23 December 2024, Monday
KSFE Galaxy Chits Banner 2

ഡ്രൈവിങ് ലൈസൻസ് ചട്ടങ്ങൾ പുനഃപരിശോധിക്കണം

Janayugom Webdesk
May 31, 2024 5:00 am

ഡ്രൈവിങ് ലൈസൻസ് നൽകുന്നതിന് വേണ്ടി കേന്ദ്ര ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ച പുതിയ ചട്ടങ്ങൾ ജൂൺ ഒന്ന് മുതൽ നടപ്പിലാക്കുകയാണ്. ഡ്രൈവിങ് സുരക്ഷിതവും അപകടരഹിതവുമാക്കുന്നതിനാണ് ലൈസൻസിങ് സംവിധാനമേർപ്പെടുത്തിയത്. ഉദ്യോഗസ്ഥതലത്തിൽ കൃത്യമായ നിരീക്ഷണത്തിനും യോഗ്യതാ നിർണയത്തിനും ശേഷം ലൈസൻസ് നൽകുകയായിരുന്നു നടപ്പിലുള്ള രീതി. റോഡ് നിയമങ്ങളിൽ ശരിയായ വിദ്യാഭ്യാസം ഉറപ്പാക്കാനും അതിലൂടെ സുരക്ഷിത ഡ്രൈവിങ് ഉറപ്പാക്കി അപകടങ്ങൾ കുറയ്ക്കാനുമാണ് ഇതിലൂടെ ലക്ഷ്യംവച്ചിരുന്നത്. അതനുസരിച്ച് ഡ്രൈവിങ് നിയമങ്ങളും റോഡിൽ പാലിക്കേണ്ട ചട്ടങ്ങളും അപകട രഹിതമായി വാഹനമോടിക്കുന്നതിനുള്ള പ്രായോഗിക പരിശീലനവും നൽകുന്നതിന് നിരവധി സ്ഥാപനങ്ങൾ പ്രവർത്തനമാരംഭിച്ചു. മോട്ടോർ വാഹന വകുപ്പിന്റെ മേൽനോട്ടത്തിലും പൂർണ നിയന്ത്രണത്തിലും ഡ്രൈവിങ് സ്കൂളുകൾ പ്രവർത്തിക്കുകയും പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ലൈസൻസ് നൽകുകയും ചെയ്യുന്ന രീതിയാണ് ഉണ്ടായിരുന്നത്. ഇത് പൂർണമായും മാറ്റുകയും കോർപറേറ്റ്‌വൽക്കരിക്കുന്നതിന് ഇടയാക്കുകയും ചെയ്യുന്ന ചട്ടങ്ങളാണ് പുതിയതായി പുറപ്പെടുവിച്ചിരിക്കുന്നത്. ഇതുപ്രകാരം ലൈസൻസ് ആവശ്യമുള്ള അപേക്ഷകർ ഇനി റീജിയണൽ ട്രാൻ‌സ്പോർട്ട് ഓഫിസി (ആർടിഒ) ൽ ടെസ്റ്റിന് വിധേയരാകേണ്ടതില്ല. പകരം അത് നിർവഹിക്കുന്നതിന് അംഗീകൃത സ്വകാര്യ ഡ്രൈവിങ് സ്കൂളുകളെ ചുമതലപ്പെടുത്തും. ഈ സ്കൂളുകളിൽ പ്രായോഗിക പരീക്ഷ വിജയിക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭ്യമാകും. ഇത്തരത്തിൽ അംഗീകരിക്കപ്പെടുന്ന സ്കൂളുകൾക്ക് കുറഞ്ഞത് ഒരു ഏക്കർ സ്ഥലമെങ്കിലും സ്വന്തമായുണ്ടായിരിക്കണം. നാലു ചക്രവാഹന പരിശീലനം നടത്തുന്നവർ പരിശീലനത്തിന് കുറഞ്ഞത് രണ്ടേക്കർ ഭൂമി സ്വന്തമായി സജ്ജീകരിക്കണം. ഈ വ്യവസ്ഥകൾ 2021ൽ തന്നെ വിജ്ഞാപനം ചെയ്തിരുന്നുവെങ്കിലും നാളെ മുതൽ പ്രാബല്യത്തിൽ വരുത്തുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്. 2021ൽ ഇതുസംബന്ധിച്ച വാർത്തകൾ വന്ന ഘട്ടത്തിൽ തന്നെ ശക്തമായ എതിർപ്പുയർന്നതിനാലാണ് അന്ന് അത് നടപ്പിലാക്കാതിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ മൂർധന്യത്തിൽ നിൽക്കുമ്പോൾ ഇത് നടപ്പിലാക്കുന്നതിന് തീരുമാനിക്കുകയായിരുന്നു. പുതിയ ചട്ടങ്ങൾ നടപ്പിലാക്കുന്നതോടെ ഡ്രൈവിങ് ലൈസൻസ് നൽകുന്നത് പൂർണമായും സ്വകാര്യവൽക്കരിക്കപ്പെടുമെന്നതിൽ സംശയമില്ല. പല വിധത്തിലാണ് ഈ തീരുമാനത്തിന്റെ പ്രത്യാഘാതമുണ്ടാകുവാൻ പോകുന്നത്. 

പ്രധാനപ്പെട്ട ആശങ്ക ഇതിനകം ഡ്രൈവിങ് സ്കൂൾ നടത്തിപ്പുകാരുടെ ഭാഗത്ത് നിന്നുയർന്നുകഴിഞ്ഞു. പരിശീലനവും ലൈസൻസ് വിതരണവും വൻകിട കമ്പനികൾക്ക് കൈമാറ്റം ചെയ്യപ്പെടുന്നത് ചെറുകിട സ്കൂളുകളുടെ നിലനില്പിനെ ബാധിക്കും. സർക്കാർ മേൽനോട്ടത്തിലുള്ള ലൈസൻസിങ് രീതിയുടെ ഭാഗമായി പരിശീലനം നടത്തുന്നതിന് നൂറുകണക്കിന് ഡ്രൈവിങ് സ്കൂളുകളാണ് നമ്മുടെ സംസ്ഥാനത്തുള്‍പ്പെടെ നിലവിലുള്ളത്. അവ പ്രവർത്തിക്കുന്നത് പ്രധാനമായും നഗരങ്ങൾ കേന്ദ്രീകരിച്ചുമാണ്. നിലവിലുള്ള റോഡും ലഭ്യമായ സ്ഥലസൗകര്യവും ഉപയോഗിച്ചാണ് പരിശീലനം നൽകുന്നത്. എന്നാൽ രണ്ടേക്കർ ഭൂമി സ്വന്തമായി വേണമെന്ന നിബന്ധന നഗരങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് അപ്രായോഗികമാകും. ഈ തീരുമാനം ചെറുകിട സ്കൂളുകളെയെല്ലാം ബാധിക്കുമെന്നതിൽ സംശയമില്ല. ