ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് സ്കൂൾ മൂല്യനിർണയത്തിലെ പരിഷ്കാര’ത്തെ സംബന്ധിച്ച് സ്റ്റേറ്റ് കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആന്റ് ട്രെയിനിങ് (എസ്‌സിഇആർടി) സംഘടിപ്പിച്ച വിദ്യാഭ്യാസ കോൺക്ലേവ് കേരളത്തിലെ സ്കൂൾവിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുന്ന ദിശയിൽ നിർണായകമായ ചുവടുവയ്പായി വിലയിരുത്തപ്പെടണം. പാഠ്യപദ്ധതി പരിഷ്കരണം പൂർത്തിയായതിനെത്തുടർന്നാണ് സ്കൂൾ വിദ്യാഭ്യാസത്തിലെ മൂല്യനിർണയ പരിഷ്കാരത്തെപ്പറ്റി ചർച്ചകൾ ആരംഭിച്ചിട്ടുള്ളത്. എസ് എസ്എൽസി പരീക്ഷയ്ക്ക് മിനിമം മാർക്ക് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നിർദേശങ്ങളുടെ പശ്ചാത്തലത്തിലാണ് മൂല്യനിർണയ പരിഷ്കാര ചർച്ചകൾ പ്രാധാന്യം കൈവരിക്കുന്നത്. നിരന്തരവും സമഗ്രവുമായ മൂല്യനിർണയത്തോടൊപ്പം (സിസിഇ) പത്താംക്ലാസ് പരീക്ഷ ജയിക്കാൻ മിനിമം മാർക്ക് ആവശ്യകോപാധിയായി മാറുമ്പോൾ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും അതേപ്പറ്റി ബോധ്യമുള്ളവരും പുതിയ മൂല്യനിർണയ രീതിയോട് പൊരുത്തപ്പെടാൻ സന്നദ്ധമാകുകയും വേണം. നിലവിലുള്ള സിസിഇ സമ്പ്രദായത്തിൽ വിദ്യാർത്ഥികൾ മുഴുവൻ മാർക്കും നേടുമ്പോഴും എഴുത്തുപരീക്ഷയിൽ അതേ അനുപാതത്തിൽ മാർക്ക് നേടുന്നില്ലെന്നത് ഒരു ന്യൂനതയായി ചൂണ്ടിക്കാട്ടപ്പെടുന്നു. എഴുത്തുപരീക്ഷയ്ക്ക് മിനിമം മാർക്ക് ഉപാധിയായി മാറുമ്പോൾ പ്രാന്തവൽക്കൃത പശ്ചാത്തലത്തിൽ നിന്ന് വരുന്ന കുട്ടികളെ അത് എങ്ങനെ ബാധിക്കുമെന്ന ഉൽക്കണ്ഠയും കോൺക്ലേവിൽ ഉയർന്നുകേൾക്കുകയുണ്ടായി. സിസിഇ ഫലപ്രദമായി നടപ്പാക്കാൻ ആവശ്യമായ പരിശീലനം അധ്യാപകർക്ക് ലഭ്യമാക്കാനും അതിന്റെ നിർവഹണത്തിന് മതിയായ നിരീക്ഷണ സംവിധാനം ഉറപ്പുവരുത്താനും കഴിയണം. എഴുത്തുപരീക്ഷയ്ക്ക് നിശ്ചിതമാർക്ക് എന്ന ഉപാധിവരുമ്പോൾ ഉന്നതപഠനത്തിന് അവസരം നിഷേധിക്കപ്പെടാത്തവിധം പ്രാന്തവൽക്കൃത പശ്ചാത്തലത്തിൽ നിന്നുള്ള കുട്ടികൾക്കും മിനിമം മാർക്ക് ലഭിക്കുമെന്ന് ഉറപ്പുവരുത്താൻ അധ്യാപകർ ഏറെ കരുതൽ കാട്ടേണ്ടിവരും.
