25 December 2025, Thursday

Related news

December 24, 2025
December 18, 2025
December 2, 2025
December 1, 2025
October 30, 2025
October 26, 2025
September 24, 2025
September 21, 2025
September 19, 2025
August 28, 2025

ആളെ കിട്ടാതായപ്പോള്‍ അതിരുവിട്ട് രാജീവ് ചന്ദ്രശേഖര്‍

കെ രംഗനാഥ്
തിരുവനന്തപുരം
March 23, 2024 10:17 pm

ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് കേന്ദ്രമന്ത്രിയായിത്തന്നെ പ്രചാരണരംഗത്തിറങ്ങിയതില്‍ പ്രതിഷേധം പടരുന്നു. മന്ത്രിയെന്ന നിലയില്‍ പൊതുപരിപാടി സംഘടിപ്പിച്ചാണ് പലയിടത്തും ആളെക്കൂട്ടുന്നത്. പ്രചാരണത്തിന് ആളെ കിട്ടാതെ വന്നതോടെയാണ് രാജീവ് ചന്ദ്രശേഖറുടെ നിയമവിരുദ്ധ കളികളെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ നല്ലൊരു പങ്ക് പ്രചാരണങ്ങള്‍ ബഹിഷ്കരിച്ച മട്ടാണെന്ന് പ്രമുഖ നേതാക്കള്‍ തന്നെ സമ്മതിക്കുന്നു.

ജില്ലയിലെ ഒരു പ്രമുഖ ആര്‍ എസ്എസ് നേതാവിനെ ശ്രീകാര്യത്തുവച്ച് ബിജെപി പ്രവര്‍ത്തകര്‍ പൊതുനിരത്തില്‍ തല്ലിച്ചതച്ചതാണ് ആര്‍എസ്എസിനെ പ്രകോപിപ്പിച്ചത്. കയ്യബദ്ധം പറ്റിപ്പോയതാണെന്ന് പറഞ്ഞ് ബിജെപിയുടെ പ്രമുഖ നേതാക്കള്‍ ശാഖകളില്‍ കയറിയിറങ്ങുന്നുവെങ്കിലും ഉദ്ദേശിച്ച ഫലമുണ്ടാകുന്നില്ലെന്നാണ് വിവരം. പ്രചാരണത്തിനുവേണ്ടി മഹാകോടീശ്വരനായ രാജീവ് ചന്ദ്രശേഖര്‍ വാരിയെറിയുന്ന കോടികള്‍ അദ്ദേഹത്തെ ചുറ്റിപ്പറ്റി നില്‍ക്കുന്ന നേതാക്കള്‍ ചേര്‍ന്ന് കീശയിലാക്കുന്നുവെന്ന ആരോപണവും ബിജെപി ക്യാമ്പിനെ പിടിച്ചുലയ്ക്കുന്നു.

ഈ നേതാക്കളെ പാര്‍ട്ടി അണികള്‍ ‘രാജീവ് ചന്ദ്രശേഖറുടെ അഷ്ടദിക് പാലകര്‍’ എന്നാണിപ്പോള്‍ പരിഹാസപൂര്‍വം വിശേഷിപ്പിക്കുന്നത്. രാജീവ് ചന്ദ്രശേഖര്‍ ക്യാമ്പിനുള്ളിലെ ഈ കലാപം പ്രചാരണ രംഗത്തെയാകെ സ്തംഭിപ്പിച്ചിരിക്കുന്നു. ആദ്യ ഘട്ടങ്ങളില്‍ ആവേശത്തോട രംഗത്തിറങ്ങിയവരില്‍ മിക്കവരും അപ്രത്യക്ഷരായി. ബൂത്തുകണ്‍വെന്‍ഷനുകളിലെ പങ്കാളിത്തം നിരാശാജനകമായതോടെ നഗരപ്രദേശങ്ങളില്‍ വാര്‍ഡ് കണ്‍വെന്‍ഷനുകളിലും ഗ്രാമപ്രദേശങ്ങളില്‍ പഞ്ചായത്ത് കണ്‍വെന്‍ഷനുകളിലുമായി കാര്യങ്ങള്‍ ചുരുക്കാമെന്നായി തീരുമാനം.

എന്നാല്‍ അവിടെയും ക്ലച്ചുപിടിക്കുന്നില്ല. ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയില്‍ നിന്നും സിപിഐ പിടിച്ചെടുത്ത കോവളം-ആവാടുതുറ വാര്‍ഡില്‍ ബിജെപി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തത് വളരെക്കുറച്ചുപേര്‍. ആയിരക്കണക്കിന് വോട്ടര്‍മാരുള്ള വാര്‍ഡാണിത്. ബിജെപിയില്‍ നിന്ന് ഇടതുപക്ഷം പിടിച്ചെടുത്ത നെയ്യാറ്റിന്‍കര ഒറ്റശേഖരമംഗലം വാര്‍ഡിലെ കണ്‍വെന്‍ഷനിലെ സാന്നിധ്യവും വളരെ കുറവ്. ദയനീയ പരാജയഭീതി തളംകെട്ടി നില്‍ക്കുകയാണ് ബിജെപി ക്യാമ്പുകളില്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും കേരളത്തില്‍ സംപൂജ്യരാകുമെന്ന സര്‍വേ റിപ്പോര്‍ട്ടുകളും ബിജെപി അണികളെ തളര്‍ത്തുന്ന ദൃശ്യങ്ങളാണെങ്ങും.

Eng­lish Sum­ma­ry: Rajeev Chan­drasekhar has vio­lat­ed the code of conduct
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.