22 December 2024, Sunday
KSFE Galaxy Chits Banner 2

കുംഭകോണേ കൃതം പാപം, കുംഭകോണേ വിനശ്യതി

അജിത് കൊളാടി
വാക്ക്
March 23, 2024 4:36 am

ഒരു രാത്രി, ഇരുട്ടിന്റെ മറവിൽ നടത്തിയ പ്രഖ്യാപനം വഴി രാജ്യത്ത‌് വിനിമയത്തിലുണ്ടായിരുന്ന 85 ശതമാനം കറൻസിയുടെയും നിയമസാധുത റദ്ദാക്കപ്പെട്ടു. ജനങ്ങൾക്ക് അവരുടെ സമ്പാദ്യം പിൻവലിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. മണിക്കൂറുകളോളം അവര്‍ ബാങ്കിനു മുന്നിൽ ക്യൂ നിന്നു. പണത്തിനുവേണ്ടി ബാങ്ക് ഉദ്യോഗസ്ഥർക്കു മുന്നിൽ യാചിച്ചു. നോട്ട് നിരോധനത്തിന് സർക്കാർ പറഞ്ഞ കാരണങ്ങളൊന്നും നടപ്പിലായില്ല. ജനങ്ങളുടെ ക്ഷേമത്തിനായി ഉപയോഗിക്കാൻ കഴിയുമായിരുന്ന ഭീമമായ പണമുപയോഗിച്ച് കൂറ്റന്‍ പ്രതിമകളും ക്ഷേത്രങ്ങളും പാർലമെന്റ് മന്ദിരവും നിർമ്മിച്ചു. കോവിഡ് കാലത്ത് ഓക്സിജൻ ലഭ്യതയില്ലാത്ത രാജ്യമായി. ആശുപത്രിയിൽ കൃത്യമായി എത്തിക്കാനുള്ള സംവിധാനം പോലും രാജ്യത്തുണ്ടായിരുന്നില്ല എന്നു നാം കണ്ടു. മോഡി സർക്കാരിന്റെ പ്രചരണവും ദുരന്തയാഥാർത്ഥ്യവും നേര്‍വിപരീതമാണ്. യാഥാർത്ഥ്യം മനസിലാക്കാനുള്ള സർക്കാരിന്റെ ശേഷിക്കുറവല്ല, മറിച്ച് അത് അംഗീകരിക്കാനുള്ള മനസില്ലായ്മയാണ് ദുരന്തം. നമ്മുടെ പൗരസമൂഹത്തിന്റെ ഒരുവിഭാഗം ഈ നിഷേധ സമീപനത്തിനൊപ്പമാണ് എന്നത് മറ്റൊരു ദുരന്തം. ഈ ജനത വിശ്വസിക്കുന്നത് പരമോന്നത നേതാവിന് തെറ്റുപറ്റില്ല എന്നാണ്. ഇന്നത്തെ ഇന്ത്യ അസമത്വം കുറയ്ക്കുന്ന പ്രക്രിയയ്ക്കെതിരെ മുഖംതിരിഞ്ഞു നിൽക്കുക മാത്രമല്ല, ബോധപൂർവം സൃഷ്ടിച്ച നീതികേടിനെ ന്യായീകരിക്കാനും ശ്രമിക്കുന്നു. പണക്കാർക്ക് മാത്രമേ സമ്പത്ത് സൃഷ്ടിക്കാനാകുവെന്നും, അതിനാൽത്തന്നെ അവർ പ്രത്യേക പരിഗണന അർഹിക്കുന്നുവെന്നും മോഡി സർക്കാർ പറയുന്നു. അവരെ സേവിക്കാനായി രാജ്യം സന്നദ്ധമാകണം. ഏതാനും സമ്പന്നരുടെ കാര്യക്ഷമതയാലും ഊർജസ്വലതയാലും രാജ്യത്തിന്റെ സമ്പത്ത് ഗണ്യമായി വർധിക്കുമെന്നും അതിന്റെ മെച്ചം പാവപ്പെട്ടവർക്കും രാജ്യത്തിനാകെയും ലഭിക്കുമെന്നുമുള്ള പുതിയ ആഖ്യാനങ്ങൾ പ്രചരിപ്പിക്കുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ അസമത്വമെന്നത് പാവപ്പെട്ടവർക്കുവേണ്ടി സൃഷ്ടിച്ചെടുത്ത ഒരു വാദഗതിമാത്രമാണ്. അവർ അതിനെക്കുറിച്ച് അറിയുന്നില്ല, അറിഞ്ഞാലും അംഗീകരിക്കുന്നില്ല.

