8 September 2024, Sunday
KSFE Galaxy Chits Banner 2

Related news

September 7, 2024
September 7, 2024
September 7, 2024
September 6, 2024
September 6, 2024
September 5, 2024
September 5, 2024
September 2, 2024
September 2, 2024
September 2, 2024

ഹിന്ദി ഹൃദയഭൂമിയിലും തിരിച്ചടി ബിജെപി പതറുന്നു

Janayugom Webdesk
ന്യൂഡല്‍ഹി/ ബംഗളൂരു
April 18, 2024 10:21 pm

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഹിന്ദി ഹൃദയഭൂമിയിലും ബിജെപി തിരിച്ചടി നേരിടുമെന്ന് പ്രമുഖ തെരഞ്ഞെടുപ്പ് സര്‍വേ ഏജന്‍സിയായ ലോക്‌പോള്‍. ദക്ഷിണേന്ത്യയില്‍ നിലവിലെ സീറ്റുകള്‍ നഷ്ടമാകുമെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. നാല് സംസ്ഥാനങ്ങളിലെ സര്‍വേ ഫലങ്ങളാണ് ലോക്‌പോള്‍ പുറത്തുവിട്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യയില്‍ പരമാവധി സീറ്റുകള്‍ ബിജെപി നേടിയിരുന്നു. ആ സീറ്റുകള്‍ ഇത്തവണ നിലനിര്‍ത്താന്‍ കഴിയില്ലെന്ന കണക്കുകൂട്ടലിലാണ് ദക്ഷിണേന്ത്യയില്‍ കൂടുതല്‍ സീറ്റ് ലഭിക്കുന്നതിനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിച്ചത്. ഇതും പാളിയെന്നാണ് വിവിധ സര്‍വേ ഫലങ്ങള്‍ നല്‍കുന്ന സൂചന.

ഉത്തരേന്ത്യയില്‍ നഷ്ടപ്പെടുന്നത് ദക്ഷിണേന്ത്യയില്‍ പിടിക്കുക എന്ന ബിജെപി തന്ത്രവും ഇത്തവണ പിഴയ്ക്കും. ഉത്തര്‍പ്രദേശില്‍ എന്‍ഡിഎ 69 സീറ്റുകള്‍ വരെ നേടുമെന്ന് പ്രവചിക്കുന്ന സര്‍വേ, ഇവിടെ മാത്രമേ കാര്യമായ ശക്തി നിലനിര്‍ത്താന്‍ എന്‍ഡിഎയ്ക്ക് സാധിക്കൂ എന്ന് പ്രവചിക്കുന്നു. ഇന്ത്യ സഖ്യത്തിന് 10, ബിഎസ്‌പി നാല് സീറ്റുകള്‍ വീതം കരസ്ഥമാക്കിയേക്കും. അഭിമാന പോരാട്ടം നടക്കുന്ന മഹാരാഷ്ട്രയില്‍ എംവിഎ സഖ്യം ബിജെപിയുടെ മഹായുതി സഖ്യത്തിന് വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ട്.

എന്‍ഡിഎ പാളയത്തില്‍ തിരിച്ചെത്തിയ നിതീഷ് കുമാര്‍ ബിഹാറില്‍ വലിയ നേട്ടം ഉണ്ടാക്കില്ല. ഇവിടെ എന്‍ഡിഎ 25 സീറ്റ് വരെ നേടാം. ഇന്ത്യ മുന്നണി 16 സീറ്റുകള്‍ വരെ നേടും. പശ്ചിമ ബംഗാളില്‍ ബിജെപിക്ക് 13 സീറ്റ് വരെ കിട്ടും. തൃണമൂല്‍ 28 സീറ്റ് വരെ നേടിയേക്കാം. മറ്റുചില സര്‍വേകള്‍ ബിജെപിക്ക് നേട്ടം പ്രവചിക്കുന്നുണ്ട്. ഇടതുസഖ്യം ഇത്തവണ മികച്ച മുന്നേറ്റം നടത്തുമെന്നും സൂചിപ്പിക്കുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് എട്ട് സീറ്റാണ് സര്‍വേ പറയുന്നത്. ഇന്ത്യ നാല് സീറ്റ് വരെ നേടും. തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യം തൂത്തുവാരുമെന്ന് സര്‍വേ പറയുന്നു. ആകെയുള്ള 39 സീറ്റുകളും ഇന്ത്യ സഖ്യം നേടും. കര്‍ണാടകയിലും ഇന്ത്യ സഖ്യം 17 സീറ്റ് വരെ നേടുമ്പോള്‍ ബിജെപിക്ക് 13 സീറ്റുകള്‍ വരെയേ സര്‍വേ പ്രവചിക്കുന്നുള്ളൂ.

കര്‍ണാടകയില്‍ എന്‍ഡിഎ സഖ്യം തകരും

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ബിജെപി തകരുമെന്നും കോണ്‍ഗ്രസ് അപ്രതീക്ഷിത വിജയം കരസ്ഥമാക്കുമെന്നും സര്‍വേ റിപ്പോര്‍ട്ട്. 28 സീറ്റുള്ള സംസ്ഥാനത്ത് കോണ്‍ഗ്രസ് 13 മുതല്‍ 18 സീറ്റ് വരെ നേടുമെന്നാണ് ഈദിനയുടെ രണ്ടാംഘട്ട സര്‍വേഫലം വ്യക്തമാക്കുന്നത്.
വോട്ട് വിഹിതം 46.41 ആയി വര്‍ധിപ്പിച്ച് കോണ്‍ഗ്രസ് കരുത്ത് കാട്ടുമെന്നും ബിജെപിയും സഖ്യകക്ഷിയായ ജനതാദള്‍ സെക്കുലറും 10 മുതല്‍ 13 വരെ സീറ്റുകളാവും നേടുകയെന്നും സര്‍വേ പറയുന്നു.
വോട്ട് വിഹിതത്തിലും ബിജെപി സഖ്യത്തിന് തിരിച്ചടി നേരിടും. 44.27 ശതമാനമാകും ഇവരുടെ വിഹിതം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അട്ടിമറിച്ച് കോണ്‍ഗ്രസ് 132 മുതല്‍ 140 സീറ്റ് വരെ നേടുമെന്ന് ഈദിന സര്‍വേ പ്രവചിച്ചിരുന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് നടത്തിയ ആദ്യ സര്‍വേയിലും കോണ്‍ഗ്രസിന് വിജയ സാധ്യത പ്രവചിച്ചിരുന്നു.

Eng­lish Sum­ma­ry: Even in the Hin­di heart­land, the BJP is reel­ing from the backlash
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.