22 December 2024, Sunday
KSFE Galaxy Chits Banner 2

സാഹിത്യ നഗരം

അനില്‍കുമാര്‍ ഒഞ്ചിയം
March 17, 2024 7:00 am

കോഴിക്കോട്. നൻമയുടെയും സത്യസന്ധതയുടേയും നഗരം. ഒരിക്കൽ വന്നുതാമസിച്ചവരാരും തിരിച്ചുപോകാനാഗ്രഹിക്കാത്ത സൗഹൃദത്തിന്റെ നാമം. കലാ സാഹിത്യ സാംസ്കാരിക സായാഹ്നങ്ങളാൽ മുഖരിതമാകുന്ന കോഴിക്കോടൻ നഗരം ഇന്ന് ലോകത്തിന്റെ നെറുകയിലാണ്. യുനെസ്കോയുടെ സാഹിത്യ നഗരം എന്ന പദവി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നഗരമായി മാറിയ കോഴിക്കോട് എഴുത്തുകാരുടേയും മറ്റ് സർഗാത്മക പ്രതിഭകളുടേയും ഈറ്റില്ലമാണ്. ലോകമെമ്പാടുമുള്ള 55 നൂതന നഗരങ്ങളിൽ ഒന്നായി മാറുക വഴി കോഴിക്കോടൻ മഹത്വവും സാഹിത്യവും എത്രമാത്രം വിലമതിക്കപ്പെടുന്നുവെന്ന് വ്യക്തം. സർഗാത്മകതയുടെ പൈതൃകം നിലകൊള്ളുന്ന നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുനെസ്കോ സാഹിത്യ നഗരങ്ങളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചത്. 2004ൽ എഡിൻബർഗിനാണ് ആദ്യ സാഹിത്യ നഗരം പദവി ലഭിച്ചത്. ലോകത്തിലെ നാല്പത്തി രണ്ടാമത്തെ സാഹിത്യ നഗരം പദവിയാണ് ഇപ്പോൾ കോഴിക്കോടിനെ തേടിയെത്തിയിട്ടുള്ളത്.
ഇക്കഴിഞ്ഞ ഒക്ടോബർ 31നാണ് യുനെസ്കോ കോഴിക്കോടിനെ സാഹിത്യ നഗരമായി പ്രഖ്യാപിച്ചത്. ഇന്ത്യയിൽ നിന്നും പട്ടികയിലെ മറ്റൊരു സർഗാത്മക നഗരം മധ്യപ്രദേശിലെ ഗ്വാളിയോറാണ്. അതിനെ സംഗീത നഗരം എന്നാണ് യുനസ്കൊ നാമകരണം ചെയ്തിട്ടുള്ളത്. അത്യാധുനികവും മനുഷ്യകേന്ദ്രീകൃതവുമായ നഗരാസൂത്രണ സാങ്കേതിക വിദ്യകൾ പ്രകടമാക്കുന്നതിനും അതിന്റെ സർഗാത്മകവും സാംസ്കാരികമായി നയിക്കപ്പെടുന്നതുമായ വികസന സംരംഭങ്ങൾക്കുമാണ് യുനെസ്കോ കോഴിക്കോടിനെ പുതിയ പദവി നൽകി അഭിനന്ദിച്ചത്. 

