23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 15, 2024
December 13, 2024
December 10, 2024
November 21, 2024
November 15, 2024
November 4, 2024
November 2, 2024
October 31, 2024
October 30, 2024

മോഡി രാത്രിയുടെ മറവിലും ഇഡിയെ ചട്ടുകമാക്കുന്നു: ബിനോയ് വിശ്വം

Janayugom Webdesk
ആലപ്പുഴ
March 22, 2024 8:40 pm

നരേന്ദ്ര മോഡി രാത്രിയുടെ മറവിലും ഇഡിയെ രാഷ്ട്രീയ ചട്ടുകമാക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആലപ്പുഴ പ്രസ്ക്ലബ് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച മുഖാമുഖം പരിപാടി ജനസമക്ഷം-2024ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതോടെ രണ്ടാമത്തെ മുഖ്യമന്ത്രിയെയാണ് ഇഡി വിചാരണയ്ക്ക് വിധേയമാക്കുന്നത്. അഴിമതിയാണ് പ്രശ്നമെങ്കിൽ ആദ്യം അറസ്റ്റിലാവേണ്ടത് നരേന്ദ്ര മോഡിയാണ്. ഇലക്ട്രൽ ബോണ്ടിൽ മോഡി നടപ്പാക്കിയത് ആസൂത്രിതമായ അഴിമതിയാണ്. ആ അഴിമതിയുടെ തിരക്കഥയും സംവിധാനവുമെല്ലാം നിർവഹിച്ചത് കേന്ദ്ര സർക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണകൂട അഴിമതിയുടെ രാജകുമാരനാണ് പ്രധാനമന്ത്രി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിശ്വാസ്യത പാതാളം വരെ ചവിട്ടിത്താഴ്ത്തി. സുപ്രിം കോടതിക്ക് മുന്നിൽ എസ്ബിഐക്ക് തലകുനിക്കേണ്ടി വന്നു. 

തെരഞ്ഞെടുപ്പിൽ മൂന്നാം ഊഴമെന്ന് ആവർത്തിച്ച് പറയുമ്പോഴും നരേന്ദ്ര മോഡിക്ക് ചങ്കിടിപ്പാണ്. ജനവികാരം കേന്ദ്ര സർക്കാരിന് എതിരാണെന്ന് ബിജെപി നേതൃത്വത്തിന് നന്നായറിയാം. രണ്ട് കോടി ജനങ്ങൾക്ക് തൊഴിലും പതിനഞ്ച് ലക്ഷം അക്കൗണ്ടിൽ വരുമെന്നുമുള്ള മോഡിയുടെ പ്രഖ്യാപനത്തിലെ പൊള്ളത്തരം തിരിച്ചറിഞ്ഞവരാണ് ജനങ്ങളെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിൽ സ്ത്രീകളെ ആക്രമിച്ചിട്ടും ഉലകംചുറ്റും വാലിബാനായ മോഡി അവിടം സന്ദർശിച്ചില്ല. യഥാർത്ഥ ജീവിത പ്രശ്നങ്ങൾക്ക് നേരെ കണ്ണടയ്ക്കുന്ന കേന്ദ്ര സർക്കാരിനെതിരെ ജനവികാരം ശക്തമാണ്. 

ഇടതുപക്ഷത്തിന്റെ ഒന്നാമത്തെ ശത്രു ബിജെപി തന്നെയാണ്. ജനങ്ങളെ ഭിന്നിപ്പിച്ച് രാജ്യത്തെ വർഗീയ ഭ്രാന്തിന്റെ ആലയമാക്കാനുള്ള ബിജെപി നീക്കം അനുവദിക്കില്ല. കേരളത്തിലെ കോൺഗ്രസുകാർ ഗാന്ധിജിയെയും നെഹ്രുവിനെയും മറന്നു. സ്വന്തം പാർട്ടിയുടെ പാരമ്പര്യം അറിയാത്ത അവർക്ക് അന്ധമായ ഇടതു വിരോധമാണുള്ളത്. കേരളത്തിൽ എൽഡിഎഫ് മികച്ച വിജയം നേടും. നിറത്തിന്റെയും ജാതിയുടെയും പേരിൽ കലാകാരന്മാരെ അപമാനിക്കുന്നത് ആർഎസ്എസ് അഴിച്ചുവിട്ട രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് എസ് സജിത് അധ്യക്ഷനായി. കൃഷി മന്ത്രി പി പ്രസാദ്, സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് എന്നിവരും പങ്കെടുത്തു. പ്രസ്ക്ലബ്ബ് സെക്രട്ടറി ടി കെ അനിൽകുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി ബിനീഷ് പുന്നപ്ര നന്ദിയും പറഞ്ഞു. 

Eng­lish Summary:Modi whips ED in the dead of night: Binoy Vishwam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.