5 January 2025, Sunday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 22, 2024
December 16, 2024
December 13, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024
December 8, 2024
December 7, 2024

സിറിയയിലെ ഇറാന്‍ കോണ്‍സുലേറ്റിന് നേരെ വ്യോമാക്രമണം

Janayugom Webdesk
ദമാസ്‌കസ്
April 2, 2024 9:12 pm

സിറിയയിലെ ഇറാന്‍ കോണ്‍സുലേറ്റിന് നേരെ വ്യോമാക്രമണം. ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡിന്റെ ഖുദ്‌സ് ഫോഴ്‌സിലെ മുതിര്‍ന്ന കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് റെസ സഹേദി ഉള്‍പ്പെടെ ഏഴ് പേര്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഇസ്രയേല്‍ നടത്തിയ ആക്രമണമാണെന്നാണ് പ്രാഥമിക നിഗമനം. 

ഇറാന്‍ എംബസിക്ക് സമീപത്തായുള്ള കോണ്‍സുലേറ്റ് കെട്ടിടം ആക്രമണത്തില്‍ പൂര്‍ണമായും തകര്‍ന്നു. ഇറാൻ എംബസി ഉൾപ്പെടുന്ന മേഖലയിൽ ഇസ്രയേൽ യുദ്ധവിമാനങ്ങൾ ആറ് മിസൈലുകൾ വർഷിച്ചതായാണ് വിവരം. സിറിയയിലെ ഇറാൻ അംബാസഡർ ഹുസൈൻ അക്ബാരി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ആക്രമണത്തില്‍ തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ അറിയിച്ചു. പ്രത്യാക്രമണം കടുത്തതായിരിക്കുമെന്നും ഹുസൈന്‍ അക്ബരി മുന്നറിയിപ്പ് നല്‍കി. ഇസ്രയേലിന്റെ യുദ്ധവിമാനങ്ങളാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് സിറിയന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 

ഭീകരാക്രമണമാണ് ഇസ്രയേല്‍ നടത്തിയതെന്നായിരുന്നു സിറിയന്‍ വിദേശകാര്യ മന്ത്രി ഫൈ­സല്‍ മിഗ്ദാദിന്റെ പ്രതികരണം.
ഇറാന്റെ നിയന്ത്രണത്തിലുള്ള ഹിസ്ബുള്ളയ്ക്ക്, ഇസ്രയേലിനെതിരെ ആക്രമണം വ്യാപിപ്പിക്കാൻ പ്രത്യേക നിർദേശം നല്‍കിയേക്കുമെന്നാണ് വിലയിരുത്തല്‍. ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഹിസ്‍ബുള്ളയും പ്രഖ്യാപിച്ചിട്ടുണ്ട്. സിറിയയിലെ ഇറാനിയൻ സൈനിക കേന്ദ്രങ്ങൾക്കു നേരെ ഇസ്രയേൽ മുമ്പും ആക്രമണം നടത്തിയിട്ടുണ്ടെങ്കിലും, നയതന്ത്ര കെട്ടിടത്തിനു നേരെ ആക്രമണം നടത്തുന്നത് ഇതാദ്യമാണ്.
എഫ്-35 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഇറാന്‍ പറഞ്ഞു. ഇറാന്റെ പതാകയുള്ള എംബസി കെട്ടിടം ആക്രമിക്കാന്‍ ഇസ്രയേല്‍ തയ്യാറാകുന്നത് ആദ്യമാണെന്നും ഇറാന്‍ ചൂണ്ടിക്കാട്ടി. 

പാകിസ്ഥാന്‍, ഒമാന്‍, ഇറാഖ്, റഷ്യ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ കോണ്‍സുലേറ്റിന് നേരെയുള്ള ആക്രമണത്തെ അപലപിച്ചു. ആക്രമണം സ്വീകാര്യമല്ലെന്ന് റഷ്യ പ്രതികരിച്ചു. അതേസമയം ആക്രമണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളില്‍ ഇസ്രയേല്‍ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.

Eng­lish Sum­ma­ry: Airstrike on Iran­ian Con­sulate in Syria

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.