മണിപ്പൂരില്‍ കുക്കി സ്ത്രീകളെ നഗ്നരാക്കി തെരുവില്‍ പ്രദര്‍ശിപ്പിച്ച് ആള്‍ക്കൂട്ട വിചാരണ നടത്തിയ സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് വന്‍ വീഴ്ചയെന്ന് സിബിഐ കുറ്റപത്രം. ആക്രമണത്തിന് മുമ്പ് തങ്ങളെ രക്ഷിക്കണമെന്ന് അപേക്ഷിച്ച് സ്ത്രീകള്‍ പൊലീസിനെ സമീപിച്ചെങ്കിലും സാധ്യമായതൊന്നും ചെയ്തില്ലെന്നും ആള്‍ക്കൂട്ടത്തിന് അവരെ വിട്ടുകൊടുക്കുകയായിരുന്നെന്നും സിബിഐ കുറ്റപ്പെടുത്തുന്നു.
രാജ്യം ലോകത്തിന് മുന്നില്‍ ലജ്ജിച്ച് തലതാഴ്ത്തിയ സംഭവം നടന്ന് ഒരു കൊല്ലമാകുമ്പോഴാണ് കുറ്റപത്രം. മോഡി സര്‍ക്കാരിന്റെ ‘നാരീശക്തി’ വെറും പ്രഹസനം മാത്രമാണെന്ന് കുറ്റപത്രത്തില്‍ വിവരിക്കുന്ന ക്രൂരതകള്‍ വ്യക്തമാക്കുന്നു.
മണിപ്പൂരില്‍ സംഘര്‍ഷം ആരംഭിച്ച 2023 മേയ് മൂന്നിന് തന്നെയാണ് സ്ത്രീകളെ വിവസ്ത്രരാക്കി നടത്തിച്ചതെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. മേയ് നാലിനാണ് സംഭവം നടന്നതെന്നായിരുന്നു മുമ്പ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. കാങ്പോക്പി ജില്ലയിലെ ബിഫൈനോം ഗ്രാമത്തില്‍ വിവസ്ത്രരായ സ്ത്രീകളെ മെയ്തി വിഭാഗക്കാരായ നൂറോളം പുരുഷന്മാര്‍ പാടത്തേക്ക് നടത്തിക്കൊണ്ട് പോകുന്ന ദൃശ്യങ്ങളുടെ വീഡിയോ മാസങ്ങള്‍ക്കുശേഷം പുറത്തായതോടെയാണ് ലോകം ഇക്കാര്യം അറിഞ്ഞത്. ചിലര്‍ സ്ത്രീകളെ കയറിപ്പിടിക്കുന്നതും കാണാമായിരുന്നു. ഇതില്‍ ഒരു സ്ത്രീ കൂട്ട മാനഭംഗത്തിനിരയായെന്ന് പൊലീസിന്റെ എഫ്ഐആറില്‍ വ്യക്തമാക്കിയിരുന്നു.
ആള്‍ക്കൂട്ടം വരുന്നതിന് മുമ്പ് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന പൊലീസ് വാഹനത്തില്‍ സ്ത്രീകള്‍ അഭയം തേടിയിരുന്നു. വണ്ടിയെടുക്കാന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടെങ്കിലും താക്കോലില്ലെന്ന മറുപടിയാണ് നല്‍കിയത്.
ഇക്കാര്യം സിബിഐ കുറ്റപത്രത്തിലുണ്ട്. രണ്ട് പൊലീസുകാരും ഒരു ഡ്രൈവറും മറ്റ് രണ്ട് പുരുഷന്മാരും വാഹനത്തിലുണ്ടായിരുന്നു. മൂന്നോ നാലോ പൊലീസുകാർ റോഡില്‍നില്‍ക്കുകയായിരുന്നു. താക്കോൽ ഇല്ലെന്ന് പറഞ്ഞ ഡ്രൈവര്‍ പിന്നീട് വണ്ടി സ്റ്റാര്‍ട്ട് ചെയ്തു.
ജനക്കൂട്ടം വാഹനം മറിച്ചിടാന്‍ നോക്കിയപ്പോള്‍ പൊലീസുകാരെല്ലാം സ്ഥലംവിടുകയായിരുന്നു. അതിന് ശേഷം അക്രമികള്‍ ഇരകളെ വാഹനത്തിനുള്ളിൽ നിന്ന് പുറത്തിറക്കിയെന്നും കുറ്റപത്രത്തിൽ പറയുന്നു. പ്രായപൂർത്തിയാകാത്ത ആറ് പേരുടെയും മറ്റൊരാളുടെയും പേരാണ് കുറ്റപത്രത്തിലുള്ളത്. ഒക്ടോബറിൽ ഗുവാഹട്ടിയിലെ പ്രത്യേക കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലെ വിവരങ്ങളാണ് പുറത്തുകൊണ്ടുവന്നത്. വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവരാതിരിക്കാന്‍ മോഡി സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്തിരുന്നു.
English Summary: Incident of women being exposed in Manipur; A serious failure by the police
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.