പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി സിദ്ധാർത്ഥനെ അതിക്രൂരമായ മർദ്ദനത്തിനും ആൾക്കൂട്ട വിചാരണക്കും വിധേയനാക്കി മരണത്തിലേക്ക് തള്ളിവിടുകയായിരുന്നുവെന്ന് സിബിഐ. തൂങ്ങിമരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. ഈ റിപ്പോർട്ടിനു പുറമേ, ഫോറിൻസിക് സർജന്റെ റിപ്പോർട്ടും മറ്റു രേഖകളും വിദഗ്ധ ഉപദേശത്തിനായി ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്ക് അയച്ചതായി സിബിഐ സമർപ്പിച്ച ഇടക്കാല കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
മെഡിക്കൽ ബോർഡ് രൂപീകരിച്ച് ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നാണ് സിബിഐയുടെ ആവശ്യം. എയിംസിൽ നിന്നുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും അന്വേഷണം മുന്നോട്ട് കൊണ്ടു പോവുകയെന്ന് കുറ്റപത്രത്തിൽ പറയുന്നുണ്ട്. മരണം സംഭവിച്ചത് എങ്ങനെയെന്നറിയാൻ ഡമ്മി പരീക്ഷണവും ഹോസ്റ്റലിൽ സിബിഐ നടത്തിയിരുന്നു. സിബിഐയുടെ ന്യൂഡൽഹി യൂണിറ്റാണ് കേസന്വേഷണം നടത്തുന്നത്.
കഴിഞ്ഞ മാസം 25നാണ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഫെബ്രുവരി 18നാണ് സിദ്ധാർത്ഥൻ ഹോസ്റ്റൽ മുറിയിൽ തൂങ്ങി നിൽക്കുന്നതായി കണ്ടെത്തിയത്. എസ് എഫ് ഐ നേതാക്കളുടെ നേതൃത്വത്തിൽ മൂന്ന് ദിവസം തുടർച്ചയായി നഗ്നനാക്കി 20- ഓളം പേർ ചേർന്നാണ് സിദ്ധാർഥനെ മർദ്ദിച്ചത്. ക്ഷീണിതനായ സിദ്ധാർത്ഥന് മതിയായ ചികിത്സയോ ഭക്ഷണമോ നൽകാൻ പ്രതികൾ തയ്യാറായില്ല. ഒന്നു മുതൽ 19 വരെയുള്ള പ്രതികൾ സംഘടിതമായ കുറ്റകൃത്യം നടത്തിയതെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രതികൾക്കെതിരെ ഐപിസി 120 (ബി) 341,323,324,342,355,306 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
English Summary:CBI says Siddharth was pushed to death; Interim charge sheet in court
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.