2014ൽ ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗ് ആണ് ആദ്യമായി സാഹിത്യ നഗരം പദവി ലഭിച്ച നഗരം. തുടർന്ന് പ്രാഗ് സർവകലാശാലയുമായി ബന്ധപ്പെട്ടാണ് കോഴിക്കോട് കോർപ്പറേഷൻ പദവിക്കായി നടപടികൾ നീക്കിയത്. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന്റെ (കില) നിർദ്ദേശം കോർപ്പറേഷൻ ശ്രദ്ധാപൂർവം പരിഗണിച്ചു. ഒടുവിൽ 2022ൽ സാഹിത്യ നഗരം എന്ന ലക്ഷ്യവുമായി മുന്നോട്ട് പോകാൻ കോർപ്പറേഷൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് പ്രാഗ് സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിനി ലുഡ്മില കൊളുച്ചോവ കോഴിക്കോട്ടെത്തി പ്രാഗിനെയും കോഴിക്കോടിനേയും താരതമ്യം ചെയ്ത് പഠനം നടത്തി.
കോഴിക്കോട്ട് 70ലധികം പ്രസാധകരും 500ലധികം ലൈബ്രറികളുമുണ്ടെന്ന് അവരുടെ ഗവേഷണത്തിൽ വ്യക്തമായി. ഇത് സാഹിത്യ നഗരത്തിനായുള്ള പ്രവർത്തനത്തിന് ശക്തമായ അടിത്തറ നൽകി. വർഷം തോറും കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിനും മറ്റ് പുസ്തകോത്സവങ്ങൾക്കും നഗരം ആതിഥേയത്വം വഹിക്കുന്നതും വലിയ തുണയായി. കോഴിക്കോട് നഗരത്തിൽ മാത്രം ഒരു വർഷം അഞ്ഞൂറോളം പുസ്തകങ്ങൾ പ്രകാശനം ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സംസ്ഥാനത്താകെ പ്രസിദ്ധീകരിക്കപ്പെടുന്ന പുസ്തകങ്ങളുടെ ഒരു വലിയ പങ്കും കോഴിക്കോടിന്റെ സംഭാവനയാണ്. ഒപ്പം സാഹിത്യ ചർച്ചകളും സെമിനാറുകളും സംവാദങ്ങളും പുസ്തക ചർച്ചകളുമെല്ലാം മറ്റെവിടത്തെക്കാളും ഇവിടെ കാണാം. ചെറുതും വലുതുമായ മുന്നൂറോളം പുസ്തക പ്രസാധകരാണ് കോഴിക്കോട്ടുള്ളത്. വിവർത്തന സാഹിത്യങ്ങൾക്കും കോഴിക്കോട്ടെ ജനത തുല്യ പ്രാധാന്യം നൽകുന്നു.
രാജ്യാന്തര സഞ്ചാരികളുടെ തൂലിക തുമ്പിലൂടെ പുകഴ് പെറ്റ കോഴിക്കോടിന്റെ വൈഭവം ലോകം അംഗീകരിക്കുകയാണ്. ലോക സാഹിത്യത്തെ അടുത്തറിയാനും മലയാള സാഹിത്യം ലോകത്തിന്റെ വിവിധഭാഗങ്ങളിൽ എത്തിക്കാനും പുതിയ പദവി വഴിയൊരുക്കും. ആതിഥേയത്വത്തിനും രുചിയൂറുന്ന ഭക്ഷണത്തിനും പേരുകേട്ട കോഴിക്കോടിനെ സാഹിത്യത്തിന്റെ നഗരമെന്നും നന്മയുടെ നഗരമെന്നും ചരിത്രകാരന്മാർ അടയാളപ്പെടുത്തിയിട്ടുണ്ട്. സഹൃദയരുടെ സംഗമ ഭൂമിയായ കോഴിക്കോട് ഇനി സാഹിത്യത്തിന്റെ കൂടി കേന്ദ്രമായി വളരും. 

