23 December 2024, Monday
KSFE Galaxy Chits Banner 2

കോണ്‍ഗ്രസെന്നാല്‍ അധികാരക്കൊതിയോ?

Janayugom Webdesk
March 9, 2024 5:00 am

വീണ്ടുമൊരു പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ തയ്യാറാകുന്ന വേളയില്‍ രാജ്യത്തെ മുഖ്യപ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയില്‍ നട്ടംതിരിയുകയാണ്. മുതിർന്ന നേതാക്കളുടെ കൂറുമാറ്റമാണ് പാർട്ടിക്ക് ഏറ്റവും കൂടുതൽ വെല്ലുവിളിയായിട്ടുള്ളത്. കേരളാ മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകൾ പത്മജാ വേണുഗോപാൽ ബിജെപിയിൽ ചേർന്നതാണ് ഏറ്റവുമൊടുവിൽ അവര്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. സംസ്ഥാനത്തെ യുഡിഎഫിന് മാത്രമല്ല, ദേശീയതലത്തില്‍ തന്നെ മുഖം നഷ്ടപ്പെട്ട അവസ്ഥയാണ് പത്മജയുടെ കൂടുമാറ്റം കോണ്‍ഗ്രസിനുണ്ടാക്കിയത്. പത്മജയെന്ന നേതാവ് പാര്‍ട്ടിയുടെ നിര്‍ണായക ഘടകമായതുകൊണ്ടല്ല, മറിച്ച് സംസ്ഥാന കോണ്‍ഗ്രസ് ചരിത്രത്തില്‍ ഏറ്റവും തലയെടുപ്പുള്ള നേതാവിന്റെ മകളെ ബിജെപി അടര്‍ത്തിയെടുത്തുവെന്നതാണ് രാഷ്ട്രീയമായ തിരിച്ചടിയാകുന്നത്. കരുണാകരന്‍ പാര്‍ട്ടിയിലെ ഒന്നാമനായിരിക്കെ രണ്ടാമനായിരുന്ന മുന്‍ മുഖ്യമന്ത്രി എ കെ ആന്റണിയുടെ മകനും ലോക്‌സഭയിലേക്കുള്ള ബിജെപി സ്ഥാനാര്‍ത്ഥിയാണ്. ബിജെപി നല്‍കുന്ന വാഗ്ദാനങ്ങള്‍ക്കപ്പുറം, കോൺഗ്രസ് നേതൃത്വത്തിന്റെ നിഷ്ക്രിയതയും ആശയവ്യക്തതയില്ലായ്മയുമാണ് നേതാക്കളുടെ കൂടുമാറ്റത്തിന് പിന്നിലെ പ്രധാനകാരണമെന്ന വിമര്‍ശനവും തള്ളിക്കളയാനാകില്ല. പാര്‍ട്ടി ഇനി ഭരണത്തിലേക്ക് തിരിച്ചെത്തില്ല എന്ന ഭയവും സ്ഥാനമോഹവും ബിജെപിയിലേക്കുള്ള ഒഴുക്ക് വർധിപ്പിക്കുന്നതിന്റെ കാരണമാണ്. പതിറ്റാണ്ടുകളോളം കോണ്‍ഗ്രസ് പ്രതിനിധികളായി ഭരണകേന്ദ്രങ്ങളിലിരുന്നവര്‍ പോലും സീറ്റ് മോഹികളായി മറുകണ്ടം ചാടുന്നത് അതുകൊണ്ടാണ്. ഭരണകാലത്ത് മടിയില്‍ കനമുണ്ടാക്കിയ ചിലര്‍ കേന്ദ്ര ഏജന്‍സികളുടെ റെയ്ഡ് ഒഴിവാക്കാനും ബിജെപിയുടെ തണലിലെത്തുന്നു.


