19 December 2024, Thursday
KSFE Galaxy Chits Banner 2

ദേശീയ ജനസംഖ്യാ,പൗരത്വ രജിസ്റ്ററുകള്‍ എന്ന്?

ആകര്‍ പട്ടേല്‍
March 20, 2024 4:30 am

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയതിനു പിന്നാലെ ദേശീയ ജനസംഖ്യാ രജിസ്റ്ററും (എന്‍പിആര്‍) ദേശീയ പൗരത്വ രജിസ്റ്ററും (എന്‍ആര്‍സി) മോഡി സര്‍ക്കാരില്‍ നിന്ന് ഉടന്‍ പ്രതീക്ഷിക്കാമോ? ഉത്തരം മൗനമാണെങ്കിലും ആശങ്കാകുലമാണ് സാഹചര്യം. ഷഹീൻ ബാഗ് പ്രതിഷേധം ആരംഭിച്ച ശേഷം, 2019 ഡിസംബർ 22ന് ഡൽഹിയിലെ ഒരു റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു: “ഇന്ത്യയിലെ 130 കോടി ജനങ്ങളോട് ഞാൻ പറയുന്നു, 2014ൽ എന്റെ സർക്കാർ അധികാരത്തിൽ വന്നതു മുതൽ ഇതുവരെ എൻആർസിയെക്കുറിച്ച് ഒരിടത്തും ചർച്ച നടന്നിട്ടില്ല. സുപ്രീം കോടതി നിർദേശങ്ങൾ പാലിക്കാൻ ഞങ്ങൾ അത് അസമിൽ നടപ്പാക്കുക മാത്രമാണ് ചെയ്തത്”. ദിവസങ്ങൾക്ക് മുമ്പ് ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പ്രസ്താവനകൾക്ക് വിരുദ്ധമായിരുന്നു പ്രധാനമന്ത്രിയുടെ അവകാശവാദം. ഡിസംബർ 10ന് ഷാ പാർലമെന്റിനോട് പറഞ്ഞത് “ഇസ് ദേശ് മേം എൻആർസി ഹോകർ രഹേഗാ. മൻ കെ ചലിയേ എൻആർസി ആനെ വാലാ ഹേ” എന്നാണ്. ഡിസംബർ മൂന്നിന് ഝാർഖണ്ഡിൽ നടന്ന ഒരു റാലിയിൽ അദ്ദേഹം എന്‍ആര്‍സി പൂർത്തീകരിക്കാനുള്ള സമയപരിധി പോലും നിശ്ചയിച്ചു- “2024ലെ തെരഞ്ഞെടുപ്പിന് മുമ്പ് എല്ലാ നുഴഞ്ഞുകയറ്റക്കാരെയും കണ്ടെത്തി പുറത്താക്കും.”
2019ലെ പ്രകടനപത്രികയിൽ എൻആർസി കൊണ്ടുവരുമെന്ന് മോഡി തന്നെ വാഗ്ദാനം ചെയ്തിരുന്നു. ‘അനധികൃത കുടിയേറ്റം കാരണം ചില പ്രദേശങ്ങളുടെ സാംസ്കാരികവും ഭാഷാപരവുമായ സ്വത്വത്തിൽ വലിയ മാറ്റമുണ്ടായി. ഇത് പ്രാദേശിക ജനങ്ങളുടെ ഉപജീവനത്തെയും തൊഴിലിനെയും പ്രതികൂലമായി ബാധിക്കുന്നു. മുൻഗണനാക്രമത്തിൽ ഈ മേഖലകളിൽ ദേശീയ പൗരത്വ രജിസ്റ്റർ നടപടികൾ വേഗത്തിൽ പൂർത്തിയാക്കും. ഭാവിയിൽ, ഘട്ടംഘട്ടമായി രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും എൻആർസി നടപ്പാക്കും’.

 


