ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി കാസർകോട് മണ്ഡലത്തിൽ കഴിഞ്ഞ ദിവസം നടന്ന മോക് പോളിൽ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളിൽ (ഇവിഎം) ബിജെപിക്ക് അനുകൂലമായി അധിക വോട്ടുകൾ രേഖപ്പെടുത്തിയെന്ന ആരോപണം പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീം കോടതി.
ഇവിഎം-വിവിപാറ്റ് കേസിന്റെ വാദം കേൾക്കുന്നതിനിടെ പുതിയ സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയും അടങ്ങുന്ന ബെഞ്ച് നിര്‍ദേശം പുറപ്പെടുവിച്ചത്. മോക് പോളിൽ കുറഞ്ഞത് നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി അധിക വോട്ട് രേഖപ്പെടുത്തിയിരുന്നു. അതേസമയം ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീം കോടതിയെ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് എൽഡിഎഫും യുഡിഎഫും ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. മോക് പോളിന്റെ ആദ്യ റൗണ്ടിൽ 190 വോട്ടിങ് മെഷീനുകളും പരിശോധിച്ചു. 20 മെഷീനുകളാണ് ഒരേസമയം പബ്ലിഷ് ചെയ്‌തത്. ഒരു യന്ത്രത്തിൽ വോട്ട് രേഖപ്പെടുത്താൻ 10 ഓപ്ഷനുണ്ട്. ഓരോ ഓപ്ഷനും ഓരോ തവണ അമർത്തി പരീക്ഷിച്ചപ്പോൾ നാലു മെഷീനുകളിൽ ബിജെപിക്ക് രണ്ടു വോട്ട് ലഭിച്ചതായി വ്യക്തമായി. ബിജെപി ചിഹ്നത്തിൽ അമർത്താതിരുന്നപ്പോഴും പാർട്ടിയുടെ കണക്കിൽ ഒരു വോട്ട് രേഖപ്പെടുത്തി. ഇതേത്തുടർന്ന് ഈ മെഷീനുകൾ മാറ്റണമെന്ന് ഏജന്റുമാർ ആവശ്യപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് കാസര്‍കോട് അസംബ്ലി മണ്ഡലം ഉപവരണാധികാരി ബുധനാഴ്ച കാസര്‍കോട് ലോക്‌സഭാ മണ്ഡലം വരണാധികാരിയും കളക്ടറുമായ കെ ഇമ്പശേഖറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
English Summary: Supreme Court to check Kasarakote Mock Poll
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.