കോഴിക്കോടിന്റ സാഹിത്യ പൈതൃകം

1950കളിലാണ് കഥകളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ കോഴിക്കോട്ടെത്തുന്നത്. നഗരത്തിലെ സാഹിത്യ‑സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്ന ബഷീറിന്റെ മഹത്തായ രചനകളെല്ലാം പിറവികൊള്ളുന്നത് അദ്ദേഹം കോഴിക്കോടേക്ക് ചേക്കേറിയതിന് ശേഷമാണ്. സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായരും കോഴിക്കോടിന്റെ ദത്തുപുത്രൻമാരിലൊരാളാണ്. പാലക്കാട് ജില്ലയിലെ കൂടല്ലൂർ ഗ്രാമത്തിൽ ജനിച്ച എം ടി, മലയാളത്തിലെ പ്രമുഖ സാഹിത്യ പ്രസിദ്ധീകരണമായ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ സബ് എഡിറ്ററായി 1957ലാണ് കോഴിക്കോട്ടെത്തിയത്. മലയാളത്തിൽ ഏറ്റവും കൂടുതൽ വിവർത്തനം ചെയ്യപ്പെട്ട എഴുത്തുകാരനാണ് എംടി. നവതിയിലെത്തിയ എംടിയുടെ ഒട്ടുമിക്ക കൃതികളും പ്രസിദ്ധീകരിച്ചത് കോഴിക്കോട് എത്തിയതിനുശേഷമാണ്. 

എഴുത്തുകാരനും സഞ്ചാരിയുമായ എസ് കെ പൊറ്റെക്കാട്ടിന്റെയും ഈറ്റില്ലം കോഴിക്കോടാണ്. കോഴിക്കോടൻ തെരുവിന്റെ കഥയും ഒരു ദേശത്തിന്റെ കഥയുമെല്ലാമായി സാഹിത്യ ചക്രവാളങ്ങളിൽ ശോഭിച്ച ശങ്കരൻ കുട്ടി പൊറ്റെക്കാട്ടിനെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ ആഖ്യാന ശൈലിതന്നെയാണ്. ഇന്ന് കോഴിക്കോടിന്റെ ഹൃദയമായ മിഠായിത്തെരുവ് സന്ദർശിക്കാനെത്തുന്നവരെ പൊറ്റെക്കാട്ടിന്റെ ഒരു വലിയ പ്രതിമയാണ് ആദ്യം സ്വാഗതം ചെയ്യുക.
കോഴിക്കോടിനെ അനശ്വരമാക്കിയ മറ്റൊരു സ്വദേശി എഴുത്തുകാരനാണ് എൻ പി മുഹമ്മദ്. എം ടിയുമായി ചേർന്ന് അദ്ദേഹം എഴുതിയ അറബിപ്പൊന്ന് എന്ന നോവൽ നഗരത്തിലെ മുസ്ലീങ്ങളുടെ, പ്രത്യേകിച്ച് കോഴിക്കോട് കുറ്റിച്ചിറയിലും പരിസരങ്ങളിലും താമസിക്കുന്നവരുടെ ജീവിതം വിവരച്ചുകാട്ടുകയാണ്.
നാടാകാചാര്യൻ കെ ടി മുഹമ്മദ്, പ്രമുഖ നാടകകൃത്ത് തിക്കോടിയൻ, കെ കേളപ്പൻ, മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്, സംഗീതജ്ഞൻ എം എസ് ബാബുരാജ്, കോഴിക്കോട് അബ്ദുൾ ഖാദർ, ശരത്ചന്ദ്ര മറാഠെ, ജനകീയ ചലച്ചിത്രകാരൻ ജോൺ എബ്രഹാം, എഴുത്തുകാരായ പുനത്തിൽ കുഞ്ഞബ്ദുള്ള, യു എ ഖാദർ, നോവലിസ്റ്റ് ഉറൂബ്, പി വത്സല, കവി എൻ എൻ കക്കാട്, പണ്ഡിതനും കവിയുമായ എൻ വി കൃഷ്ണവാര്യർ, കവി വി ടി കുമാരൻ മാസ്റ്റർ, കുഞ്ഞുണ്ണി മാഷ്, ഉറൂബ്, അക്കിത്തം, എം എൻ പാലൂര്, കടത്തനാട് മാധവി അമ്മ, പി എം താജ്, അക്ബർ കക്കട്ടിൽ, ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി, ചലച്ചിത്ര സംവിധായകൻ ഐ വി ശശി, ഇബ്രാഹിം വേങ്ങര, ചലച്ചിത്ര താരങ്ങളായ ബാലൻ കെ നായർ, കെ പി ഉമ്മർ, കുഞ്ഞാണ്ടി, നെല്ലിക്കോട് ഭാസ്കരൻ, കോഴിക്കോട് ശാന്താദേവി, കുതിരവട്ടം പപ്പു, മാമുക്കോയ തുടങ്ങിയവരെല്ലാം കോഴിക്കോടിന്റെ സാംസ്കാരിക രംഗത്തിന് മുതൽക്കൂട്ടായിരുന്നു. കോഴിക്കോടിന്റെ സാഹിത്യ- സാംസ്കാരിക കേന്ദ്രം എന്ന നിലയിൽ നഗരത്തിന്റെ പ്രശസ്തിക്ക് ഇവർ നൽകിയ സംഭാവന വിലമതിക്കാനാവാത്തതാണ്.
തിരക്കേറിയ കച്ചവട കേന്ദ്രംകൂടിയായ കോഴിക്കോട് നഗരത്തിൽ സാഹിത്യ സൃഷ്ടികളിൽനിന്നുമുള്ള ഒട്ടേറെ ചിത്രികരണങ്ങളുണ്ട്. എസ് കെ പൊറ്റെക്കാട്ടിന്റെയും കെ ടി മുഹമ്മദിന്റെയും പ്രതിമകളും ബഷീർ കൃതികളിലെ കഥാപാത്രങ്ങളുമെല്ലാം നഗരത്തിലെത്തുന്ന സാഹിത്യകുതുകികളുടെ മനംകവരുന്നു. 

