ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം കഴിഞ്ഞു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന നിര്‍ണായകമായ ഒരു തെരഞ്ഞെടുപ്പ് ഇതാദ്യം. ഈ അഗ്നിപരീക്ഷയില്‍ സംഘ്പരിവാറുകള്‍ ജയിച്ചാല്‍ മതേതര ഇന്ത്യയും ഭരണഘടനയും കത്തിച്ചാമ്പലാവും. ഇനിയൊരു തെരഞ്ഞെടുപ്പിനുവേണ്ടി നമ്മുടെ വിരലില്‍ മഷി പുരട്ടേണ്ടിവരില്ല. ഹിന്ദുത്വഭീകരവാദികളുടെ കാല്‍ച്ചുവട്ടില്‍ അമരുന്ന രാജ്യത്ത് എമ്പാടും തടങ്കല്‍ പാളയങ്ങള്‍ ഉയരും. രാജ്യം ഒരു തടവറയാകും. എതിര്‍പ്പിന്റെ ശബ്ദങ്ങളെ ഇരുമ്പഴികള്‍ക്കുള്ളില്‍ പൂട്ടിയിടും. പട്ടിണിക്കിട്ട് ഭരണവര്‍ഗം അരിശം തീര്‍ക്കും. ചരിത്രത്തിലുടനീളം അടിച്ചമര്‍ത്തലുകളും ഉയിര്‍ത്തെഴുന്നേല്പുകളും കണ്ട രാജ്യം പിന്നെ ഒരിക്കല്‍കൂടി ഇരുളിന്റെ കാരാഗൃഹത്തില്‍ക്കിടന്ന് നെടുവീര്‍പ്പിടേണ്ടിവരും. ചക്രവര്‍ത്തി ഭരണത്തിലമരുന്ന മഹാഭാരതത്തില്‍ പുതിയ ചെങ്കോലും കിരീടവും സിംഹാസനവും പുനര്‍ജനിക്കും. പൗരന്മാര്‍ പ്രജകളാവും. അടിയാളരും മേലാളരും മാത്രമുള്ള രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ എന്ന നാമം തന്നെ കേള്‍ക്കാതാവും. പട്ടിണിമരണങ്ങള്‍ നടമാടും. തൊഴിലില്ലാത്തവരുടെ പട പെരുകം. ഞങ്ങള്‍ക്ക് വിശക്കുന്നു, ഞങ്ങള്‍ക്ക് ദാഹിക്കുന്നുവെന്നു പറയുന്ന കുരുന്നുകളുടെ വായില്‍ ചക്രവര്‍ത്തിയുടെ ഭടന്മാര്‍ കുന്തങ്ങള്‍ കുത്തിയിറക്കും. ഗര്‍ഭിണിയുടെ ഉദരം പിളര്‍ന്ന് ഭ്രൂണത്തെ കുന്തത്തില്‍ കുത്തിയെടുത്ത് നിലത്തിട്ട് ചവിട്ടിയരച്ചവര്‍ക്ക് വിശന്നുവിളിക്കുന്ന കുരുന്നുകളുടെ ഹത്യ എന്തെളുപ്പമായിരിക്കും. മനുഷ്യജീവനുകളുടെ അറവുശാലകളായി ഒരു മഹത്തായ രാജ്യം മാറും. ഇതെല്ലാം തടയണമെങ്കില്‍ വോട്ടിങ് യന്ത്രത്തില്‍ അമര്‍ത്തുന്ന നമ്മുടെ വിരലുകള്‍ വിറയ്ക്കാതിരിക്കട്ടെ. നമ്മുടെ വിരലുകള്‍ ഭാവിയുടെ സംരക്ഷണത്തിനുള്ള കോട്ടകൊത്തളങ്ങള്‍ പണിയട്ടെ.
