23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

October 13, 2024
July 26, 2024
April 27, 2024
November 29, 2023
November 23, 2023
November 15, 2022
November 8, 2022
November 8, 2022
October 27, 2022
October 26, 2022

പിടിച്ചുവച്ച മുഴുവന്‍ ബില്ലുകളിലും ഗവര്‍ണര്‍ ഒപ്പിട്ടു

Janayugom Webdesk
തിരുവനന്തപുരം
April 27, 2024 11:20 pm

ദീര്‍ഘകാലമായി അകാരണമായി പിടിച്ചുവച്ചിരുന്ന അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയായി മണിക്കൂറുകള്‍ക്കകമാണ് ഗവര്‍ണറുടെ നടപടി.
നിയമസഭ പാസാക്കി നല്‍കിയ, ഭൂപതിവ് നിയമ ഭേദഗതി ബില്‍ അടക്കമുള്ള ബില്ലുകള്‍ അന്യായമായി പിടിച്ചുവയ്ക്കുന്നതിനെതിരെ ശക്തമായ ജനവികാരവും പ്രക്ഷോഭവും ഉയര്‍ന്നിരുന്നു. ഭരണഘടനാവിരുദ്ധമായി പ്രവർത്തിക്കുന്ന ഗവർണറുടെ സമീപനത്തിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കെയാണ് ഗവർണറുടെ നടപടി എന്നതും ശ്രദ്ധേയം. ഭൂപതിവ് നിയമ ഭേദഗതി, നെൽവയൽ നീർത്തട സംരക്ഷണ നിയമ ഭേദഗതി, ക്ഷീര സഹകരണ ഭേദഗതി, സഹകരണ നിയമ ഭേദഗതി, അബ്കാരി നിയമ ഭേദഗതി എന്നീ ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പിട്ടത്.

ഇടുക്കി ഉൾപ്പെടെ മലയോര മേഖലകളിലെ ആയിരക്കണക്കിനു കുടുംബങ്ങളുടെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് ഭൂപതിവ് നിയമ ഭേദഗതി ബിൽ നിയമസഭ പാസാക്കിയത്. ഈ ബിൽ ഒപ്പിടാത്ത ഗവർണറുടെ നടപടിക്കെതിരെ എൽഡിഎഫ് നേതൃത്വത്തില്‍ നിരവധി പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിരുന്നു. മലയോര മേഖലകളിലെ കുടുംബങ്ങൾ ജീവിതോപാധിക്കായി നടത്തിയ ചെറുനിർമ്മാണങ്ങളും കാർഷികാവശ്യത്തിനായി അനുവദിക്കപ്പെട്ട ഭൂമിയുടെ വകമാറ്റിയുള്ള ഉപയോഗവും ക്രമവൽക്കരിക്കാൻ ഉദ്ദേശിച്ചുള്ളതാണ് നിയമഭേദഗതി.
സംസ്ഥാനത്തെ സഹകരണ മേഖലയ്ക്ക് കരുത്തു പകരുന്നതിനും ഒറ്റപ്പെട്ട അനഭിലഷണീയ പ്രവണതകൾ അവസാനിപ്പിക്കാനുമാണ് സഹകരണ നിയമ ഭേദഗതി ബിൽ പാസാക്കിയത്. തുടർച്ചയായി മൂന്നു തവണയിലധികം വായ്പാ സംഘങ്ങളുടെ ഭരണസമിതി അംഗമായി തെരഞ്ഞെടുക്കപ്പെടാൻ പാടില്ല, യുവാക്കൾക്ക് ഭരണസമിതിയിൽ സംവരണം, ഭരണസമിതിയിൽ വിദഗ്ധ അംഗങ്ങൾ തുടങ്ങിയ വ്യവസ്ഥകൾ ഉൾപ്പെടുന്നതാണ് ബിൽ. 

ഭൂമി തരംമാറ്റൽ നടപടികൾ വേഗത്തിലാക്കാൻ ലക്ഷ്യമിട്ടാണ് നെൽവയൽ നീർത്തട സംരക്ഷണ ഭേദഗതി ബിൽ പാസാക്കിയത്. അഡ്മിനിസ്ട്രേറ്റർമാർക്കും വോട്ടവകാശം നൽകുന്നതാണ് ക്ഷീര സഹകരണ ഭേദഗതി ബിൽ. അബ്കാരി കുറ്റകൃത്യങ്ങൾക്കുള്ള പിഴ വർധിപ്പിക്കുക ലക്ഷ്യമിട്ടാണ് അബ്കാരി നിയമ ഭേദഗതി ബിൽ പാസാക്കിയത്.
നിയമസഭ പാസാക്കിയ ബില്ലുകളിൽ നടപടിയെടുക്കാതെ അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതിനു പിന്നാലെ ഏഴ് ബില്ലുകൾ ഗവർണർ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടിരുന്നു. രാജ്ഭവനിലുണ്ടായിരുന്ന ശേഷിക്കുന്ന ബില്ലുകളിലാണ് ഗവർണർ ഇപ്പോൾ ഒപ്പിട്ടത്. 

Eng­lish Sum­ma­ry: The gov­er­nor signed all the impound­ed bills

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.