19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 3, 2024
December 2, 2024
December 1, 2024
November 30, 2024
November 27, 2024
November 2, 2024
October 27, 2024
October 25, 2024
October 25, 2024

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം : മലങ്ക ഡാമിന്റെ ഷട്ടറുകള്‍ തുറന്നു, പലയിടങ്ങളിലും വെള്ളക്കെട്ട്

Janayugom Webdesk
തിരുവനന്തപുരം
May 23, 2024 12:15 pm

സംസ്ഥാനത്ത് പല ജില്ലകളിലും മഴക്കെടുതി രൂക്ഷമാകുന്നു. പല ജില്ലകളിലും വെള്ളക്കെട്ടിനെത്തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു.കോഴിക്കോട്, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് രാവിലെ മഴക്കെടുതി രൂക്ഷമായത്. ഇന്ന് തീവ്രമഴയ്ക്കു സാധ്യതയുള്ളതിനാൽ 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. 5 ജില്ലകളിൽ മഞ്ഞ അലർട്ടാണ്. ശനിയാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

മലയോരമേഖലകളില്‍ കനത്ത ജാഗ്രത നിർദേശം നൽകി. മലങ്കര ഡാമിന്റെ നാലുഷട്ടറുകള്‍ ഉയര്‍ത്തി. ഇതേത്തുടര്‍ന്ന് തൊടുപുഴ, മൂവാറ്റുപുഴ ആറുകളില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.കോഴിക്കോട് പന്തീരാങ്കാവ് ദേശീയപാതയിൽ സർവീസ് റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് ഗതാഗതം സ്തംഭിച്ചു. ബുധനാഴ്ച രാത്രിപെയ്ത കനത്ത മഴയിലാണ് സർവീസ് റോഡ് തകർന്ന് വീണത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും വെള്ളം കയറി.

വെള്ളം കുത്തിയൊലിച്ച് അകത്തേക്ക് കയറുകയായിരുന്നുവെന്ന് നാട്ടുകാരും ജീവനക്കാരും പറഞ്ഞു. പീഡിയാട്രിക് ഐസിയുവിലടക്കം വെള്ളം കയറി. അശ്വിനി ആശുപത്രിയുടെ കാഷ്വാലിറ്റിയിലും വെള്ളം കയറി. വെള്ളം കയറിയതിനെത്തുടർന്ന് രോ​ഗികളെ മുകൾനിലയിലേക്ക് മാറ്റി.കലിക്കറ്റ് സർവകലാശാലക്കടുത്ത് ദേശീയ പാതയിൽ സ്പിന്നിംഗ് മില്ലിൽ മണ്ണിടിഞ്ഞ് ഗതാഗതം നിലച്ചു. കോഴിക്കോട് ഭാഗത്തേക്കുള്ള ഗതാഗതം വഴി തിരിച്ചു വിടുകയാണ്. റോഡ് നിര്‍മ്മാണത്തിന്റെ പ്രവൃത്തി പുരോഗമിക്കുന്നിടത്താണ് മണ്ണിടിഞ്ഞത്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം.

മണ്ണ് നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.കോഴിക്കോട് നാദാപുരം തൂണേരിയിൽ കനത്ത മഴയിൽ മതിൽ തകർന്നു. ബാലുശ്ശേരിയിൽ വെള്ളം കയറിയതിനെത്തുടർന്ന് പത്തോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മോശം കാലാവസ്ഥയെ തുടർന്ന് കരിപ്പൂരിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ വൈകി. അബുദാബി, മസ്ക്കറ്റ് വിമാനങ്ങളാണ് വൈകുന്നത്. വഴിതിരിച്ചുവിട്ട ദോഹ– കരിപ്പുർ വിമാനം മംഗലാപുരത്തിറക്കി. കോട്ടയത്ത് മീൻ പിടിക്കാൻ പോയ യുവാവ് തോട്ടിൽ വീണ് മരിച്ചു. കൊച്ചിയിൽ ന​ഗരത്തിന്റെ ഭൂരിഭാ​ഗം പ്രദേശങ്ങളും വെള്ളക്കെട്ടിലായി.

ഇൻഫോപാർക്കിൽ ഇന്നലെ രാത്രി പെയ്ത മഴയിൽ വാഹനങ്ങളുൾപ്പെടെ വെള്ളത്തിലായി. കടവന്ത്ര, സൗത്ത്, ചിറ്റൂർ റോഡ്, എംജി റോഡ് എന്നിവിടങ്ങളിൽ വെള്ളക്കെട്ടുണ്ടായി. തൃശൂർ നഗരത്തിൽ പ്രധാന റോഡുകളിലെല്ലാം വെള്ളം കയറി. കടകളിലും പ്രധാന മാർക്കറ്റുകളിലും വെള്ളം കയറി. ഇരുചക്ര വാഹനങ്ങൾ ഒലിച്ചു പോയി. കാസർകോട് പൊലീസ് സ്റ്റേഷന്റെ സീലിങ് ഇടിഞ്ഞു വീണതായി വിവരമുണ്ട്. 

Eng­lish Summary:
Heavy rains in the state: Shut­ters of Malan­ka Dam opened, water­logged in many places

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.