19 December 2024, Thursday
KSFE Galaxy Chits Banner 2

വീണ്ടെടുക്കണം ഭഗത് സിങ്ങിന്റെ ഇന്ത്യയെ

എന്‍ അരുണ്‍
പ്രസിഡന്റ് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി
March 23, 2024 4:44 am

“ജീവിക്കാനുള്ള ആഗ്രഹം എല്ലാ മനുഷ്യരിലുമെന്ന പോലെ എന്നിലുമുണ്ട്, ഞാനത് മറച്ച് വയ്ക്കുന്നില്ല. പക്ഷെ, ജീവിക്കുന്നെങ്കിൽ അന്തസോടെ ജീവിക്കാനേ ഞാനാഗ്രഹിക്കുന്നുള്ളൂ! കൊലക്കയറിൽ നിന്ന് വഴുതിമാറി അന്തസില്ലാത്ത ജീവിതത്തിലേക്ക് വന്നാൽ അത് എന്നെയും നമ്മുടെ വിപ്ലവ ലക്ഷ്യങ്ങളെയും ചീത്തപ്പേരിലാക്കുകയേ ഉള്ളൂ. മറിച്ച് ധൈര്യത്തോടെ കൊലക്കയറെടുത്ത് കഴുത്തിലിട്ടാൽ ഹിന്ദുസ്ഥാനിലെ അമ്മമാർ അവരുടെ മക്കളെ ഭഗത് സിങ് എന്ന പോലെ വളർത്തും. അങ്ങനെയുണ്ടാകുന്ന ആത്മവീര്യത്തിനുകീഴിൽ ഈ സാമ്രാജ്യത്വ ശക്തികൾ താഴെവീഴുക തന്നെ ചെയ്യും”. 1931 മാർച്ച് 22ന് തൂക്കിലേറ്റുന്നതിന്റെ തലേന്നാൾ ജയിലിൽ വച്ച് തന്റെ സഖാക്കൾക്കും സുഹൃത്തുക്കൾക്കുമായി ധീര ദേശാഭിമാനി ഭഗത് സിങ് കുറിച്ച വരികളിൽ വെളിപ്പെട്ടത് മാതൃരാജ്യത്തിന്റെ അഭിമാനത്തിനപ്പുറമല്ല തന്റെ ജീവിതമെന്ന പ്രഖ്യാപനം തന്നെയായിരുന്നു. സാമ്രാജ്യത്വ ശക്തികൾക്കെതിരെ പോരാടി കൊലമരത്തിനു മുന്നിലും ഭയചകിതനാകാതെ ധീരതയോടെ മരണത്തെ നേരിട്ട അനശ്വര വിപ്ലവകാരിയുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് ഇന്ന് 93 വയസ്.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ആയുധമെടുക്കണമെന്ന ആഗ്രഹം ബാല്യം മുതൽക്കേ ഭഗത് സിങ്ങിനുണ്ടായിരുന്നു എന്ന് ചരിത്രത്തിൽ വായിക്കാൻ കഴിയുന്നുണ്ട്. വളരെ ചിന്താശീലനായിരുന്ന, ബുദ്ധി കൂർമ്മതയുള്ള, ശ്രദ്ധാലുവായ ഭഗത് സിങ് മികച്ച വായനക്കാരനും എഴുത്തുകാരനുമായിരുന്നു. സോഷ്യലിസം, സോഷ്യലിസ്റ്റ് വിപ്ലവങ്ങൾ, കമ്മ്യൂണിസം എന്നീ വിഷയങ്ങളിലേക്ക് ആകർഷിക്കപ്പെടുകയും സത്യാന്വേഷണ തല്പരത ചെറുപ്പം തൊട്ടേ പുലർത്തിപ്പോരുകയും ചെയ്തിരുന്നു. ‘ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷ’ന്റെ സ്ഥാപക നേതാക്കളിലൊരാളായിരുന്നു ഭഗത് സിങ്. അതോടൊപ്പം ലാലാ ലജ്പത് റായിയുടെ കൊലപാതകിയായ ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ ജെയിംസ് എ സ്കൗട്ടിനെ വധിക്കുകയെന്ന ദൗത്യം ഏറ്റെടുത്തുകൊണ്ട് ഭഗത് സിങ്ങും രാജ്ഗുരുവും സുഖ്ദേവും അതിനായുള്ള തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. പക്ഷേ ആളുമാറി കൊല്ലപ്പെട്ടത് ജോൺ സൗണ്ടേർസ് എന്ന ഉദ്യോഗസ്ഥനായിരുന്നു. പ്രസ്തുത കുറ്റവും മൂവരിലും ചാർത്തിയ ബ്രിട്ടീഷ് ഭരണകൂടം ഭഗത് സിങ് അടക്കമുള്ളവർക്ക് വധശിക്ഷ വിധിച്ചു.
തൂക്കുകയർ കാത്തുനിൽക്കുമ്പോൾ ‘ലെനിന്‍ സ്മരണകള്‍’ എന്ന പുസ്തകവായന മുഴുമിപ്പിക്കുന്ന തിരക്കിലായിരുന്നു ഭഗത് സിങ്. മരണത്തിന് മുന്നിലും നിർഭയനായി പുഞ്ചിരി തൂകി, കറുത്ത തുണികൊണ്ട് മുഖം മൂടാൻ പോലും അനുവദിക്കാതെ ‘സാമ്രാജ്യത്വം തുലയട്ടെ, വിപ്ലവം ജയിക്കട്ടെ’ എന്ന മുദ്രാവാക്യം ഉയർത്തുകയായിരുന്നു ആ വിപ്ലവ നക്ഷത്രം. 1931 മാർച്ച് 23ന് ഇന്നത്തെ പാകിസ്ഥാനിൽ സ്ഥിതി ചെയ്യുന്ന ലാഹോർ സെൻട്രൽ ജയിലിലാണ് ബ്രിട്ടീഷ് ഭരണകൂടം ഭഗത് സിങ്ങിനെ തൂക്കിലേറ്റിയത്.