ഇല്ലിബറൽ ഡെമോക്രസി (അവിഹിത ജനാധിപത്യം) യുടെ സവിശേഷത കോർപറേറ്റ് ഇടപെടലിന് അത് വലിയ സാധ്യത തുറക്കുന്നു എന്നതാണ്. കോർപറേറ്റ് താല്പര്യങ്ങളുടെ പ്രതിനിധി മാത്രമായാണ് സർക്കാർ പ്രവർത്തിക്കുക. അതിന് ജനാധിപത്യ ലക്ഷ്യങ്ങളോ ജനാധിപത്യപരമായ സംയമനമോ ഉണ്ടാവില്ല. ഇതോ­­ടൊപ്പം മോഡി സർക്കാർ ഒരു സ്ഥിരനിക്ഷേപം പോലെ മതഭൂരിപക്ഷത്തിന്റെ വോട്ട് ഉറപ്പാക്കുന്നു. അങ്ങനെ അത് യഥാർത്ഥ ചങ്ങാത്തമുതലാളിത്ത സ്വഭാവം പ്രകടിപ്പിക്കുന്നു. അതില്‍ യാതൊരു ക്ഷമാപണവും സർക്കാർ നടത്തില്ല. ‘മേക്ക് ഇൻ ഇന്ത്യ’ എന്നതു തന്നെ ശുദ്ധ തട്ടിപ്പാണ്. റിലയൻസ് ഡിഫൻസ് ലിമിറ്റഡ് എന്ന അനിൽ അംബാനിയുടെ കമ്പനിക്ക് ദസോ കരാര്‍ നൽകിയത് മോഡിയുടെ സമ്മർദം മൂലമായിരുന്നു. 126 റഫാൽ യുദ്ധവിമാനങ്ങൾ 58,000 കോടി രൂപയ്ക്ക് വാങ്ങാന്‍ ഫ്രാൻസുമായുണ്ടാക്കിയ ഉടമ്പടി മാറ്റി കേവലം 36 എണ്ണം അതേ വിലയ്ക്ക് വാങ്ങിയത് വൻ അഴിമതിയാണ്. പൊതുഖജനാവിൽ നിന്ന് കോടാനുകോടി രൂപ അനിൽ അംബാനിക്ക് കൊടുത്തു. അതും 2015 മാർച്ചിൽ മാത്രം രജിസ്റ്റർ ചെയ്ത അനുഭവസമ്പത്തില്ലാത്ത റിലയൻസ് ഡിഫൻസ് ലിമിറ്റഡ് കമ്പനിക്ക്. കൃത്രിമമായി ബിസിനസ് വളർച്ച കാണിച്ച് ഓഹരി ഉടമകളെ വഞ്ചിക്കാൻ ഷെൽ കമ്പനികൾ ഉണ്ടാക്കി അനേകായിരം കോടികളുടെ തട്ടിപ്പാണ് അഡാനി നടത്തിയത്. തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, കൽക്കരി ഖനികൾ, വിമാനങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, പ്രകൃതി വാതക ശേഖരങ്ങൾ തുടങ്ങി അഡാനിയുടെ ആധിപത്യമില്ലാത്ത മേഖലകളില്ല. ജീവന് ആധാരമായ വെള്ളം, മണ്ണ്, വനം, വായു എന്നിവ കോർപറേറ്റ് കുത്തകകൾക്ക് അടിയറവച്ചു. അതല്ലാതെ വേറെ വഴിയില്ല എന്ന് സർക്കാർ പ്രചരിപ്പിക്കുന്നു. കമ്പനി എക്സിക്യൂട്ടീവുകൾ സർക്കാരിനെയും അവയെ നിയന്ത്രിക്കുന്ന രാഷ്ട്രീയ നേതാക്കളെയും വിലയ്ക്ക് വാങ്ങുന്നു. കൈക്കൂലിയായും പാരിതോഷികങ്ങളായും ഒഴുകുന്നത് കോടിക്കണക്കിന് ഡോളറുകൾ.
മോഡിയുടെ വികസനം നമ്മുടെ വിഭവങ്ങൾ ചുളുവിലയ്ക്ക് ബഹുരാഷ്ട്ര കുത്തകകൾക്ക് വിറ്റഴിക്കലാണ്. രാജ്യത്തിന്റെ ജൈവവൈവിധ്യങ്ങളും മനുഷ്യശേഷിയുമെല്ലാം വൻ ചൂഷണത്തിന് ഉപാധിയാക്കാൻ വൻതോതിൽ നഗരവൽക്കരണം നടത്തുന്നു. ഗ്രാമങ്ങൾ ഇല്ലാതാകുന്നു. ഇന്ത്യൻ സംസ്കാരത്തിന്റെ വൈവിധ്യങ്ങളെ ഹിന്ദുത്വരാഷ്ട്ര ആശയം പറഞ്ഞും പ്രവർത്തിച്ചും ഇല്ലായ്മ ചെയ്യുന്നു. ഈ വികസന പ്രക്രിയയിൽ പങ്കാളികളാകണമെങ്കിൽ നിങ്ങൾ ഹിന്ദുവായ ഇന്ത്യക്കാരനാകണം എന്നവർ പറയുന്നു. മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധിസ്റ്റ്, സിഖ് ഐഡന്റിറ്റികൾ ഹിന്ദു ഐഡന്റിറ്റിക്ക് കീഴ്പ്പെടുത്തണം. അല്ലാത്തവർ മോഡിവിരുദ്ധരും വികസനത്തെ എതിർക്കുന്നവരുമാണ്.