ഇതുകൂടി വായിക്കൂ:  കോൺഗ്രസിൽ ഒരു നിശ്ചയവുമില്ലയൊന്നിനും


‘എല്ലാ പാർട്ടിയിലും നേതൃത്വമുണ്ട് എന്നാൽ കോൺഗ്രസിൽ അതില്ല. അതിനാലാണ് ഞാൻ തീരുമാനത്തിൽ എത്തിയത്’ എന്ന പത്മജയുടെ വാക്കുകള്‍ തള്ളിക്കളയാവുന്നതല്ല. ദേശീയതലത്തിലും സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ നേതൃനിര ശിഥിലമാണ്. രാഹുല്‍ ഗാന്ധി ഒരുവശത്ത് യാത്ര നടത്തുമ്പോള്‍, പരമ്പരാഗത നേതൃത്വം ബിജെപി സര്‍ക്കാരിനെതിരെ നയപരമായ തീരുമാനങ്ങളോ ഇന്ത്യ സഖ്യത്തിന്റെ വിജയത്തിന് വേണ്ട ക്രിയാത്മക നിലപാടോ എടുക്കാന്‍ തയ്യാറാകുന്നില്ല. കേരളത്തിലാകട്ടെ കെപിസിസി അധ്യക്ഷനും സ്വന്തം പാര്‍ട്ടി പ്രതിനിധിയായ പ്രതിപക്ഷ നേതാവും തമ്മിലുള്ള പോര്‍വിളി പരസ്യമായി നടക്കുന്നു. സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്ര ഭരണകൂടവും അതിനെ നയിക്കുന്ന സംഘ്പരിവാറും നടത്തുന്ന കുപ്രചരണങ്ങള്‍ക്ക് കുടപിടിക്കുന്ന ഈ നേതാക്കള്‍, ബിജെപി തങ്ങള്‍ക്ക് അസ്പൃശ്യമല്ല എന്ന് പരോക്ഷമായി പറയുമ്പോള്‍ അണികളും മറ്റ് നേതാക്കളും ബിജെപിയിലേക്ക് നേരിട്ടെത്തുന്നുവെന്നേയുള്ളൂ. ദേശീയതലത്തിലാകട്ടെ 2014നും 21നും ഇടയിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച 300ലേറെ കോണ്‍ഗ്രസ് സ്ഥാനാർത്ഥികളാണ് പാര്‍ട്ടി വിട്ട് ബിജെപിയുള്‍പ്പെടെ പാർട്ടികളിൽ ചേർന്നത്. കേരളത്തില്‍ അബ്ദുള്ളക്കുട്ടി, ടോം വടക്കൻ, അനിൽ ആന്റണി, സി രഘുനാഥ്, രാമൻ നായർ തുടങ്ങിയവര്‍ക്ക് പിന്നാലെയാണ് പത്മജയും ബിജെപി പാളയത്തിലെത്തിയത്. പാർട്ടിവിടാൻ കോൺഗ്രസുകാരെ പ്രേരിപ്പിക്കുന്നതിന് പിന്നിലെ പ്രധാനഘടകം അധികാരം തന്നെയാണ്. നിലവില്‍ കണ്ണൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ സി രഘുനാഥ് ഡിസിസി ജനറല്‍ സെക്രട്ടറി ആയിരിക്കെയാണ് കോണ്‍ഗ്രസ് വിട്ടത്. ഇപ്പോള്‍ ബിജെപി ദേശീയ കൗണ്‍സില്‍ അംഗമാണ്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന രഘുനാഥ് കെ സുധാകരന്റെ അടുത്ത അനുയായിയാണ്. എഐസിസി ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ ദേശീയ കോ-ഓര്‍ഡിനേറ്ററായിരിക്കെയാണ് അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നത്. നിലവില്‍ ബിജെപി ദേശീയ സെക്രട്ടറി. 2011–15 കാലത്ത് യുഡിഎഫ് നോമിനിയായി കാലിക്കറ്റ് വൈസ് ചാന്‍സലറായ അബ്ദുള്‍ സലാം 2019ലാണ് ബിജെപിയിലെത്തിയത്. നിലവില്‍ മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി.


ഇതുകൂടി വായിക്കൂ: യുഡിഎഫ് കാണിക്കേണ്ട രാഷ്ട്രീയ ധാര്‍മ്മികത


കേരളത്തില്‍ ബിജെപിയില്‍ ചേരുന്നവര്‍ ദേശീയതലത്തില്‍ പ്രവര്‍ത്തിക്കാന്‍ വേണ്ടിയാണ് പാര്‍ട്ടി മാറുന്നതെന്ന് തിരിച്ചറിഞ്ഞാണ് ബിജെപിയും തന്ത്രം മെനയുന്നത്. സംസ്ഥാന ബിജെപി നേതൃത്വത്തില്‍ പ്രവര്‍ത്തിക്കാന്‍ അവര്‍ താല്പര്യപ്പെടുന്നില്ല എന്നത് വസ്തുതയാണ്. അതുകൊണ്ടുതന്നെ കേന്ദ്ര മന്ത്രിസഭയിലുള്‍പ്പെടെയുള്ള അധികാരവാഗ്ദാനവും പരിഗണനകളും നല്‍കിയുള്ള രാഷ്ട്രീയ തന്ത്രത്തിനാണ് നരേന്ദ്ര മോഡി രൂപം നല്‍കുന്നത്. കോണ്‍ഗ്രസിലെ നേതാക്കളെയും നേതാക്കളുടെ മക്കളെയും നോട്ടമിട്ടുള്ള പ്രവര്‍ത്തനം സജീവമാക്കിയത് അതുകൊണ്ടാണ്. അധികാരമില്ലെങ്കില്‍ എന്തിന് രാഷ്ട്രീയം എന്ന് കരുതുന്ന കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും രാജ്യത്തിന്റെയോ സംസ്ഥാനങ്ങളുടെയോ ഭരണം തിരിച്ചുപിടിക്കാൻ പ്രാപ്തിയുള്ള ഒരു നേതൃത്വത്തെ തങ്ങളുടെ പാര്‍ട്ടിയില്‍ കാണുന്നില്ല എന്നുവേണം മനസിലാക്കാന്‍. ഇത് തിരിച്ചറിയാനായില്ലെങ്കില്‍ കൂടുതല്‍ക്കൂടുതല്‍ ‘പത്മജ’മാര്‍ ഉണ്ടായിക്കൊണ്ടിരിക്കും, സ്വയം കൊഴിഞ്ഞുതീരുന്ന വടവൃക്ഷമായി കോണ്‍ഗ്രസ് പാര്‍ട്ടി ചിതലെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.