കലയുടെയും സാഹിത്യത്തിന്റെയും ഈറ്റില്ലം

പരമ്പരാഗത കേരള ശൈലിയിൽ നിർമ്മിച്ച മാനാഞ്ചിറയിലെ ബഹുനില പബ്ലിക് ലൈബ്രറി കെട്ടിടം നഗരത്തിലെത്തുന്ന സാഹിത്യാസ്വാദകരുടെ സംഗമസ്ഥാനമാണ്. കോഴിക്കോട് നഗര ഹൃദയത്തിൽ സ്ഥിതിചെയ്യുന്ന ടൗൺഹാളിൽ സാഹിത്യ‑രാഷ്ട്രീയ‑സാമൂഹിക‑കലാ പ്രവർത്തനങ്ങൾ ഒഴിഞ്ഞ നേരമില്ല. സാംസ്കാരിക കേന്ദ്രമായ കോഴിക്കോട് ബീച്ചിൽ കേരള ലിറ്ററേച്ചർ ഫെസ്റ്റിവെൽ ഉൾപ്പെടെയുള്ള സാഹിത്യ‑സാസംസ്കാരിക പരിപാടികൾ വർഷങ്ങളായി നടന്നുവരുന്നു.
കോഴിക്കോട് ആർട്ട് ഗാലറി, ആനക്കുളത്തെ സാംസ്കാരിക നിലയം, ടാഗോർ ഹാൾ, ഗാന്ധി ഗൃഹം, കെ പി കേശവമേനോൻ ഹാൾ, എസ് കെ പൊറ്റെക്കാട്ട് ഹാൾ, ജൂബിലി ഹാൾ എന്നിവയെല്ലാം നഗരത്തിലെ സാംസ്കാരിക കേന്ദ്രങ്ങളാണ്. ദേശപോഷിണി വായനശാല, കുതിരവട്ടത്തെ സെൻഗുപ്ത ലൈബ്രറി, ഗാന്ധിജിയുടെ സന്ദർശനത്താൽ പ്രശസ്തമായ ഗാന്ധിറോഡിലെ സൻമാർഗ ദർശിനി വായനശാല, മലാപ്പറമ്പിലെ സഹൃദയ ദേശോത്ഥാരണി വായനശാല, എരഞ്ഞിപ്പാലത്തെ വാഗ്ഭടാനന്ദ ഗുരുദേവർ സ്മാരക വായനശാല, കാളാണ്ടിത്താഴം ദർശനം ഗ്രന്ഥശാല തുടങ്ങിയവ സാഹിത്യ മേഖലയ്ക്ക് നഗരത്തിന്റെ മതൽക്കൂട്ടാണ്. 