 


ഇതുകൂടി വായിക്കൂ: ദേശീയ ജനസംഖ്യാ,പൗരത്വ രജിസ്റ്ററുകള്‍ എന്ന്?


ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ വർഗീയവാദമുയർത്തി ഭിന്നിപ്പിക്കാനും തകർക്കാനും ശ്രമിച്ച ചരിത്രം മാത്രമുള്ള ആർഎസ്എസും ബിജെപിയും, ഭരണകൂടത്തിനെതിരായ വർഗസമരത്തെ ശിഥിലീകരിക്കുന്നതിന് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും നിലപാടുകൾ പ്രയോഗവല്‍ക്കരിച്ചുകൊണ്ടിരിക്കുകയാണിന്ന്. ബാബറി മസ്ജിദ് പൊളിച്ച് ക്ഷേത്രം പണിയുന്നതിനാവശ്യമായ യാതൊരു തെളിവുകളും ‘ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ’യുടെ കണ്ടെത്തലുകളിൽ ഇല്ലെന്നും, 1528നും 1857നും ഇടയില്‍ മസ്ജിദ് നിലനിൽക്കുന്ന പ്രദേശവും പള്ളിയും പൂർണമായും മുസ്ലിങ്ങളുടെ ഉടമസ്ഥതയിലും കൈവശത്തിലും ആയിരുന്നു എന്നതിനെ ഖണ്ഡിക്കത്തക്ക തെളിവുകളൊന്നും ലഭ്യമല്ലെന്നും കോടതികൾ അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടും വിഭജനത്തിന് ശേഷം ഇന്ത്യ കണ്ട വർഗീയ ചേരിതിരിവിന് വഴിമരുന്നിട്ടവർ ഇന്ന് രാജ്യത്തിന്റെ ബഹുസ്വരതയുടെയും ഭരണഘടനയുടെ ഫെഡറൽ തത്വങ്ങളുടെയും കടയ്ക്കൽ കത്തിവച്ചുകൊണ്ട് ഹിന്ദുത്വരാഷ്ട്ര നിർമ്മാണത്തിനായുള്ള കുത്സിത ശ്രമങ്ങൾക്ക് നേതൃത്വം കൊടുക്കുകയാണ്.
ഭിന്നിപ്പും വിദ്വേഷവും പടച്ചുണ്ടാക്കിയും അസത്യങ്ങളും അർധസത്യങ്ങളും പ്രചരിപ്പിച്ചുകൊണ്ടും രാഷ്ട്രീയ നേട്ടം കൊയ്യുക എന്നത് ഫാസിസ്റ്റുകളുടെ എക്കാലത്തെയും ഗൂഢതന്ത്രമായിരുന്നു. 1949 ഡിസംബർ 22ന് ബാബറി മസ്ജിദിൽ വിഗ്രഹം സ്ഥാപിച്ച് സ്വയംഭൂവായതാണെന്ന് പ്രചരിപ്പിക്കുക വഴി ജനങ്ങളില്‍ വൈകാരിക ഉത്തേജനം സൃഷ്ടിച്ച് തങ്ങളുടെ ഫാസിസ്റ്റ് നീക്കങ്ങൾക്ക് നിർണായക ചുവടുവയ്പ് നടത്തുകയായിരുന്നു സംഘ്പരിവാർ. ഹിന്ദുത്വ പ്രത്യയശാസ്ത്ര