ഒന്ന് മുതൽ എട്ടാം ക്ലാസുവരെ മുഴുവൻ കുട്ടികൾക്കും സ്ഥാനക്കയറ്റം നൽകുന്ന സമ്പ്രദായമാണ് കേരളം കാലങ്ങളായി പിന്തുടർന്നുപോരുന്നത്. അത് നിരന്തരവും സമഗ്രവുമായ മൂല്യനിർണയത്തെ പ്രതികൂലമായി ബാധിക്കുന്നതായി സംശയിക്കുന്ന ധാരാളം പേരുണ്ട്. അത്തരം കുട്ടികളിൽ പലരും പത്താംക്ലാസ് കഴിയുമ്പോഴും തത്തുല്യ നിലവാരം കൈവരിക്കുന്നില്ല എന്ന വിമർശനവും അവഗണിക്കാവുന്നതല്ല. കേരളത്തിൽ നിന്നുള്ള കുട്ടികൾക്ക് എൻഇഇടി, ജെഇഇ, സിയുഇടി തുടങ്ങി ദേശീയ പ്രവേശന പരീക്ഷകളിൽ നല്ല പ്രകടനം കാഴ്ചവയ്ക്കാൻ കഴിയാത്തത് സ്കൂൾപഠനത്തിലെ നിലവാരത്തകർച്ച കാരണമാണെന്നും വിമർശനമുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ കുട്ടികൾക്ക് ദേശീയപ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കാതെ പോകുന്നതായും പരാതിയുണ്ട്. വിദ്യാഭ്യാസരംഗത്തെ ഇത്തരം പരിമിതികളെ മറികടക്കുന്നതിന് മൂല്യനിർണയത്തിൽ ആവശ്യമായ പരിഷ്കാരങ്ങൾ കൂടിയേ തീരൂ. ബോധനരീതിയിലും നിരന്തരവും സമഗ്രവുമായ മൂല്യനിർണയത്തിലും എഴുത്തുപരീക്ഷയ്ക്ക് നിശ്ചിത ശതമാനം കുറഞ്ഞ മാർക്കെന്ന ഉപാധിയും വഴി ഇപ്പോഴത്തെ പരിമിതികളെ മറികടക്കാനുള്ള നിർദേശങ്ങളാണ് കോൺക്ലേവിൽ ഉയർന്നുകേട്ടത്. പരീക്ഷാരീതി സംബന്ധിച്ച് കാലാകാലങ്ങളായി ഉയർന്നുവന്നിട്ടുള്ള നിർദേശങ്ങൾ പലതും പ്രയോഗത്തിൽ കൊണ്ടുവരാൻ നമുക്ക് കഴിഞ്ഞിട്ടില്ല. കുട്ടികളുടെ ഓർമ്മശക്തിയുടെ പരീക്ഷണമാണ് എഴുത്തുപരീക്ഷകളിൽ പ്രധാനമായും നടക്കുന്നത്. അവരുടെ വൈവിധ്യമാർന്ന കഴിവുകൾ പ്രകടിപ്പിക്കാൻ കഴിയുംവിധമുള്ള പരിഷ്കാരങ്ങളാണ് ആവശ്യം. അത്തരം ചില ആശയങ്ങൾ ഉയർന്നുവന്നെങ്കിലും അവയിൽ തീരുമാനം കൈക്കൊള്ളാവുന്ന വേദിയായിരുന്നില്ല കോൺക്ലേവ്.
കോൺക്ലേവ് ഒരു തുടക്കം എന്ന നിലയിൽ വിദ്യാഭ്യാസ വിദഗ്ധർ, പൊതുവിദ്യാഭ്യാസ ഉദ്യോഗസ്ഥർ, അധ്യാപക‑വിദ്യാർത്ഥി സംഘടനാ നേതാക്കൾ, രക്ഷിതാക്കൾ തുടങ്ങി വിദ്യാഭ്യാസരംഗവുമായി ബന്ധപ്പെട്ട ഒരു പരിച്ഛേദത്തെ ഒരുമിച്ച് ഒരു വേദിയിൽ കൊണ്ടുവരുന്നതിനും ആശയവിനിമയത്തിനും സഹായകമായി. തുടർന്ന് കരിക്കുലം കമ്മിറ്റി കോൺക്ലേവിൽ ഉയർന്നുവന്ന ആശയങ്ങളെ വിശദമായ ചർച്ചയ്ക്ക് വിധേയമാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പരിഷ്കരണം സംബന്ധിച്ച നിർദേശങ്ങൾ മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും പരിഗണനയ്ക്കും അംഗീകാരത്തിനും ശേഷമേ നടപ്പാക്കൂ എന്ന ധാരണയാണ് കോൺക്ലേവിൽ നിന്ന് ലഭിക്കുന്നത്. എന്നാൽ, നമ്മുടെ പുതുതലമുറയെയും ഭാവിയെയും സംബന്ധിക്കുന്ന സുപ്രധാന കാൽവയ്പ് എന്ന നിലയിൽ നടപ്പാക്കാനുദ്ദേശിക്കുന്ന വിദ്യാഭ്യാസ പരിഷ്കാരങ്ങളുടെ പൂർണരൂപം സമൂഹത്തിന്റെ അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കാൻ സമയബന്ധിത ചർച്ചയ്ക്ക് വിധേയമാക്കുന്നത് ഒരു ജനാധിപത്യ കീഴ്‍വഴക്കമാക്കി മാറ്റുന്നത് ഉചിതമായിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.