മിഠായിത്തെരുവിലെ രാധാതിയേറ്ററിന് എതിർവശമുണ്ടായിരുന്ന സായിവിന്റെ പുസ്തകക്കടയായിരുന്നു നഗരത്തിലെ എഴുത്തുകാരുടെ ആദ്യകാല താവളം. വിവിധ ഭാഷകളിലെ പത്രങ്ങളും മാസികകളും ഇവിടെ ലഭിക്കുമായിരുന്നു. സായാഹ്നങ്ങളിൽ മിക്ക എഴുത്തുകാരും ഇവിടെ വന്നുചേരും. ആ കൂട്ടായ്മ മലയാളത്തിന് നൽകിയ സാഹിത്യ സൃഷ്ടികൾ നിരവധിയാണ്. വായ്മൊഴിയായി പാടിപ്പതിഞ്ഞ വടക്കൻ പാട്ടുകളും മാപ്പിളപ്പാട്ടുകളും കർഷകത്തൊഴിലാളികളുടെ നാവിൻതുമ്പിൽ വിരിഞ്ഞ നാട്ടിപ്പാട്ടുകളും കൊയ്ത്തുപാട്ടുകളുമെല്ലാം കോഴിക്കോടിന്റെ സാഹിത്യ ശാഖകൾക്ക് കരുത്ത് പകർന്നവയാണ്. കടത്തനാടൻ ചേകവൻ മാരുടെ വീരകഥകൾ പ്രതിപാദിക്കുന്ന വടക്കൻ പാട്ടുകൾ പിൽക്കാലത്ത് ഏറെ ജനപ്രിയമായി മാറി. പാണൻ പാട്ടും തൊരം പാട്ടും തെയ്യക്കോലങ്ങളുടെ തോറ്റംപാട്ടുമെല്ലാം പൂർവ കാലത്തിന്റെ അടയാളപ്പെടുത്തലായി. കളരിയും തെയ്യംതിറയും നാടൻകലകളുമെല്ലാം കോഴിക്കോടിന്റെ മുഖമുദ്രകളാണ്. സാഹിത്യത്തോടൊപ്പം നാടകത്തേയും നെഞ്ചേറ്റിയവരാണ് കോഴിക്കോട്ടെ ജനങ്ങൾ. നിറഞ്ഞവേദിയിൽ അരങ്ങേറുന്ന നാടകങ്ങൾ എക്കാലത്തും നഗരത്തിലെ നിത്യകാഴ്ചയാണ്. 