ലക്ഷ്യങ്ങളിലേക്ക് രാജ്യത്തെ എത്തിക്കാനുള്ള ആസൂത്രിതമായ നീക്കങ്ങളുടെ ഭാഗമായ പൗരത്വ ഭേദഗതി നിയമം പൗരത്വാവകാശത്തെ മതവിശ്വാസവുമായി ബന്ധപ്പെടുത്തിയിട്ടില്ലാത്ത ഇന്ത്യൻ ഭരണഘടനാ വ്യവസ്ഥകളുടെ നഗ്നമായ ലംഘനമാണ്. നിയമത്തിന്റെ രൂപീകരണവും അതിന്റെ നിലനില്പും വിവേചനത്തെ അടിസ്ഥാനപ്പെടുത്തിയാകുന്നത് രാജ്യത്തിന്റെ ജനാധിപത്യ‑മതേതര ഘടനയുടെ അന്തഃസത്തയെത്തന്നെ ചോദ്യം ചെയ്യുന്നതാണ്. രാജ്യത്തിന്റെ ബഹുസ്വരതയെയും മത നിരപേക്ഷ പാരമ്പര്യങ്ങളെയും വെല്ലുവിളിച്ചുകൊണ്ടാണ് മതാധിഷ്ഠിത രാഷ്ട്രത്തിനായുള്ള പൊളിച്ചെഴുത്തു നടത്താൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.
സംഘ്പരിവാറിനാല്‍ നിയന്ത്രിക്കപ്പെടുന്ന മോഡിഭരണകൂടം അസഹിഷ്ണുതയും തീവ്രദേശീയതയുടെതായ സങ്കുചിതവാദവും അടിസ്ഥാനമാക്കി ഉന്മൂലന രാഷ്ട്രീയവും അപമാനവീകരണവും തങ്ങളുടെ മാർഗമായി വിലയിരുത്തുന്നു. സ്വാതന്ത്ര്യസമര ചരിത്രത്തിൽ യാതൊരു പങ്കാളിത്തവുമില്ലാതെ, ബ്രിട്ടനോട് സമരംചെയ്ത് ജീവിതം നശിപ്പിക്കരുതെന്ന് രാജ്യത്തെ ഹിന്ദുക്കളോട് ആഹ്വാനം ചെയ്തവർ ഇന്ന് ഭഗത് സിങ്ങിന്റെ പേരിൽ വാചാലരാകുന്ന വിരോധാഭാസം രാജ്യം ദർശിക്കുന്നു. ആർഎസ്എസിന്റെ രാഷ്ട്രീയോപകരണം മാത്രമായ ബിജെപി, മോഡിയുടെ നേതൃത്വത്തിനു കീഴിൽ ഭരണഘടനയുടെ തീവ്ര വർഗീയത പ്രചരിപ്പിക്കാനും മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാനുമുള്ള കുത്സിത ശ്രമങ്ങൾക്ക് നേതൃത്വം കൊടുക്കുമ്പോൾ മതനിരപേക്ഷതയിലൂന്നിയുള്ള ജനകീയ പ്രതിരോധം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. മതനിരപേക്ഷ ശക്തികളും ജനാധിപത്യ ശക്തികളും ഒറ്റക്കെട്ടായി നിന്ന് ഭഗത് സിങ്ങിന്റെ ഇന്ത്യയെ വീണ്ടെടുക്കുക തന്നെ വേണം!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.