18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 12, 2024
November 30, 2024
November 3, 2024
October 18, 2024
September 30, 2024
August 8, 2024
July 9, 2024
June 15, 2024
June 1, 2024
May 30, 2024

സ്മാര്‍ട്ട് ഫോണുകളിലേക്ക് കടന്നുകയറാന്‍ ഇഡി; സൈബർ ഫോറൻസിക് സ്ഥാപനത്തിന്റെ സേവനം തേടി

Janayugom Webdesk
ന്യൂഡല്‍ഹി
April 10, 2024 11:30 pm

ഐഫോണ്‍ അടക്കം സുരക്ഷിതമാക്കിയ ഉപകരണങ്ങളില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തുന്നതിനുള്ള സോഫ്റ്റ്‌വേര്‍ കമ്പനിയുടെ സഹായം തേടിയവരുടെ പട്ടികയില്‍ എന്‍ഫോഴ്സ്‌മെന്റ് ഡ‍യറക്ടറേറ്റ്(ഇഡി).
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെയും ബിആര്‍എസ് നേതാവ് കെ കവിതയുടെയും അടക്കം ഐഫോണുകളില്‍ നിന്ന് വിവരം ലഭിക്കുന്നത് ദുഷ്കരമായി തുടരുന്നതോടെയാണ് ഇഡി ബദല്‍ മാര്‍ഗം തേടിയതെന്നാണ് സൂചന. ഐഫോണിലെ വിവരം ശേഖരിക്കാന്‍ സഹകരിക്കണമെന്ന ഇഡിയുടെ അഭ്യര്‍ത്ഥന ആപ്പിള്‍ കമ്പനി അടുത്തിടെ തള്ളിയിരുന്നു. 

ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നെക്സ്റ്റ്ടെക്നോ ജെന്‍ എന്ന സൈബര്‍ ഫോറന്‍സിക് സ്ഥാപനത്തിന്റെ സേവനമാണ് ഇഡി തേടിയിരിക്കുന്നത്. ഐഫോണുകളിൽ കടന്നുകയറാൻ കഴിയുമെന്നതിന്റെ പേരിൽ ആഗോള പ്രശസ്തി നേടിയ ഇസ്രായേൽ ടെക് സ്ഥാപനമായ സെലിബ്രൈറ്റുമായി ചേര്‍ന്നാണ് നെക്‌സ്റ്റ്ടെക്നോ ജെന്‍ പ്രവര്‍ത്തിക്കുന്നതെന്ന് വിവരങ്ങള്‍ പുറത്തുവന്നു. ഇന്ത്യയില്‍ ഓഫിസ് ഉണ്ടെന്ന് സെലിബ്രൈറ്റ് കമ്പനി വക്താവ് വിക്ടർ കൂപ്പർ സ്ഥിരീകരിച്ചിട്ടുമുണ്ട്. എന്നാല്‍ ഇഡിയും നെക്സ്റ്റ്ടെക്നോ ജെന്‍ കമ്പനിയും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. 

സൈബര്‍ ഫോറൻസിക് ടൂളുകൾ വാങ്ങുന്നതിനായി ഇഡി 2022ൽ പ്രഖ്യാപിച്ച ടെൻഡറിൽ സെലിബ്രൈറ്റിന്റെ യൂണിവേഴ്സൽ ഫോറൻസിക് എക്സ്ട്രാക്ഷൻ ഉപകരണം (യുഎഫ്ഇഡി) ഉള്‍പ്പെടുന്നുണ്ട്. യുഎഫ്ഇഡി സോഫ്റ്റ്‌വേറുകള്‍ എല്ലാ പ്രധാന സ്‌മാർട്ട്‌ഫോണുകളിലേക്കും ആക്സസ് നൽകും. 2023ൽ ‘എൻലേസ് ഹാക്ടിവിസ്റ്റ’ എന്ന ഹാക്ടിവിസ്റ്റ് ഗ്രൂപ്പ് സെലിബ്രൈറ്റിൽ നിന്ന് മോഷ്ടിച്ച 1.7 ടിബി ഡാറ്റ പുറത്തുവിട്ടിരുന്നു. 2022 ഒക്ടോബർ വരെ സെലിബ്രൈറ്റ് ചോര്‍ത്തിയ വിവരങ്ങളാണ് പുറത്തുവന്നത്. ഈ സോഫ്റ്റ്‌വേറിന് എത്രത്തോളം വിവിധ ഐഫോണുകൾ ആക്സസ് ചെയ്യാൻ കഴിയുമെന്ന് ഇത് വ്യക്തമാക്കുന്നു. 

അറിയപ്പെടുന്ന ചാര സോഫ്റ്റ്‌വേര്‍ കമ്പനികളെ ഒഴിവാക്കിയാണ് ഇഡി വിവരശേഖരണത്തിന് രഹസ്യമായി ശ്രമം ആരംഭിച്ചിരിക്കുന്നത്. പിടിച്ചെടുക്കുന്ന സ്മാര്‍ട്ട് ഫോണില്‍ പാസ്‌വേഡ് നല്‍കാത്ത വ്യക്തികളുടെ വിവരം ചോര്‍ത്താന്‍ സാധിക്കാതെ വരുന്നത് പലപ്പോഴും ഇഡിക്ക് തിരിച്ചടി സൃഷ്ടിക്കുന്നുണ്ട്. കോടതിയിലും മതിയായ തെളിവ് സമര്‍പ്പിക്കാന്‍ പരാജയപ്പെടാറുണ്ട്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വ്യാപകമായി ഫോണ്‍ പിടിച്ചെടുക്കുന്ന രീതിക്കെതിരെ നിരവധി ഹര്‍ജികള്‍ സുപ്രീം കോടതി മുമ്പാകെ പരിഗണനയ്ക്ക് വന്നിരുന്നു. ഫോണുകള്‍ പിടിച്ചെടുക്കുന്ന വിഷയത്തില്‍ കൃത്യമായ മാനദണ്ഡം പാലിക്കണമെന്നും സര്‍ക്കാര്‍ ഏജന്‍സികളില്‍ മാത്രമേ ഡിജിറ്റല്‍ തെളിവുകള്‍ പരിശോധന നടത്താന്‍ പാടുള്ളുവെന്നും കോടതി ഉത്തരവിട്ടിരുന്നു. 

പ്രതിപക്ഷ നേതാക്കള്‍. മാധ്യമ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ ഫോണ്‍ വിവരം ചോര്‍ത്തുന്നതിന് മോഡി സര്‍ക്കാര്‍ ഇസ്രയേല്‍ ചാര സോഫ്റ്റ്‌വേര്‍ കമ്പനിയായ പെഗാസസുമായി കരാറില്‍ ഏര്‍പ്പെട്ടത് രാജ്യമാകെ വിവാദ കൊടുങ്കാറ്റ് അഴിച്ചുവിട്ടിരുന്നു. തുടര്‍ന്ന് പെഗാസസിനെ ഒഴിവാക്കി വിലകുറ‍ഞ്ഞ ചാര സോഫ്റ്റ്‌വേര്‍ വാങ്ങാന്‍ മോഡി സര്‍ക്കാര്‍ ശ്രമം നടത്തിയെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. 

Eng­lish Sum­ma­ry: ED to hack smart phones; Seek the ser­vices of a cyber foren­sics firm

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.