 


ഇതുകൂടി വായിക്കൂ: 2004 ആവര്‍ത്തിക്കുന്ന 2024


സാമ്പത്തിക ശാസ്ത്രത്തിലെ നൊബേൽ ജേതാക്കളായ ജോസഫ് സ്റ്റഗ്ളിസും, തോമസ് പിക്കറ്റിയും പറയുന്നതിങ്ങനെയാണ്: ‘ഭൗതിക വസ്തുക്കളുടെ മൂലധനം, മീൻ, വനം, ജലം, മണ്ണ് എന്നിവ പോലുള്ള പ്രാകൃതിക മൂലധനം, തൊഴിൽ വിദ്യാഭ്യാസം, ആരോഗ്യം എന്നിവയുൾക്കൊള്ളുന്ന മാനവിക മൂലധനം, സാമൂഹിക സമന്വയം, പരസ്പര വിശ്വാസം എന്നിവയടങ്ങുന്ന സാമൂഹിക മൂലധനം, ഈ നാല് മൂലധനങ്ങളും ജൈവികമായി സമന്വയിക്കുമ്പോൾ മാത്രമേ, ഒരു രാജ്യത്തിന്റെ വികസനവും ജനാധിപത്യവും ഒന്നിച്ചുപോകൂ. കോർപറേറ്റുകളും ഹിന്ദുത്വവും യോജിക്കുമ്പോൾ നമുക്ക് നഷ്ടപ്പെടുന്നത് മേൽപ്പറഞ്ഞ നാല് ഘടകങ്ങളാണ്’.
ശുദ്ധവായു, ജലം, നല്ല പോഷകമൂല്യമുള്ള ഭക്ഷണം, ആരോഗ്യം, പാർപ്പിടം, സ്വന്തമായ ഭൂമി എന്നിവയെല്ലാം ദളിതനും, ദരിദ്രനും, ആദിവാസിക്കും ലഭ്യമാകുമ്പോൾ മാത്രമേ ഭൗതികതലത്തിലുള്ള വികസനം കൊണ്ട് എന്തെങ്കിലും അർത്ഥമുണ്ടാവുകയുള്ളു എന്ന് ഫാസിസ്റ്റ് ഭരണകൂടം മറക്കുന്നു. ഇന്ന് നാം നേരിടുന്നത് വികസനത്തിന്റെ പേരിലുള്ള ഫാസിസവും ഹിന്ദുത്വയുടെ പേരിലുള്ള ഫാസിസവുമാണ്.
സ്വകാര്യ മൂലധനവും രാഷ്ട്രീയ പാർട്ടികൾക്കുള്ള സംഭാവനയും തമ്മിലുള്ള ബന്ധം അനിതരസാധാരണമാംവിധം ശക്തമാകുന്നത് 2018ൽ തെരഞ്ഞെടുപ്പ് ബോണ്ട് സ്കീം നിലവിൽ വന്നതോടുകൂടിയാണ്. ഇതോടെ അജ്ഞാത ഉറവിടങ്ങളിൽ നിന്ന് വലിയ സംഭാവനകൾ രാഷ്ട്രീയ പാർട്ടികളിലേക്ക് ഒഴുകാൻ തുടങ്ങി. 2019–20ൽ മൊത്തം സംഭാവനയുടെ 75 ശതമാനം ഇങ്ങനെ എത്തിയതാണെന്നും, ഇതിന്റെ 90 ശതമാനം തെരഞ്ഞെടുപ്പ് ബോണ്ടിൽ നിന്നാണെന്നും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് റിപ്പോർട്ട് ചെയ്തു. ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് ബിജെപി തന്നെ. അതിസമ്പന്നർക്ക് മാത്രമെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പറ്റൂ എന്നൊരു അർത്ഥം ഇതിനുണ്ട്.