സാഹിത്യ നഗരത്തിനായുള്ള കടമ്പകൾ

ഒരു നഗരത്തിന് സാഹിത്യ നഗരം പദവി ലഭിക്കണമെങ്കിൽ ഒട്ടേറെ മാനദണ്ഡങ്ങളുണ്ട്. സാഹിത്യവുമായി ആ നഗരത്തിന് നൂറ്റാണ്ടുകളുടെ ബന്ധമുണ്ടായിരിക്കണം. ഉന്നത നിലവാരം പുലർത്തുന്ന പുസ്തകങ്ങളുടെ പ്രസിദ്ധീകരണം, അവയുടെ ഗുണനിലവാരം, എണ്ണം, വൈവിധ്യം എന്നിവയെല്ലാം പരിശോധിക്കപ്പെടും. മാതൃഭാഷയ്ക്കൊപ്പം വിദേശ ഭാഷകളിലെ സാഹിത്യങ്ങൾക്കും പ്രാമുഖ്യം വേണം. നാടകത്തിനും നോവലിനും കവിതയ്ക്കും കഥയ്ക്കും പ്രാധാന്യമുണ്ടായിരിക്കണം. ഗ്രന്ഥശാലകളുടെ നടത്തിപ്പും നഗരത്തിലെ പുസ്തകക്കടകളുടെയും സാംസ്കാരിക നിലയങ്ങളുടെയും പ്രവർത്തനങ്ങളും വിലയിരുത്തും. അന്തർദേശീയ സാഹിത്യ സമ്മേളനങ്ങൾക്കും സാഹിത്യോത്സവത്തിനും നഗരം ആതിഥ്യം വഹിക്കണം. സാഹിത്യോത്സവങ്ങൾക്ക് വാർത്താ മാധ്യമങ്ങൾ നൽകുന്ന പ്രാധാന്യവും വിലയിരുത്തപ്പെടും.
നാലു വർഷം കൂടുമ്പോഴാണ് യുനെസ്കോ പ്രതിനിധികൾ നേരിട്ടെത്തി സാഹിത്യ നഗരത്തിന്റെ സ്ഥിതി വിലയിരുത്തുക. മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്ന നഗരത്തിന്റെ പദവി യുനെസ്കോ തിരിച്ചെടുക്കും.
യുനെസ്കോ സാഹിത്യ നഗരമായി പ്രഖ്യാപിച്ച 42 നഗരങ്ങളിൽ 24 ഉം യൂറോപ്പിലാണ്. ഏഴെണ്ണം ഏഷ്യയിലും മൂന്നെണ്ണം വടക്കെ അമേരിക്കയിലും രണ്ടെണ്ണം വീതം തെക്കെ അമേരിക്കയിലും ഓഷ്യാനയിലും ഒരെണ്ണം ആഫ്രിക്കയിലുമാണ്. ഇന്ത്യയിലെ ആദ്യ സാഹിത്യ നഗരമാണ് കോഴിക്കോട്. 

കോഴിക്കോട് ഇനി ലോകസാഹിത്യത്തിന്റെ സംഗമഭൂമി

യുനെസ്കോ സാഹിത്യനഗരപ്പട്ടികയിൽ ഇടം പിടിച്ചതോടെ ലോകത്തെ എല്ലാ ഭാഷകളുടെയും സാഹിത്യങ്ങളുടെയും കൊടുക്കൽ വാങ്ങലുകൾ നടക്കുന്ന മുഖ്യവേദിയായി നഗരം മാറും. അതിനുവേണ്ടി യുനെസ്കോയുടെ ആഭിമുഖ്യത്തിൽ ലോകത്തെ എല്ലാ സാഹിത്യപ്രവർത്തക മേഖലകളുമായും കോഴിക്കോട് നഗരത്തിന് ബന്ധമുണ്ടായിരിക്കും. സംവാദങ്ങളുടെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും പ്രധാനനഗരമായി രാജ്യം കാണുക ഇനി കോഴിക്കോടിനെയായിരിക്കും. പ്രാദേശികവും ദേശീയവും അന്തർദേശീയവുമായ അവസരങ്ങളുടെ (സാഹിത്യമേഖലയിൽ) കേന്ദ്രമായി കോഴിക്കോട് മാറും. പുസ്തകപ്രസാധനരംഗത്ത് ഇതുണ്ടാക്കാൻ പോകുന്നത് വലിയ ചലനങ്ങളായിരിക്കും. ബൗദ്ധികവും അക്കാദമികവുമായ ധാരാളം അവസരങ്ങൾ ഇതുവഴി വന്നുചേരാനും സാധ്യതയുണ്ട്. ലോകത്തെ എല്ലാ സർഗാത്മകനഗരവുമായി ഇന്ത്യയ്ക്കുവേണ്ടി ഇനി ബന്ധപ്പെടുന്നതും പരിപാടികൾ ആസൂത്രണം ചെയ്യുന്നതും കോഴിക്കോടായിരിക്കും. മറ്റ് സാഹിത്യനഗരങ്ങളുമായി ആശയങ്ങൾ കൈമാറുക, ആ നഗരങ്ങളിലെ സാംസ്കാരികപ്രവർത്തനങ്ങൾക്ക് ആതിഥേയമരുളുക തുടങ്ങി സദാസമയവും രാജ്യത്തെ സാഹിത്യപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ഇന്ത്യയിലെ സാഹിത്യനഗരത്തിന് ഉത്തരവാദിത്തമുണ്ടാകും. ആശയങ്ങളുടെ കൊടുക്കൽ വാങ്ങലുകൾ, സാഹിത്യഗവേഷണ കേന്ദ്രങ്ങളുടെ എണ്ണവും ഗുണവും വർധിപ്പിക്കൽ, പ്രഖ്യാപനത്തിലും പേപ്പറുകളിലും ഒതുങ്ങിപ്പോയ സ്മാരകങ്ങളുടെ നിർമാണങ്ങൾ, മൺമറഞ്ഞ എഴുത്തുകാർക്കുവേണ്ടിയുള്ള മ്യൂസിയം നിർമ്മാണം തുടങ്ങി ഒട്ടേറെ കർത്തവ്യങ്ങളാണ് കോഴിക്കോടിനെ കാത്തിരിക്കുന്നത്.
നഗരപരിധിയിലുള്ള പുസ്തകശാലകൾക്ക് ഒരു ഏകീകൃത സ്വഭാവം കൈവരും. തങ്ങളുടെ പുസ്തകശാലകളുടെ സാഹിത്യപശ്ചാത്തലം പരമാവധി പ്രദർശിപ്പിക്കുന്ന മട്ടിൽ പുസ്തകശാലകൾ ഒരുങ്ങും. വിദേശരാജ്യങ്ങളിലെ പുസ്തശാലകൾ ഇതിന് മാതൃകയാകും. നഗരത്തിലെ സാംസ്കാരിക സംഘടനകളുടെ പ്രവർത്തനത്തിലും മത്സരാധിഷ്ഠിത സ്വഭാവം കൈവരും. 

