17 May 2024, Friday

Related news

May 16, 2024
May 16, 2024
May 10, 2024
May 7, 2024
May 2, 2024
April 27, 2024
April 25, 2024
April 25, 2024
April 19, 2024
April 18, 2024

മഞ്ഞപ്പിത്തം ലോകത്ത് പിടിമുറുക്കുന്നു; പ്രതിദിനം മരിക്കുന്നത് 3500 പേര്‍

ഇന്ത്യക്ക് രണ്ടാം സ്ഥാനം 
Janayugom Webdesk
ജെനീവ
April 10, 2024 10:17 pm

ലോകത്ത് മഞ്ഞപ്പിത്തം പിടിമുറുക്കുന്നു. പ്രതിദിനം 3500 ഹെപ്പറ്റൈറ്റിസ് ബാധിതര്‍ മരിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യക്കാണ് രണ്ടാം സ്ഥാനം. ചൈനയാണ് ഒന്നാമത്. പോര്‍ച്ചുഗലില്‍ ആഗോള ഹെപ്പറ്റൈറ്റിസ് ഉച്ചകോടി നടക്കാനിരിക്കെയാണ് ലോകാരോഗ്യ സംഘടനയുടെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. 187 രാജ്യങ്ങളിലാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. 2019ല്‍ 11 ലക്ഷം പേര്‍ രോഗബാധിതരായി മരിച്ചു. എന്നാല്‍ 2022 ആയപ്പോള്‍ 13 ലക്ഷം ആളുകള്‍ ഹെപ്പറ്റൈറ്റിസ് ബാധിതരായി മരിച്ചുവെന്നാണ് കണക്കുകള്‍. എ, ബി, സി,‍ ഡി, ഇ എന്നിങ്ങനെ അഞ്ച് തരത്തിലാണ് ഹെപ്പറ്റൈറ്റിസ് തരംതിരിച്ചിരിക്കുന്നത്. കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് ലോകാരോഗ്യ സംഘടനയുടെ എച്ച്ഐവി, ഹെപ്പറ്റൈറ്റിസ്, പകരുന്ന ലൈംഗിക രോഗങ്ങള്‍ എന്നിവയുടെ പ്രതിരോധ വിഭാഗം തലവന്‍ മെഗ് ദൊഹേര്‍തി പറഞ്ഞു. 

രോഗബാധിതരില്‍ പകുതിയും 30 മുതല്‍ 54 വയസിനിടയിലുള്ളവരാണ്. 12 ശതമാനം 18 വയസിന് താഴെയുള്ളവരുമാണ്. പുരുഷന്മാര്‍ക്കിടയിലാണ് രോഗം കൂടുതലായി കാണപ്പെടുന്നത്. മെച്ചപ്പെട്ട ചികിത്സയുടെ അഭാവമാണ് രോഗികളുടെ മരണനിരക്ക് ഇത്രയേറെ വര്‍ധിക്കാന്‍ ഇടയാക്കിയത്. 2030 ഓടുകൂടി രോഗം നിര്‍മ്മാര്‍ജനം ചെയ്യേണ്ട പ്രവര്‍ത്തനത്തെക്കുറിച്ചും ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. മഞ്ഞപ്പിത്ത ബാധിതരായി പ്രതിദിനം മരിക്കുന്ന 3500 പേരില്‍ 83 ശതമാനവും ഹെപ്പറ്റൈറ്റിസ് ബി ബാധിച്ചവരാണ്. 17 ശതമാനം ഹെപ്പറ്റൈറ്റിസ് സിയും. രോഗബാധിതരില്‍ മൂന്നില്‍ രണ്ട് ഭാഗവും ബംഗ്ലാദേശ്, ചൈന, എത്യോപ്യ, ഇന്ത്യ, ഇന്തോനേഷ്യ, നൈജീരിയ, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ്, റഷ്യ, വിയറ്റ്നാം രാജ്യങ്ങളിലാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കാന്‍ കാരണമാകുന്ന രോഗങ്ങളില്‍ രണ്ടാം സ്ഥാനം ഹെപ്പറ്റൈറ്റിസിനാണ്. നേരിയ വ്യത്യാസത്തോടെ ക്ഷയരോഗമാണ് ഒന്നാമത്. 

2022ല്‍ മാത്രം ഇന്ത്യയില്‍ 350 ലക്ഷം ഹെപ്പറ്റൈറ്റിസ് ബി, സി രോഗബാധകളാണ് സ്ഥിരീകരിച്ചത്. 2022ല്‍ 2.98 കോടി ഹെപ്പറ്റൈറ്റിസ് ബി രോഗികളും 55 ലക്ഷം ഹെപ്പറ്റൈറ്റിസ് സി രോഗികളുമാണ് രാജ്യത്തുണ്ടായിരുന്നത്. അതേവര്‍ഷം ചൈനയില്‍ 8.3 കോടി ആളുകള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
മൊത്തം രോഗികളുടെ 27.5 ശതമാനം ചൈനയിലും 11.6 ശതമാനം ഇന്ത്യയിലുമായിരുന്നെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 

Eng­lish Sum­ma­ry: Jaun­dice grips the world; 3500 peo­ple die every day

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.