ഇതുകൂടി വായിക്കൂ: സഹസ്ര കോടീശ്വരൻമാർക്കിടയിൽ സാധാരണക്കാരോടൊപ്പം


ഇന്ത്യക്ക് ബംഗ്ലാദേശുമായോ പാകിസ്ഥാനുമായോ കൈമാറ്റ ഉടമ്പടിയില്ല. എൻപിആറും എൻആർസിയും വഴി രേഖകളില്ലാത്ത കുടിയേറ്റക്കാരെ കണ്ടെത്തിയാല്‍ അസമിൽ ചെയ്തിരുന്നതുപോലെ, തടങ്കലിലാ‌ക്കുകയല്ലാതെ അവരെ എങ്ങോട്ടും അയയ്ക്കാൻ കഴിയില്ല. മോഡിയുടെ പ്രസംഗം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് കേന്ദ്രസർക്കാർ എൻആർസിയുടെ ആദ്യ ചുവടുവയ്പ് നടത്തിയത്. 2021ൽ നടത്താനിരുന്ന സെൻസസിന് 8,754 കോടി രൂപയും ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നവീകരണത്തിന് 3,941 കോടി രൂപയും മന്ത്രിസഭ അംഗീകരിച്ചു. വാർത്താ സമ്മേളനങ്ങളിലും സർക്കാർ എന്‍പിആര്‍ നീക്കത്തിന് അടിവരയിട്ടു. സർക്കാർ പറഞ്ഞത് ‘ഞങ്ങൾ ജനങ്ങളെ വിശ്വസിക്കുന്നു. അതുകൊണ്ട് തെളിവുകളോ രേഖകളോ ബയോമെട്രിക്കുകളോ ആവശ്യമില്ലാത്ത പൗരന്മാരല്ലാത്ത ആരും എന്‍പിആറിൽ ഉള്‍പ്പെടു‘മെന്നാണ്. എൻപിആർ 2020 ഏപ്രിലിൽ ആരംഭിച്ച് സെപ്റ്റംബറിൽ അവസാനിക്കുമെന്നും പറഞ്ഞു. എന്നാല്‍ കോവിഡില്‍ അത് തടസപ്പെട്ടു. എൻപിആർ, എൻആർസിക്ക് ഉപയോഗിക്കില്ലെന്നാണ് സർക്കാർ പറയുന്നത്. എൻആർസിയുമായി എൻപിആറിന് ഒരു ബന്ധവുമില്ലെന്ന് അമിത് ഷാ പ്രത്യേകം പ്രസ്താവിച്ചു. നയരൂപീകരണത്തിനുള്ള ഡാറ്റാബേസാണ് എൻപിആർ എന്ന് ഷാ പറഞ്ഞു. ‘പൗരത്വം തെളിയിക്കാൻ ആവശ്യപ്പെടുന്ന പ്രക്രിയയാണ് എൻആർസി. രണ്ടും തമ്മിൽ യാതൊരു ബന്ധവുമില്ല, അവ പരസ്പരം സർവേയിൽ ഉപയോഗിക്കാനും കഴിയില്ല. എൻപിആർ ഡാറ്റ ഒരിക്കലും എൻആർസിക്കായി ഉപയോഗിക്കാനാവില്ല. നിയമങ്ങൾ പോലും വ്യത്യസ്തമാണ്. ആളുകൾക്ക്, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളിൽ നിന്നുള്ളവര്‍ക്ക്, എൻപിആർ എൻആർസിക്ക് ഉപയോഗിക്കാൻ പോകുന്നില്ലെന്ന് ഞാൻ ഉറപ്പ് നൽകുന്നു. അത് വെറും കിംവദന്തിയാണ്.’ എന്നാല്‍ അത് കേവലം കിംവദന്തിയായിരുന്നില്ല. വസ്തുതകൾ വെെകാതെ പുറത്തുവന്നു. എൻപിആറിൽ 22 കാര്യങ്ങളുടെ ഡാറ്റയാണ് ശേഖരിക്കുക. മോഡി സർക്കാർ എട്ടെണ്ണം പുതുതായി ചേർത്തു. വ്യക്തിയുടെ ആധാർ, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, മൊബൈൽ നമ്പർ, വോട്ടർ ഐഡന്റിറ്റി കാർഡ്, മാതൃഭാഷ, മാതാപിതാക്കളുടെ ജന്മസ്ഥലം, തീയതി എന്നിവയുടെ വിശദാംശങ്ങൾ കൂടി ശേഖരിക്കും.