യുനസ്കോ ലിറ്റററി സിറ്റി എന്ന വിശേഷണം സാഹിത്യത്തിന്റെ കച്ചവട സാധ്യതയെക്കൂടി പരിപോഷിപ്പിക്കും. കോർപ്പറേഷന്റെ സഹകരണത്തോടെ വർഷംതോറും നടക്കുന്ന സാഹിത്യോത്സവങ്ങളുടെ എണ്ണം വർധിക്കും. സാഹിത്യത്തിലെ ഉന്നത പുരസ്കാരങ്ങൾ നേടിയ വലിയ എഴുത്തുകാരുടെ പ്രഥമ പരിഗണനയിൽ കോഴിക്കോട് നഗരം ഇടം പിടിക്കും. പ്രസാധക മേഖലയിലെ വലിയ ഇടപാടുകൾക്കും കളമൊരുങ്ങും. മൺമറഞ്ഞ എഴുത്തുകാർക്കായി നഗരത്തിൽ സ്മാരകങ്ങൾ ഉയരും. കോഴിക്കോട്ടെ സാഹിത്യ സമ്മേളനങ്ങളുടെ ക്ഷണക്കത്തുകളിലെല്ലാം യുനെസ്കോ ലിറ്റററി സിറ്റി എന്ന് രേഖപ്പെടുത്തും.
സാഹിത്യനഗരം പദവി അതിന്റെ എല്ലാ അർത്ഥത്തോടുംകൂടി യാഥാർത്ഥ്യമാക്കുന്നതിനുള്ള നടപടികൾക്കാണ് കോഴിക്കോട് കോർപ്പറേഷൻ രൂപം നൽകിയിട്ടുള്ളതെന്ന് മേയർ ഡോ. ബീനാ ഫിലിപ്പ് വ്യക്തമാക്കുന്നു. കോഴിക്കോട് സാഹിത്യമ്യൂസിയം സ്ഥാപിക്കുന്നതിനും ബഷീർ ഉൾപ്പെടെയുള്ള സാഹിത്യനായകർക്ക് ഉചിതമായ സ്മാരകങ്ങൾ നിർമിക്കുന്നതിനും വലിയ പരിഗണനയാണ് നൽകുകയെന്നും മേയർ ഉറപ്പുനൽകുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.