19 May 2024, Sunday

Related news

May 19, 2024
May 16, 2024
May 16, 2024
May 13, 2024
May 13, 2024
May 13, 2024
May 13, 2024
May 13, 2024
May 12, 2024
May 12, 2024

വിവിപാറ്റ്: ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി

*ബാലറ്റിലേക്ക് മടങ്ങാനാകില്ലെന്ന് സുപ്രീം കോടതി
*സിംബല്‍ ലോഡിങ് യൂണിറ്റ് മുദ്രവച്ച് സൂക്ഷിക്കണം
*സ്ഥാനാര്‍ത്ഥിയുടെ പരാതിയില്‍ പരിശോധന നടത്താന്‍ അവസരം 
റെജി കുര്യന്‍
ന്യൂഡല്‍ഹി
April 26, 2024 9:57 pm

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ രേഖപ്പെടുത്തുന്ന മുഴുവന്‍ വോട്ടുകളും വിവിപാറ്റ് സ്ലിപ്പുകളുമായി ഒത്തു നോക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചാണ് നിബന്ധനകളോടെ ഹര്‍ജികള്‍ തള്ളി ഉത്തരവ് പുറപ്പെടുവിച്ചത്.

വോട്ടിങ് മെഷീന്‍ ശാക്തീകരണത്തിനായി രണ്ട് നിബന്ധനകളാണ് കോടതി മുന്നോട്ടുവച്ചിരിക്കുന്നത്. വോട്ടിങ് മെഷീനുകളില്‍ തെരഞ്ഞെടുപ്പ് ചിഹ്നം ലോഡ് ചെയ്തു കഴിഞ്ഞാല്‍ അത് സീല്‍ ചെയ്യണം. ഫലപ്രഖ്യാപനത്തിനു ശേഷം ഇവിഎം യന്ത്രത്തോടൊപ്പം സിംബല്‍ ലോഡിങ് യൂണിറ്റും 45 ദിവസത്തേക്ക് സ്‌ട്രോങ്ങ് റൂമില്‍ സൂക്ഷിക്കണം. ഫലം പ്രഖ്യാപിച്ച ശേഷം രണ്ടും മൂന്നും സ്ഥാനത്ത് എത്തുന്ന സ്ഥാനാര്‍ത്ഥികള്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ ഓരോ അസംബ്ലി മണ്ഡലങ്ങളിലെയും, ലോക്‌സഭാ മണ്ഡലങ്ങളിലാണെങ്കില്‍ അസംബ്ലി മണ്ഡലങ്ങളിലെ അഞ്ച് ശതമാനം ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ് യൂണിറ്റ് എന്നിവയിലെ മൈക്രോ കണ്‍ട്രോളര്‍ യൂണിറ്റ് ഇവിഎം എന്നിവ വിദഗ്ധരെക്കൊണ്ട് പരിശോധന നടത്താന്‍ അവസരം ഒരുക്കണം.

ഇതിനുള്ള ചെലവ് അപേക്ഷകര്‍ വഹിക്കണം. അതേസമയം ക്രമക്കേട് കണ്ടെത്തിയാല്‍ കമ്മിഷന്‍ ചുമത്തുന്ന ചെലവ് മടക്കി നല്‍കണമെന്നും രണ്ടാമത്തെ നിര്‍ദേശമായി കോടതി വ്യക്തമാക്കി. വിവിപാറ്റ് മെഷീനും വോട്ടിങ് യന്ത്രങ്ങളും അനുബന്ധ സംവിധാനങ്ങളുടെയും സാങ്കേതിക വിഷയങ്ങള്‍ സംബന്ധിച്ച് കോടതി വിശദമായ ചര്‍ച്ചകള്‍ നടത്തി. വെറും സംശയത്തിന്റെ പേരില്‍ സംവിധാനത്തെ അവിശ്വസിക്കുന്നതിനെ വിമര്‍ശിച്ച കോടതി ബാലറ്റ് സംവിധാനത്തിലേക്ക് തിരികെ പോകാന്‍ കഴിയില്ലെന്നും ഉത്തരവില്‍ പറഞ്ഞു.

സംശയം ബലപ്പെടുത്തുന്നു: സിപിഐ

നൂറ് ശതമാനം വിവിപാറ്റുകളും എണ്ണണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികള്‍ തള്ളിയ സുപ്രീം കോടതി വിധി ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ സുതാര്യത സംബന്ധിച്ച് കൂടുതല്‍ ആശങ്കയ്ക്ക് വഴിവയ്ക്കുന്നതായി സിപിഐ ദേശീയ സെക്രട്ടേറിയറ്റ്.
ഇവിഎമ്മിലെ വോട്ടുകളും പേപ്പര്‍ സ്ലിപ്പുകളും തമ്മില്‍ പൊരുത്തക്കേടുണ്ടായേക്കാമെന്നാണ് വിവിപാറ്റ് സ്ലിപ്പുകളില്‍ ബാര്‍ കോഡ് രേഖപ്പെടുത്താനുള്ള സുപ്രീം കോടതിയുടെ നിര്‍ദേശത്തില്‍ നിന്ന് മനസിലാകുന്നത്. 45 ദിവസം വിവരങ്ങള്‍ സൂക്ഷിച്ചുവയ്ക്കണണെന്ന് പറയുന്നതും ഇതേ സംശയം കോടതിക്കും ഉള്ളതുകൊണ്ടാണ്. അതേസമയം ഇവിഎം നിര്‍മ്മാതാക്കളെക്കൊണ്ടുതന്നെ പരിശോധന നടത്തിക്കാനുള്ള നിര്‍ദേശത്തില്‍ വെെരുദ്ധ്യമുണ്ട്.
തെരഞ്ഞെടുപ്പ് പ്രക്രിയയിൽ വിശ്വാസം പുനഃസ്ഥാപിക്കുന്നതിനും പോളിങ് സത്യസന്ധമാക്കുന്നതിനും വിവി പാറ്റ് രസീതുകളുടെ 100 ശതമാനം പരിശോധനയെന്ന ആവശ്യം തുടരുമെന്നും സിപിഐ പ്രസ്താവനയില്‍ പറഞ്ഞു.

Eng­lish Sum­ma­ry: If Nota gets more votes, re-elec­tion should be held; Supreme Court Notice on Petition
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.