എൻപിആറിന്റെ നിയമ ചട്ടക്കൂടായ 2003ലെ പൗരത്വ നിയമങ്ങളിൽ ഈ എട്ടെണ്ണം ഉണ്ടായിരുന്നില്ല. ഇവ മോഡി സര്‍ക്കാര്‍ ചില പ്രത്യേകലക്ഷ്യങ്ങളോടെ ചേർത്തതാണ്. മാധ്യമപ്രവർത്തകർ ഇക്കാര്യം അന്നത്തെ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറോട് ചോദിച്ചു. “വിദഗ്ധർ അന്തിമമാക്കിയ ഫോം താൻ കണ്ടിട്ടില്ല” എന്നാണ് അദ്ദേഹം പറഞ്ഞത്. നിയമങ്ങളെയും ഉപനിയമങ്ങളെയും കുറിച്ചുള്ള നിരീക്ഷണം കാണിക്കുന്നത് എൻപിആറിന് എൻആർസിയുമായി ബന്ധമുണ്ടെന്നു മാത്രമല്ല, അതിന്റെ അടിത്തറ തന്നെയാണ് എന്നാണ്. എന്‍പിആര്‍ പട്ടികയില്‍ പ്രാദേശിക ഉദ്യോഗസ്ഥർക്ക് അവരുടെ വിവേചനാധികാരമനുസരിച്ച് ‘സംശയമുള്ള പൗരന്മാർ’ എന്ന് അടയാളപ്പെടുത്തുന്നതിന് അധികാരം നല്‍കുന്നു. ഈ വ്യക്തികൾ പിന്നീട് അവരുടെ പൗരത്വം തെളിയിക്കേണ്ടതുണ്ട്. പട്ടിക തയ്യാറാക്കി പ്രസിദ്ധീകരിച്ചുകഴിഞ്ഞാൽ, ആർക്കുവേണമെങ്കിലും പരാതിപ്പെടുകയോ ഒരു വ്യക്തിയെയോ കുടുംബത്തെയോ ‘സംശയമുള്ളത്’ എന്ന് ചൂണ്ടിക്കാണിക്കുകയോ ചെയ്യാനാകും. 2019 ഡിസംബർ 24ന്, എൻആർസിയുടെ അടിസ്ഥാനമാണ് എൻപിആര്‍ എന്ന് സ്ഥിരീകരിക്കപ്പെട്ടു. പൗരത്വ നിയമത്തിലെ സെക്ഷൻ 14 എ, ഇന്ത്യയിലെ എല്ലാ പൗരന്മാരെയും നിർബന്ധമായും രജിസ്റ്റർ ചെയ്യാനും തിരിച്ചറിയൽ കാർഡ് നൽകാനും പൗരന്മാരുടെ ദേശീയ രജിസ്റ്റർ നിലനിർത്താനും സർക്കാരിനെ അധികാരപ്പെടുത്തുന്നു. ഈ എൻപിആർ ഡാറ്റയില്‍ നിന്നാണ് പൗരത്വ രജിസ്റ്റർ രൂപീകരിക്കുന്നത്. അതിനിടെ ആഭ്യന്തര മന്ത്രാലയത്തിന്റെ 2018–19 വാർഷിക റിപ്പോർട്ട് ചിലര്‍ പുറത്തുവിട്ടു. അതിൽ ‘ദേശീയ ജനസംഖ്യാ രജിസ്റ്ററാണ് ഇന്ത്യൻ പൗരന്മാരുടെ ദേശീയ രജിസ്റ്ററിന്റെ രൂപീകരണത്തിലേക്കുള്ള ആദ്യപടി’ എന്ന് പറയുന്നുണ്ട്.

 


ഇതുകൂടി വായിക്കൂ:  സിഎഎ: പെരുംനുണകളുടെ കോട്ടകൾ


 

2014 ജൂലൈ എട്ടിന് ആഭ്യന്തര സഹമന്ത്രിയായിരുന്ന കിരൺ റിജിജു പറഞ്ഞു: “എൻപിആർ പൂർത്തിയാക്കി അതിന്റെ യുക്തിസഹമായ നിഗമനത്തിലെത്തണമെന്ന് തീരുമാനിച്ചിട്ടുണ്ട്. ഇത് എല്ലാവരുടെയും പൗരത്വ നില പരിശോധിച്ച് ഇന്ത്യൻ പൗരന്മാരുടെ ദേശീയ രജിസ്റ്റർ സൃഷ്ടിക്കും.” അതേവര്‍ഷം നവംബർ 26ന് റിജിജു രാജ്യസഭയിൽ പറഞ്ഞത് ‘എല്ലാ താമസക്കാരുടെയും പൗരത്വ നില പരിശോധിച്ച് ഇന്ത്യൻ പൗരന്മാരുടെ ദേശീയ രജിസ്റ്റർ സൃഷ്ടിക്കുന്നതിനുള്ള ആദ്യപടിയാണ് എൻപിആർ’ എന്നാണ്. ജൂലൈ 15, 22, 23, തീയതികളിലും 2015 മേയ് 13, 2016 നവംബർ 16 തീയതികളിലും അദ്ദേഹം എൻപിആറും എൻആർസിയും തമ്മിൽ ബന്ധിപ്പിക്കുന്ന സമാനമായ പ്രസ്താവനകൾ പാർലമെന്റിൽ നടത്തി. കോവിഡ് പാേയിട്ട് ഏറെക്കാലമായി. പൗരത്വ ഭേദഗതി നിയമം(സിഎഎ) നിലവില്‍ വന്നു. ഇപ്പോള്‍ എന്‍പിആര്‍, എന്‍ആര്‍സി എന്നിവയുടെ യഥാർത്ഥ അവസ്ഥ എന്താണെന്ന് ആര്‍ക്കറിയാം. പക്ഷേ സ്ഥിതി ആശങ്കാജനകമാണ്, കാരണം നിലവിലെ മൗനം ഇരട്ടത്താപ്പിന്റേതാണ്.

(അവലംബം: ദ വയര്‍)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.