19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 24, 2024
September 11, 2024
September 2, 2024
April 15, 2024
February 13, 2024
January 2, 2024
November 24, 2023
November 24, 2023
October 31, 2023
October 19, 2023

ഇടവിട്ടുള്ള മഴ: ഡെങ്കിപ്പനി വ്യാപിക്കാൻ സാധ്യത; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി

Janayugom Webdesk
തിരുവനന്തപുരം
April 15, 2024 9:14 pm

ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി ഉൾപ്പെടെയുള്ള കൊതുകുജന്യ രോഗങ്ങൾ വർധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലേറിയ, ഫൈലേറിയസിസ്, സിക്ക തുടങ്ങിയ ഗുരുതര രോഗങ്ങൾ കൊതുക് വഴി പരത്താൻ സാധ്യതയുണ്ട്. അതിനാൽ കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നൽകണം. വീടിനകത്തും പുറത്തും വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്. കൊതുകുകടി ഏൽക്കാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും മന്ത്രി നിർദേശം നൽകി.

എന്താണ് ഡെങ്കിപ്പനി?
ഈഡിസ് ഈജിപ്റ്റി കൊതുകുകൾ പരത്തുന്ന ഡെങ്കൂ വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഇത്തരം കൊതുകുകൾ മുട്ടയിട്ട് വളരുന്നത്. കൊതുകുവഴി മാത്രമേ ഡെങ്കിപ്പനി ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുകയുള്ളൂ.

രോഗ ലക്ഷണങ്ങൾ
മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് ഡെങ്കിപ്പനി. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ സാധാരണ വൈറൽ പനിയിൽ നിന്ന് വ്യത്യസ്തമല്ലാത്തതിനാൽ പലപ്പോഴും ഡെങ്കിപ്പനി തിരിച്ചറിയാൻ വൈകുന്നു. പെട്ടെന്നുള്ള കടുത്ത പനിയാണ് തുടക്കം. ആരംഭത്തിൽ തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനം പുരട്ടൽ, ഛർദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. ഈ രോഗലക്ഷണങ്ങൾ എല്ലാം തന്നെ സാധാരണ പനിയോട് സാമ്യമുള്ളവയാണ്. കണ്ണിനു പുറകിലെ വേദന ഡെങ്കിപ്പനിയുടെ പ്രത്യേകതയാണ്.

രോഗം ഗുരുതരമാകാതെ ശ്രദ്ധിക്കണം
രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ അളവ് പെട്ടന്ന് കുറയാൻ സാധ്യതയുള്ളതിനാൽ ആരംഭത്തിൽ തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കേണ്ടതാണ്.

ധാരാളം പാനീയങ്ങൾ കുടിക്കുക
ചെറിയ പനി വന്നാൽ പോലും ഡെങ്കിപ്പനിയുടെ ലക്ഷണമെന്നു തോന്നിയാൽ ധാരാളം പാനീയങ്ങൾ കുടിക്കാൻ കൊടുക്കുക. പനി കുറയുന്നതിനുള്ള മരുന്ന് കൊടുത്തതിന് ശേഷം എത്രയും പെട്ടെന്ന് ആശുപത്രിയിൽ വിദഗ്ധ ചികിത്സ തേടുക. ഏത് പനിയും പകർച്ചപ്പനി ആകാമെന്നതിനാൽ സ്വയം ചികിത്സിക്കരുത്.

കൊതുകിനെ അകറ്റുക ഏറ്റവും പ്രധാനം
കൊതുകിൽ നിന്നും സംരക്ഷണം നേടുക എന്നതാണ് ഡെങ്കിപ്പനിയുടെ ഏറ്റവും വലിയ സംരക്ഷണ മാർഗം. അതിനാൽ വീട്, സ്ഥാപനങ്ങൾ തുടങ്ങിയ കെട്ടിടങ്ങളുടെ അകത്തും മേൽക്കൂരകളിലും പരിസരത്തും വെള്ളം കെട്ടി നിൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വീട്ടിനുള്ളിൽ പൂച്ചട്ടികൾക്ക് താഴെ വെള്ളം കെട്ടിനിൽക്കുന്ന പാത്രങ്ങളിലും ഫ്രിഡ്ജിന് അടിയിൽ വെള്ളം നിൽക്കുന്ന ട്രേയിലും കൊതുക് മുട്ടയിടാൻ സാധ്യതയുണ്ട്. ഇവ ആഴ്ചയിൽ ഒരിക്കൽ എങ്കിലും വൃത്തിയാക്കുക. വെള്ളം ശേഖരിക്കുന്ന പാത്രങ്ങളും ടാങ്കുകളും അടച്ചു സൂക്ഷിക്കുക. പനിയുള്ളവർ കൊതുകുകടി ഏൽക്കാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കണം.

Eng­lish Sum­ma­ry: risk of dengue spread; Health Min­is­ter to be cautious
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.