്റ് മോഹിച്ച പല കോൺഗ്രസ് നേതാക്കളും പ്രതിഷേധത്തിലാണ്. എൽഡിഎഫിന്റെ ശക്തമായ അടിത്തറയുള്ള മണ്ഡലമാണിത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏഴിൽ ഏഴും വിജയിച്ചത് എൽഡിഎഫാണ്. ഈ നിയമസഭാ മണ്ഡലങ്ങളിൽ അവർ നടത്തുന്ന വികസന പ്രവർത്തനങ്ങള്‍ ജനങ്ങൾക്ക് ഏറെ മതിപ്പുളവാക്കുന്നവയാണ്. ചെങ്ങന്നൂർ, പത്തനാപുരം മണ്ഡലങ്ങളിൽ നിന്ന് വിജയിച്ച സജി ചെറിയാൻ, കെ ബി ഗണേഷ്ണകുമാര്‍ എന്നിവർ മന്ത്രിസഭാംഗങ്ങളുമാണ്. ഇതെല്ലാം കൊണ്ടുതന്നെ ഇടതുപക്ഷ സ്ഥാനാർത്ഥിയെ വിജയിപ്പിക്കുവാനൊരുങ്ങിയിരിക്കുകയാണ് മാവേലിക്കര.
English Summary:Mavelikara to think differently
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.