20 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 12, 2024
October 18, 2024
May 12, 2024
January 17, 2024
September 14, 2023
August 12, 2023
February 8, 2023
January 21, 2023
October 23, 2022
August 14, 2022

പി നാണു സ്മാരകവും വിവേകാനന്ദ വായനശാല പുനഃസ്ഥാപന ഉദ്ഘാടനവും ഇന്ന്

Janayugom Webdesk
തലശേരി
May 12, 2024 10:56 am

സിപിഐ കേരള ഘടകം രൂപീകരണത്തിന് വേദിയായ വിവേകാനന്ദ വായനശാലയുടെ പുനഃസ്ഥാപനത്തിന്റെയും സിപിഐ, കിസാൻ സഭ ആദ്യകാല നേതാവും പിണറായി പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന പി നാണു സ്മാരകത്തിന്റെയും ഉദ്ഘാടനം ഇന്ന് ചരിത്രഗ്രാമമായ പാറപ്രത്ത് നടക്കും. സ്മാരകം ഉദ്ഘാടനം വൈകിട്ട് അഞ്ചിന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും വായനശാല ഉദ്ഘാടനം ദേശീയ എക്സിക്യൂട്ടീവ് അംഗം പി സന്തോഷ് കുമാർ എംപിയും നിര്‍വഹിക്കും. 1935ൽ ചേർന്ന മഹാസമ്മേളനത്തിലായിരുന്നു വായനശാലയുടെ വാതിലുകൾ തുറന്നത്. വായനശാല സ്ഥാപിക്കപ്പെടുന്നതിൽ മുഖ്യപങ്കുവഹിച്ചത് കൽക്കത്തയിലെ ശ്രീരാമകൃഷ്ണാശ്രമത്തിൽ നിന്നും സന്യാസജീവിതം മടുത്ത് തിരിച്ചുവന്ന നാട്ടുകാരൻ കൂടിയായ എന്‍ ഇ ബാലറാമായിരുന്നു. പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന എം പി ദാമോദരന്റെ അധ്യക്ഷതയില്‍ തലശേരി ബാറിലെ പ്രമുഖ അഡ്വക്കേറ്റും കോൺഗ്രസ് നേതാവുമായിരുന്ന കെ ടി ചന്തു നമ്പ്യാരായിരുന്നു അന്ന് ഉദ്ഘാടനം നിർവ്വഹിച്ചത്. പാറപ്രത്തെ ചെറുവാക്കടൻ ചന്തുവിന്റെ സ്ഥലത്തെ ഓടിട്ട ഒറ്റനില കെട്ടിടമായിരുന്നു വിവേകാനന്ദ വായനശാല. പിന്നീട് 1950–53 കാലഘട്ടത്തില്‍ കാലപ്പഴക്കത്താൽ തകർന്നു പോകുകയായിരുന്നു.

അതിനുശേഷം ചാലാടൻ ഗോപാലൻ, ഡിസ്ട്രിക് ബോർഡ് സ്കൂൾ അധ്യാപകനായ എറമുള്ളാൻ മാഷ് എന്നിവരുടെ പീടികയുടെ മുകളിലത്തെ നിലയിലായിരുന്നു വായന നടന്നിരുന്നത്. വായനശാലയുടെ ചരിത്രം ഇതുവരെ ആരും ആധികാരികമായി രേഖപ്പെടുത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ടവരാരും ഇപ്പോള്‍ ജീവിച്ചിരിപ്പുമില്ല. ചാലാടൻ ഗോപാലന്റെ പീടിക ഉണ്ടായിരുന്ന സ്ഥലത്താണ് പുതിയ വിവേകാനന്ദ വായനശാല ആൻഡ് ഗ്രന്ഥാലയം സ്ഥാപിച്ചിരിക്കുന്നത്. വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ പ്രസിഡന്റ് പിണറായി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ പി പ്രമീളയും സെക്രട്ടറി എം മഹേഷ് കുമാറുമാണ്.
ചടങ്ങില്‍ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി പി മുരളി പി കൃഷ്ണപിള്ളയുടെയും സംസ്ഥാന കൗൺസിൽ അംഗങ്ങളായ സി എൻ ചന്ദ്രന്‍ എൻ ഇ ബാലറാമിന്റെയും സി പി ഷൈജന്‍ പി നാണുവിന്റെയും ഫോട്ടോകള്‍ അനാച്ഛാദനം ചെയ്യും. പുസ്തകങ്ങൾ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എ പ്രദീപൻ ഏറ്റുവാങ്ങും. ജില്ലാ അസിസ്റ്റന്‍റ് സെക്രട്ടറി കെ ടി ജോസ്, മണ്ഡലം സെക്രട്ടറി അഡ്വ. എം എസ് നിഷാദ്, എം ബാലൻ, സി എൻ ഗംഗാധരൻ എന്നിവർ സംസാരിക്കും. മുതിർന്ന പാർട്ടി പ്രവർത്തകൻ പലേരി മോഹനൻ പതാക ഉയർത്തും. ചടങ്ങില്‍ മുതിർന്ന പാർട്ടി പ്രവർത്തകരെ ആദരിക്കും. 

Eng­lish Summary:P Nanu Memo­r­i­al and Vivekanan­da Library restora­tion inau­gu­ra­tion today

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.