ഈ ആകുലതകള്‍ക്കിടയിലും നാം ആശയുടെ വെള്ളിവെളിച്ചം കാണുന്നു. ശ്രീരാമനും അയോധ്യയും ദ്വാരകയും ശ്രീകൃഷ്ണനും ഹിന്ദുമതദ്രോഹിയായ മോഡിക്കു തുണയാവില്ലെന്ന ജനഹിതം രാജ്യമെമ്പാടും ഉയര്‍ന്നുവരുന്നതിന്റെ ശുഭസൂചനകള്‍. നിരവധി സര്‍വേകളില്‍ അയോധ്യയും രാമനും ഒരു തെരഞ്ഞെടുപ്പ് വിഷയമേയല്ലെന്ന് വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു. പ്രധാന വിഷയങ്ങള്‍ തൊഴിലില്ലായ്മയും പട്ടിണിയും വിലക്കയറ്റവുമാണെന്ന് സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റി നടത്തിയ സര്‍വേയില്‍ കണ്ടെത്തി. രണ്ടാം മോഡി സര്‍ക്കാരിന്റെ കാലത്ത് അഴിമതി മാനംമുട്ടെ വളര്‍ന്നതായും പട്ടിണിക്കാരുടെ സംഖ്യ കുത്തനെ ഉയര്‍ന്നതായും സിഎസ്‌ഡിഎസ്- ലോക്‌നീതി സര്‍വേയില്‍ പറയുന്നു. മോഡിഭരണത്തിന്‍കീഴില്‍ മഹാ കോടീശ്വരന്മാരുടെ എണ്ണം അഭൂതമായി വര്‍ധിച്ചപ്പോള്‍ ഒരു നേരത്തെ അന്നത്തിനു പോലും വകയില്ലാത്ത അത്താഴപ്പട്ടിണിക്കാരുടെ ലോക തലസ്ഥാനമായി ഇന്ത്യ മാറി. സര്‍വേയില്‍ പങ്കെടുത്തവരില്‍ മഹാഭൂരിപക്ഷവും ഇന്ത്യയിലെ യുവതയായിരുന്നതെന്നതും ശ്രദ്ധേയം. മോഡിയും സംഘ്പരിവാറും ചിന്തിക്കുന്നതുപോലെയല്ല രാജ്യത്തെ യുവത ചിന്തിക്കുന്നതെന്ന ശുഭോദര്‍ക്കമായ കണ്ടെത്തലുകള്‍.
ഇന്ത്യ ഹിന്ദുക്കളുടേതുമാത്രമല്ല എല്ലാ മതവിഭാഗങ്ങളിലുമുള്ള പൗരന്മാരുടേതാണെന്ന് 79 ശതമാനം പേര്‍ പറയുമ്പോള്‍ ഹിന്ദുരാഷ്ട്രമാകണമെന്നു പറഞ്ഞവര്‍ വെറും 11 ശതമാനം മാത്രം. കടുത്ത മത്സരത്തിലൂടെ മോഡിയെ താഴെയിറക്കാനുള്ള അന്തരീക്ഷ സൃഷ്ടിയാണുണ്ടായിരിക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ ഭര്‍ത്താവ് പരകാല പ്രഭാകര്‍ അടക്കമുള്ള രാഷ്ട്രീയ തന്ത്രജ്ഞരും അഭിപ്രായപ്പെട്ടിരിക്കുന്നു. ദരിദ്രരില്‍ 58 ശതമാനവും മോഡി ഭരണം അഴിമതിയുടെ കൂടാരമായിക്കഴിഞ്ഞുവെന്ന് കരുതുന്നു. അടിസ്ഥാനവര്‍ഗങ്ങളിലേക്ക് എത്തുമ്പോല്‍ ഇത് 54 ശതമാനവും മധ്യവര്‍ഗത്തില്‍ അത് 53 ശതമാനവുമായി മാറുന്നു. ധനികവര്‍ഗത്തിനിടയിലെ 57 ശതമാനവും മോഡിയുടേത് അഴിമതിഭരണമാണെന്ന് പറയുമ്പോള്‍ രാജ്യം എങ്ങനെ ചിന്തിക്കുന്നുവെന്നതിന് ദൃഷ്ടാന്തമാവും.
