22 November 2024, Friday
KSFE Galaxy Chits Banner 2

Related news

September 24, 2024
May 10, 2024
April 23, 2024
March 26, 2024
March 16, 2024
March 6, 2024
December 4, 2023
December 4, 2023
October 14, 2023
September 22, 2023

കൊച്ചിക്ക് അഭിമാനമായി മെട്രോ ഇനി തൃപ്പൂണിത്തുറയിലേക്കും; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

Janayugom Webdesk
തിരുവനന്തപുരം
March 6, 2024 12:22 pm

കൊച്ചിക്ക് അഭിമാനമായി മെട്രോ ഇനി തൃപ്പൂണിത്തുറയിലേക്കും. ഇന്നു രാവിലെ പത്തിന് കൊല്‍ക്കത്തിയില്‍ നിന്നും ഓണ്‍ലൈനായി പ്രധാനമന്ത്രി നരേന്ദ്രമോഡി മെട്രോയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ഇതോടെ കൊച്ചി മെട്രോയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കി . ഉദ്ഘാടന ചടങ്ങില്‍ മന്ത്രി പി രാജീവ്, ഹൈബി ഈഡന്‍ എം പി, കെ ബാബു എംഎല്‍എ, ജില്ലാ കളക്ടര്‍ എന്‍ എസ്കെ ഉമേഷ്, കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ തുടങ്ങിയവര്‍ പങ്കെടുത്തു.

എസ്എൻ ജങ്‌ഷൻ സ്റ്റേഷൻ മുതൽ തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷൻവരെ 1.16 കിലോമീറ്റർ ദൂരമാണുള്ളത്‌. 1.35 ലക്ഷം ചതുരശ്രയടി വിസ്തീർണമാണ് തൃപ്പൂണിത്തുറ സ്‌റ്റേഷനുള്ളത്‌. ഇതിൽ 40,000 ചതുരശ്രയടി ടിക്കറ്റ് ഇതരവരുമാനം വർധിപ്പിക്കാനുള്ള പദ്ധതികൾക്കാണ്‌ നീക്കിവച്ചിരിക്കുന്നത്‌. ഓപ്പൺ വെബ് ഗിർഡർ സാങ്കേതികവിദ്യ കൊച്ചി മെട്രോയിൽ ആദ്യമായി ഉപയോഗിച്ചത് എസ്എൻ ജങ്ഷൻ– തൃപ്പൂണിത്തുറ സ്റ്റേഷനുകൾക്കിടയിലെ 60 മീറ്ററിലാണ്. ആലുവമുതൽ തൃപ്പൂണിത്തുറ സ്റ്റേഷൻവരെ 25 സ്റ്റേഷനുകളുമായി 28.125 കിലോമീറ്റർ ദൈർഘ്യമാണ് കൊച്ചി മെട്രോയുടെ ഒന്നാംഘട്ടം.ആലുവമുതൽ തൃപ്പൂണിത്തുറ ടെർമിനൽവരെ 75 രൂപയാണ് അംഗീകൃത ടിക്കറ്റ് നിരക്ക്. എന്നാൽ, ഉദ്ഘാടനത്തോടനുബന്ധിച്ച് നിലവിൽ ആലുവയിൽനിന്ന് എസ്എൻ ജങ്ഷൻവരെയുള്ള യാത്രാനിരക്കായ 60 രൂപതന്നെ തൃപ്പൂണിത്തുറയിലേക്കും തുടരും.