പൗരത്വ ഭേദഗതി നിയമത്തിലൂടെ മോഡി സർക്കാർ വി ദ പീപ്പിളിന്റെ നിർവചനത്തിൽ ഇതാദ്യമായി മതത്തെ മാനദണ്ഡമാക്കി. ദേശീയ പൗരത്വ രജിസ്റ്റർ പലരുടെയും തലയ്ക്കുമേൽ തൂങ്ങിയാടുന്നു. ഭരണഘടന വിഭാവന ചെയ്യുന്ന “വി ദ പീപ്പിൾ ഓഫ് ഇന്ത്യയും” സംഘ്പരിവാർ മുന്നോട്ടുവയ്ക്കുന്ന “വി ദ പീപ്പിൾ ഓഫ് ഇന്ത്യയും” തമ്മിലുള്ള അകലം ധ്രുവ സമാനമാണ്. അവർക്ക് ഇഷ്ടമല്ലാത്തവരെ മറ്റെവിടത്തെയോ ജനങ്ങളായി കരുതുന്നു. ഇതിന് ചരിത്രത്തെ ദുർവ്യാഖ്യാനിക്കുന്നു. ഇന്ത്യൻ ദേശീയതയുടെയും ഭാരതീയ പൈതൃകത്തിന്റെയും മൊത്തക്കച്ചവടക്കാരായി സ്വയം അവതരിക്കുന്നു. പൊതുജനേച്ഛയെ സ്വേച്ഛയാക്കി ബഹുവചനത്തെ ഏക വചനമാക്കി, നമ്മളെ ഞാനാക്കി മാറ്റുന്ന രാഷ്ട്രീയമാണ് അവർക്കിഷ്ടം.
ധനാധിപത്യ അഹങ്കാരത്തിൽ ജനാധിപത്യം അട്ടിമറിക്കപ്പെടുന്നു. തെരഞ്ഞെടുപ്പ് ഫണ്ടിങ്ങിൽ സുതാര്യത കൊണ്ടുവരുമെന്ന അവകാശവാദത്തോടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിയമം, കമ്പനി നിയമം, ആദായ നികുതി നിയമം, ജനപ്രാതിനിധ്യ നിയമം, വിദേശ സംഭാവന നിയന്ത്രണ നിയമം തുടങ്ങിയവ മുച്ചൂടും ഭേദഗതി ചെയ്ത മോഡി സർക്കാർ ആവിഷ്കരിച്ച തെരഞ്ഞെടുപ്പ് ബോണ്ട് എന്ന സമ്പൂർണ ദുരൂഹ പദ്ധതിയിലെ സംഭാവനകളാണ് കഴിഞ്ഞ ദിവസം വെളിപ്പെട്ടത്. നൽകിയവരുടെയും വാങ്ങിയവരുടെയും വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷനിൽ സമർപ്പിക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് പരമോന്നത കോടതി വിധി പറഞ്ഞിട്ടും, ബോണ്ടിനെ ന്യായീകരിച്ചത് വിവരങ്ങൾ പുറത്തുവരാതിരിക്കാനായിരുന്നു. സുപ്രീം കോടതി കർശനമായ നിലപാട് സ്വീകരിച്ചതിനാൽ സർക്കാരിന്റെ നീക്കം വിലപ്പോയില്ല. ഇതിൽ നിന്നെല്ലാം അതിഭീകരമായ അഴിമതിയുടെ വൃത്തിഹീനമായ മുഖം കാണാം.