മാമ്പഴവും ചോക്ലേറ്റും ജയില്‍ മോചനത്തിനുള്ള ജാമ്യവും തമ്മിലെന്തു ബന്ധം. ബന്ധമുണ്ടെന്നാണ് മോഡിയുടെയും ഇഡിയുടെയും കണ്ടുപിടിത്തം! രാഷ്ട്രീയ പ്രതിയോഗികളെ ജയിലില്‍ വച്ചു കൊല്ലാനുള്ള ഒരു പരീക്ഷണശാലയാണിപ്പോള്‍ ഡല്‍ഹിയിലെ തിഹാര്‍ ജയില്‍. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ പുറത്തിറക്കാതെ ജയിലില്‍ കിടത്തിത്തന്നെ കൊല്ലണമെന്ന് മോഡിക്ക് വാശി. ജാമ്യത്തിലിറങ്ങിയാല്‍ ആ ജയില്‍ കൊലയ്ക്ക് സ്കോപ്പില്ലാതാകും. ജാമ്യം കിട്ടാന്‍ വേണ്ടി കെജ്‌രിവാള്‍ മാമ്പഴവും ചോക്ലേറ്റും വാരി വലിച്ചു തിന്നുന്നുവെന്ന് ഇഡി. ഇതുകേട്ടാല്‍ തോന്നും എന്നും രാവിലെ കുളിച്ചു കുട്ടപ്പനായി ജയില്‍ സൂപ്രണ്ടിനോട് ‘ഞാനൊന്നു പുറത്തുപോയിട്ടു വരട്ടെ അളിയാ, കുറേ മല്ഗോവ മാമ്പഴവും ചോക്ലേറ്റും വാങ്ങണം.’ ഇതുകേട്ട ജയില്‍ സൂപ്രണ്ട്, ‘ഒരു വഴിക്കു പോകുന്നതല്ലേ അളിയാ, ഇതിരിക്കട്ടെ’ എന്നു പറഞ്ഞ് കെജ്‌രിവാളിന്റെ കയ്യില്‍ ആയിരം രൂപ വച്ചുകൊടുക്കുന്നു. കുറേക്കഴിഞ്ഞ് ഒരു ചാക്ക് മാമ്പഴവും പെട്ടിക്കണക്കിനു ചോക്ലേറ്റുമായി സെല്ലിനകത്തു കയറി വലിച്ചുവാരി തീറ്റയോട് തീറ്റ. മധുരിക്കുന്ന മാമ്പഴക്കഥയുണ്ടാക്കിയ ഇഡി പൊട്ടന്മാര്‍ ജയില്‍ ഭക്ഷണം മാത്രമാണ് കെജ്‌രിവാളിനു നല്‍കുന്നതെന്ന കാര്യം മറയ്ക്കുന്നു. കള്ളക്കഥ പാളിയപ്പോള്‍ ഇന്‍സുലിന്‍ കുത്തിവയ്ക്കാന്‍ സമ്മതിക്കാതെ പ്രമേഹം കൂട്ടി ജാമ്യം നേടാനാണ് ശ്രമമെന്ന് മറ്റൊരു കഥ. കെജ്‌രിവാളിന് കൃത്യമായി ഇന്‍സുലിന്‍ നല്‍കണമെന്നു കോടതി വിധിയുണ്ടായപ്പോള്‍ മറു ന്യായമായി. ഏറെക്കാലമായി ഇന്‍സുലിന്‍ ഉപേക്ഷിച്ചയാളാണ് കെജ്‌രിവാള്‍ എന്ന് ഇഡി. ഇന്‍സുലിന്‍ കുത്തിവച്ചാല്‍ തട്ടിപ്പോകുമത്രേ. കടുത്ത പ്രമേഹത്തിനുള്ള ഇന്‍സുലിന്‍ നിഷേധിച്ചാലും തട്ടിപ്പോകുമല്ലോ. എതിരാളിയെ വകവരുത്താന്‍ എന്തെന്തു മോഡി തന്ത്രങ്ങള്‍!
നമ്മുടെ തലസ്ഥാനത്ത് ഇപ്പോള്‍ ഒരു നാടകോത്സവം തന്നെ നടന്നുവരുന്നു. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്റെ മുന്നേറ്റം കണ്ട് അന്ധാളിച്ച ശശിതരൂര്‍ ഒരു നാടകം കളിച്ചുനോക്കി. മത്സരം താനും രാജീവ് ചന്ദ്രശേഖറും തമ്മിലാണെന്ന്. കാണികള്‍ വിളിച്ചുകൂവി. അത് രണ്ടാം സ്ഥാനത്തിനുവേണ്ടിയുള്ളത് മാത്രമാണെന്ന്. ആഢ്യന്മാര്‍ തമ്മിലല്ലേ മത്സരിക്കേണ്ടത്, പന്ന്യന്‍ ഒരു ചീളുകേസല്ലെ എന്ന് തരൂരിന്റെ അഹങ്കാരം. ഇപ്പോഴിതാ നാടകം കൊഴുക്കുന്നു. തരൂര്‍ പെണ്ണുപിടിയനെന്ന് രാജീവ് ചന്ദ്രശേഖര്‍. വോട്ടര്‍മാര്‍ക്ക് കോഴ നല്‍കുന്നവനാണ് രാജീവ് ചന്ദ്രശേഖറെന്ന് തരൂര്‍ ആകെ ജഗപൊഗ. ഇപ്പോള്‍ പരസ്പരം കേസും വക്കാണവും! കാലത്തിന്റെ ഒരു കാവ്യനീതിയേ!
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.