17 December 2025, Wednesday

Related news

November 30, 2025
October 8, 2025
August 28, 2025
May 17, 2025
May 11, 2025
November 1, 2024
October 1, 2024
September 24, 2024
May 10, 2024
April 28, 2024

‘അതും നമ്മളന്നെ’യെന്ന് ബിജെപി; വാട്ടര്‍ മെട്രോ ഉള്‍പ്പെടെ മോഡി തന്നതെന്ന് അവകാശവാദവുമായി പരസ്യം

ഗിരീഷ് അത്തിലാട്ട്
തിരുവനന്തപുരം
April 23, 2024 11:21 pm

വര്‍ഗീയതയും വ്യാജപ്രചാരണവും ലക്ഷ്യമിട്ടുള്ള പരസ്യ പരമ്പരയില്‍ നാലാം ദിനത്തില്‍ ‘എട്ടുകാലി മമ്മൂഞ്ഞാ‘യി മോഡി. കേരളത്തിന്റെ സ്വന്തം പദ്ധതിയായ വാട്ടര്‍ മെട്രോ പോലും അവകാശപ്പെട്ടാണ് ബിജെപി ഇന്നലെ കേരളത്തിലെ ദിനപത്രങ്ങളില്‍ പരസ്യം നല്‍കിയിരിക്കുന്നത്. ‘മോടി‘യോടെ കേരളം എന്ന തലക്കെട്ടിലാണ് സംസ്ഥാനത്തെ വിവിധ പദ്ധതികളുടെ പേരുകള്‍ ഉള്‍പ്പെടുത്തി മോഡിയുടെ ചിത്രവും ചേര്‍ത്ത് ബിജെപിക്ക് വോട്ടഭ്യര്‍ത്ഥിച്ചിരിക്കുന്നത്. കാസര്‍കോട്-തിരുവനന്തപുരം ആറുവരി ദേശീയപാത, ഗ്രാമീണ റോഡുകള്‍, വന്ദേഭാരത് ട്രെയിനുകള്‍, വിഴിഞ്ഞം തുറമുഖം, കൊച്ചി കണ്ടെയ്നര്‍, കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ, ഗെയില്‍ ഗ്യാസ് പൈപ്പ് ലൈന്‍ തുടങ്ങിയ വിവിധ പദ്ധതികളാണ് പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പൂര്‍ണമായും സംസ്ഥാന സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് പണം കണ്ടെത്തി നടപ്പിലാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പദ്ധതിയായ കൊച്ചി വാട്ടര്‍ മെട്രോയാണ് ലക്ഷങ്ങള്‍ ചെലവിട്ടുള്ള പരസ്യത്തിലൂടെ മോഡി സ്വന്തമാക്കിയത്. വാട്ടര്‍ മെട്രോയുടെ മൊത്തം ചെലവ് 1136.83 കോടി രൂപയാണ്. ജര്‍മ്മന്‍ കമ്പനിയില്‍ നിന്നുള്ള വായ്പയായി 908.6 കോടി രൂപ ലഭിച്ചു. ജര്‍മ്മന്‍ വികസന ബാങ്കില്‍ നിന്ന് എടുത്ത വായ്പയുടെ ജാമ്യക്കാരന്‍ എന്ന നിലയില്‍ മാത്രമാണ് കേന്ദ്രസര്‍ക്കാരിന് ഈ പദ്ധതിയുമായി ബന്ധമുള്ളത്. എന്നാല്‍ അത് സാങ്കേതിക നടപടിക്രമം മാത്രമാണ്. വായ്പ തിരിച്ചടയ്ക്കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരിനാണ്. ഇക്കാര്യങ്ങളെല്ലാം മറച്ചുവച്ചാണ് വാട്ടര്‍ മെട്രോയില്‍ കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദവുമായി ബിജെപി രംഗത്തെത്തിയത്. 

കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം നടന്ന സമയത്തുതന്നെ, കേന്ദ്രസര്‍ക്കാര്‍ 819 കോടി രൂപ ചെലവഴിച്ചുവെന്നും സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം പൂജ്യമാണെന്നുമൊക്കെ പറഞ്ഞുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണമുണ്ടായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം ഇക്കാര്യം തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. വാട്ടര്‍ മെട്രോ പൂര്‍ണമായും സംസ്ഥാനത്തിന്റെ പദ്ധതിയാണെന്ന് വിവിധ മാധ്യമങ്ങളും കണക്കുകള്‍ സഹിതം വ്യക്തമാക്കിയിരുന്നു.
ദേശീയ പാതാ വികസനം സംസ്ഥാനത്ത് യാഥാര്‍ത്ഥ്യമാക്കുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള ഇടപെടലുകള്‍ മറച്ചുവയ്ക്കാനാണ് ബിജെപിയുടെ ശ്രമം. രാജ്യത്ത് ദേശീയപാതാ വികസനത്തിന് ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത് കേരളത്തിലാണ്. ദേശീയപാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്നതിന് 5580 കോടി രൂപയാണ് അഞ്ച് വര്‍ഷത്തിനിടയില്‍ സംസ്ഥാനം ചെലവഴിച്ചതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നത്. മിക്ക സംസ്ഥാനങ്ങളിലും ദേശീയപാതാ വികസനം എന്‍എച്ച്എഐ നേരിട്ട് നടത്തുമ്പോഴാണ് എന്‍എച്ച് 66 വികസനത്തിന് ഭൂമിയേറ്റെടുക്കാന്‍ 25 ശതമാനം ചെലവ് കേരളം വഹിച്ചത്.
യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും രാജ്യത്തുതന്നെ മുന്‍നിരയിലുള്ള സംസ്ഥാനമാണ് കേരളം. എന്നിട്ടും റെയില്‍വേ വികസനത്തില്‍ കേരളത്തെ അവഗണിച്ചുകൊണ്ടിരിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെയാണ് വന്ദേഭാരത് തീവണ്ടി പ്രധാന നേട്ടമായി ബിജെപി പരസ്യത്തില്‍ അവതരിപ്പിക്കുന്നത്. 

സംസ്ഥാനത്ത് ട്രെയിന്‍ യാത്രക്കാരുടെ ദുരിതം നാള്‍ക്കുനാള്‍ വര്‍ധിക്കുകയും, ശ്വാസം മുട്ടുന്ന തരത്തില്‍ ട്രെയിനുകളില്‍ തിരക്ക് പതിവാകുകയും ചെയ്തിട്ടും പുതിയ ട്രെയിനുകളോ കൂടുതല്‍ കോച്ചുകളോ റെയില്‍വേ നല്‍കിയിട്ടില്ല. കോച്ചുകള്‍ വെട്ടിക്കുറച്ചുകൊണ്ടുള്ള നടപടികള്‍ മാത്രമാണ് സ്വീകരിച്ചതും. എന്നിട്ടും, യാത്രക്കാരെ മുഴുവന്‍ പരിഹസിക്കുന്ന തരത്തിലാണ് അവകാശവാദവുമായി മോഡിയുടെ പരസ്യം. 15 ശതമാനം കേന്ദ്ര വിഹിതമുള്ള കൊച്ചി മെട്രോയും എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഉറച്ച നിലപാടിലൂടെ സംസ്ഥാനത്ത് യാഥാര്‍ത്ഥ്യമായ ഗെയില്‍ പൈപ്പ് ലൈനുമുള്‍പ്പെടെ അവകാശപ്പെട്ടാണ് ബിജെപിക്ക് വോട്ട് നല്‍കണമെന്നുള്ള അഭ്യര്‍ത്ഥന.

Eng­lish Sum­ma­ry: BJP says ‘that’s us too’; Adver­tise­ment with claim that Modi gave water metro

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.