21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 21, 2025
April 20, 2025
April 20, 2025
April 18, 2025
April 17, 2025
April 17, 2025
April 16, 2025
April 16, 2025
April 16, 2025
April 15, 2025

കേന്ദ്രനയത്തില്‍ പ്രതിഷേധം: വ്യാപാരികൾ മണ്ണെണ്ണ സ്റ്റോക്കെടുക്കില്ല

ഡാലിയ ജേക്കബ്
ആലപ്പുഴ
May 19, 2024 9:35 pm

ആവശ്യത്തിനുള്ള മണ്ണെണ്ണ ലഭിക്കാത്തതിനാൽ സ്റ്റോക്കെടുക്കേണ്ടെന്ന് മൊത്ത വ്യാപാരികളുടെ തീരുമാനം. ഇത് സെപ്റ്റംബർ മുതൽ സംസ്ഥാനത്തെ റേഷൻകടകളിലെ മണ്ണെണ്ണ വിതരണത്തെ ബാധിച്ചേക്കും. ഭക്ഷ്യ ഭദ്രതാനിയമത്തില്‍ ഉള്‍പ്പെടുത്തി 2025ല്‍ മണ്ണെണ്ണ വിതരണം അവസാനിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. ഇതിന് മുന്നോടിയായിട്ടാണ് റേഷന്‍ മണ്ണെണ്ണ വെട്ടിക്കുറച്ചത്. ഭീമമായ ഫീസ് നല്‍കി സംഭരണ മൊത്ത വ്യാപാര ലൈസന്‍സ് പുതുക്കാന്‍ സാമ്പത്തിക ശേഷിയില്ലെന്ന് മൊത്തവ്യാപാരികള്‍ പറയുന്നു. ഇതുകാണിച്ച് വകുപ്പ് മന്ത്രിക്ക് ഉള്‍പ്പെടെ നിവേദനങ്ങള്‍ നല്‍കി. 2024–25 വർഷത്തിലെ മണ്ണെണ്ണ അലോട്ട്മെന്റ് 1944ൽ നിന്ന് 780 കിലോലിറ്ററായി കുറച്ചു. ഈ സാഹചര്യത്തിൽ സംഭരണവും വിതരണവും പ്രായോഗികമല്ലെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.

മൂന്നുമാസം കൂടുമ്പോഴാണ് റേഷൻകടകളിൽ മണ്ണെണ്ണ വിതരണം നടക്കുന്നത്. ഇപ്പോൾ ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലെ വിതരണമാണ് നടന്നുകൊണ്ടിരിക്കുന്നത്. അടുത്ത വിതരണം സെപ്റ്റംബറിലാണ്. മുൻഗണനാ വിഭാഗങ്ങളായ പിങ്ക്, മഞ്ഞ (പിഎച്ച്എച്ച്, എഎവൈ) കാർഡുടമകളാണ് മണ്ണെണ്ണയ്ക്ക് അർഹർ. സംസ്ഥാനത്ത് ആകെ 5,90,569 എഎവൈ കാര്‍ഡുകളും 35,91,684 പിഎച്ച്എച്ച് കാര്‍ഡുകളുമുണ്ട്. ഇവർക്ക് മൂന്നുമാസം കൂടുമ്പോൾ അരലിറ്റർ മണ്ണെണ്ണയാണ് ലഭിക്കുക. എന്നാൽ വ്യാപാരികൾക്ക് മൂന്നുമാസത്തിൽ ഒരിക്കൽപ്പോലും അലോട്ട്മെന്റ് ലഭിക്കാറില്ല. ഒരു ലോഡിൽ നിന്ന് തൊഴിലാളികളുടെ ശമ്പളം, കട വാടക, ബാങ്ക് പലിശ എന്നിവയെല്ലാം നൽകാൻ സാധിക്കാത്ത അവസ്ഥയിലാണ് വ്യാപാരികൾ. 

ഒരു ഡിപ്പോ ലാഭകരമായി നടത്താൻ 72 കിലോ ലിറ്റർ മണ്ണെണ്ണ വേണമെന്ന് അഖിലേന്ത്യാതലത്തിൽ നടത്തിയ പഠനത്തിൽ പറയുന്നു. മൂന്നുമാസത്തിലൊരിക്കൽ 12 കിലോ ലിറ്റർ മണ്ണെണ്ണ ലഭിക്കാത്ത ഡീലർമാരാണ് കൂടുതൽ. ചില്ലറവ്യാപാരിക്ക് 10 മുതൽ 50 ലിറ്റർ വരെയാണ് അലോട്ട്മെന്റ് ലഭിക്കുന്നത്. ശരാശരി 15 കിലോമീറ്റർ ദൂരെ പോയിവേണം മണ്ണെണ്ണ എടുക്കാൻ. ബാഷ്പീകരണ നഷ്ടം കൂടി കണക്കാക്കുമ്പോൾ വ്യാപാരികൾ ഇതിന് തയ്യാറാവുന്നില്ല. നിലവിലെ സാഹചര്യത്തില്‍ ലോഡ് എടുക്കാനോ വിതരണം ചെയ്യാനോ മൊത്തവ്യാപാരികള്‍ തയ്യാറാകില്ലെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എൻ ഷിജീര്‍ പറഞ്ഞു. 

Eng­lish Summary:Protest against cen­tral pol­i­cy: Traders will not stock kerosene
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.