മഹാനഗരത്തിന്റെ വികസനത്തിന്‌ പുതിയ പാതയും വേഗവും സമ്മാനിച്ച കൊച്ചി മെട്രോ റെയിലിന്റെ ഒന്നാംഘട്ടം പൂർത്തിയായി. തൃപ്പൂണിത്തുറ മെട്രോ ടെർമിനലിലേക്ക്‌ സർവീസ്‌ ആരംഭിക്കുന്നതോടെ ഒന്നാംഘട്ട പാതയിലെ സ്‌റ്റേഷനുകളുടെ എണ്ണം 25 ആകും. 28.125 കിലോമീറ്റർ പാതയും പൂർത്തിയായി. ഇനി ദിവസ യാത്രികരുടെ എണ്ണം ലക്ഷം കടക്കും. ദിവസം 80,000 പേരാണ്‌ ഇപ്പോൾ മെട്രോയെ ആശ്രയിക്കുന്നത്‌. എല്ലാ തടസ്സങ്ങളും നീക്കി കൊച്ചി മെട്രോയ്‌ക്ക്‌ തുടക്കമിട്ട എൽഡിഎഫ്‌ സർക്കാർ തുടർന്നും ജാഗ്രതയോടെ പ്രവർത്തിച്ചതാണ്‌ നിശ്‌ചയിച്ചതിലും വേഗത്തിൽ പദ്ധതി പൂർത്തിയാക്കാൻ സഹായിച്ചത്‌.

തൃപ്പൂണിത്തുറ എസ്‌എൻ ജങ്ഷൻ സ്‌റ്റേഷൻമുതൽ തൃപ്പൂണിത്തുറ റെയിൽവേ സ്‌റ്റേഷനുസമീപംവരെ 1.163 കിലോമീറ്റർ പാതയായ കൊച്ചി മെട്രോ ഫേസ്‌ 1 ബിയുടെ നിർമാണം 2020 ആഗസ്‌തിലാണ്‌ തുടങ്ങിയത്‌. എസ്‌എൻ ജങ്ഷൻ സ്‌റ്റേഷനിൽനിന്ന്‌ ആരംഭിച്ച്‌ മിൽമ പ്ലാന്റിനുമുന്നിൽനിന്ന്‌ റെയിൽവേ മേൽപ്പാലം മുറിച്ചുകടന്ന്‌ റെയിൽപ്പാതയ്‌ക്ക്‌ പടിഞ്ഞാറ്‌ ഭാഗത്തുകൂടിയാണ്‌ പാത ടെർമിനലിലേക്ക്‌ നീളുന്നത്‌. 356 കോടിയാണ്‌ ചെലവ്‌.2013 ജൂണിലാണ്‌ മെട്രോ ഒന്നാംഘട്ടം നിർമാണം തുടങ്ങിയത്‌. 2017 ജൂൺ 17ന്‌ 13.2 കിലോമീറ്റർ ദൂരം 11 സ്‌റ്റേഷനുകളുള്ള ആലുവ–-പാലാരിവട്ടം പാത തുറന്നു. ഒക്‌ടോബർ മൂന്നിന്‌ പാലാരിവട്ടംമുതൽ മഹാരാജാസ്‌ ഗ്രൗണ്ടുവരെ 4.96 കിലോമീറ്റർ പാതകൂടി തുറന്നു. ആകെ സ്‌റ്റേഷനുകൾ 16.

സൗത്ത്‌ റെയിൽവേ സ്‌റ്റേഷനും വൈറ്റില ജങ്ഷനും കടന്ന്‌ 2019 സെപ്‌തംബർ മൂന്നിന്‌ മെട്രോ തൈക്കൂടത്തെത്തി. 5.5 കിലോമീറ്റർ പാതയിൽ അഞ്ച്‌ സ്‌റ്റേഷനുകൾ. 25.16 കിലോമീറ്റർ പാതയിലെ അവസാന സ്‌റ്റേഷനായ പേട്ടയിലേക്കുള്ള സർവീസ്‌ 2020 സെപ്‌തംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. 2022 സെപ്‌തംബറിൽ പേട്ട–-എസ്‌എൻ ജങ്ഷൻ പാതയുടെ ഉദ്‌ഘാടനം നടത്തി.പേട്ടമുതൽ തൃപ്പൂണിത്തുറ ടെർമിനൽവരെയുള്ള പാതയുടെ നിർമാണം കെഎംആർഎല്ലാണ്‌ നേരിട്ട്‌ നടത്തിയത്‌. ഇതൊഴികെയുള്ള ഒന്നാംഘട്ടം ഡൽഹി മെട്രോ റെയിൽ കോർപറേഷനാണ്‌ നടപ്പാക്കിയത്‌.

Eng­lish Summary:
Kochi will be proud of Metro now going to Tripunithu­ra; Inau­gu­rat­ed by the Prime Minister

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.