24 November 2024, Sunday
KSFE Galaxy Chits Banner 2

കുറഞ്ഞ വേതനം, വിവേചനം; ഗാര്‍ഹികത്തൊഴിലാളികള്‍ അതിജീവനത്തിനായി പോരാടുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
May 9, 2024 10:15 pm

രാജ്യത്തെ ഗാര്‍ഹിക തൊഴില്‍ മേഖലയില്‍ കടുത്ത വിവേചനം നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട്. ഗാര്‍ഹിക തൊഴില്‍ ചെയ്യുന്ന വനിതകളാണ് ഏറെയും ചൂഷണം നേരിടുന്നത്. തൊഴിലിന് ആനുപാതികമായ വേതനം, തൊഴില്‍ സാഹചര്യം, ജോലി സമയം എന്നിവയിലാണ് കടുത്ത വിവേചനം നിലനില്‍ക്കുന്നത്. ജാതിയും മതവും കൂടി കടന്നു വരുന്നതോടെ ഇവരുടെ ജീവിതം കൂടുതല്‍ ദുരിതത്തിലാകുകയും ചെയ്യുന്നു. ഗാര്‍ഹിക തൊഴില്‍ മേഖലയില്‍ ജോലിചെയ്യുന്നവര്‍ സാമൂഹിക വിവേചനം നേരിടുന്നതായും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ആവശ്യമായ നിയമ പരിരക്ഷ ഇല്ലാത്തതും ഇവരുടെ ജീവിതം ദുരിതപൂര്‍ണമാക്കുന്നുണ്ട്.
രാജ്യത്തെ അസംഘടിത മേഖലയില്‍ പണിയെടുക്കുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അര്‍ഹിക്കുന്ന വിധത്തില്‍ വേതനം ലഭിക്കുന്നില്ല. രാജ്യത്ത് ഒരിടത്തും വ്യക്തമായ ജോലി സമയം ക്രമീകരിക്കാത്തതും തിരിച്ചടിയാണ്. ശാരീരികവും മാനസികമായ പീഡനവും നിരന്തരം നേരിടേണ്ടി വരുന്നു. 

കോവിഡ് മഹാമാരിയുടെ കാലത്ത് തൊഴില്‍ നഷ്ടപ്പെട്ട് ഇവരുടെ ജീവിതം ഏറെ ബുദ്ധിമുട്ടിലായിരുന്നു. 2020ല്‍ മോഡി സര്‍ക്കാര്‍ രൂപപ്പെടുത്തിയ തൊഴില്‍ നിയമത്തിലും ഗാര്‍ഹിക തൊഴിലാളികളുടെ ക്ഷേമം ഉറപ്പ് വരുത്തുന്ന യാതൊരു നടപടിയുമില്ല. ഇവര്‍ക്ക് നിയമ പരിരക്ഷ ഉറപ്പ് വരുത്തുന്നതിലും സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. പ്രത്യേക സംഘടന രൂപീകരിക്കാത്ത തങ്ങള്‍ക്ക് മിനിമം വേതനം ഉറപ്പ് വരുത്തണമെന്നാണ് പ്രധാനമായും ആവശ്യപ്പെടുന്നത്. ജോലി സമയം നിശ്ചയിക്കുക. കൃത്യമായ അവധി അനുവദിക്കുക. പീഡനവും അവഹേളനവും തടയുക എന്നീ ആവശ്യങ്ങളും പാര്‍ശ്വവല്‍കൃത തൊഴിലാളി വിഭാഗം മുന്നോട്ടുവയ്ക്കുന്നു.

ഓള്‍ മേഘാലയ ഡൊമിസ്റ്റിക് വര്‍ക്കേഴ്സ് യൂണിയന്‍, ഗുഡ്ഗാവിലെ ഹരേലു കാംഗാര്‍ സംഘാടന്‍ എന്നിവയുടെ നേതൃത്വത്തില്‍ ദേശീയ തലത്തില്‍ സംഘടന രൂപീകരിക്കാന്‍ ശ്രമം ആരംഭിച്ചു. എല്ലാ സംസ്ഥാനങ്ങളിലെയും ഗാര്‍ഹിക തൊഴിലാളികള്‍ക്ക് റേറ്റ് കാര്‍ഡ് നടപ്പിലാക്കുകയാണ് സംഘടനയുടെ ആദ്യ പരിപാടി. തങ്ങളുടെ ദുരിത ജീവിതത്തിന് അറുതിവരുത്താന്‍ എഐടിയുസി അടക്കമുള്ള തൊഴിലാളി സംഘടനകളെ സമീപിക്കാനും ഇവര്‍ ആലോചിക്കുന്നുണ്ട്. 

Eng­lish Summary:low wages and dis­crim­i­na­tion; Domes­tic work­ers strug­gle for survival
You may also like this video

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.