ഇതുകൂടി വായിക്കൂ:  മുന്‍വിധിയാേടെയുള്ള സര്‍വേകളും നിക്ഷിപ്തതാല്പര്യങ്ങളും


ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികൾ തന്നെ അതിന്റെ ശക്തിയും ചൈതന്യവും നഷ്ടപ്പെടുത്തുന്നു. അങ്ങേയറ്റത്തെ സ്വാർത്ഥതയും സ്വജനപക്ഷപാതവും അധികാരപ്രമത്തതയും ഭരണാധികാരികളുടെ മുഖമുദ്രകളാകുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി തികഞ്ഞ വലതുപക്ഷ ഫാസിസ്റ്റ് നയങ്ങളുടെ പ്രതിപുരുഷനാകുന്നു. ഇന്ത്യൻ ഭരണകൂടം ദളിത് പീഡനങ്ങളെക്കുറിച്ചും തൊഴിലില്ലായ്മയെക്കുറിച്ചും, സാമൂഹിക സാമ്പത്തിക അസമത്വത്തെ കുറിച്ചും, മണിപ്പൂരിനെക്കുറിച്ചും, കർഷകരുടെ ദുരിതങ്ങളെക്കുറിച്ചും മിണ്ടുന്നില്ല. ആരിൽ നിന്നാണ് ഉപദേശവും വിവരങ്ങളും ലഭിക്കുന്നത് എന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോൾ ഡൊണാൾഡ് ട്രംപ് പറഞ്ഞത് ഓർക്കുക: “എല്ലാറ്റിന്റെയും ഉറവിടം ഞാനാണ്, ഞാൻ എന്നോട് സംസാരിക്കുന്നു, ഉപദേശം തേടുന്നു, വിവരങ്ങൾ ആരായുന്നു”. ഇന്നത്തെ ലോക ഭരണം എന്താണെന്ന് ഇവർ കാണിച്ചുതരുന്നു. എന്നാല്‍ മനുഷ്യമഹാശക്തിക്ക് ഏതു ഏകാധിപത്യത്തെയും രാഷ്ട്രശരീരത്തെ കാർന്നുതിന്നുന്ന അഴിമതിയെയും ഇല്ലായ്മ ചെയ്യാം. അസന്ദിഗ്ധമായ പോരാട്ടമാണ് അഴിമതിക്കും ഏകാധിപത്യത്തിനുമെതിരെ കാലം ആവശ്യപ്പെടുന്നത്. പണ്ട് കുഞ്ചൻ നമ്പ്യാർ ചൊല്ലിയത് ഓർക്കുക: “കുംഭകോണേ കൃതം പാപം, കുംഭകോണേ വിനശ്യതി”.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.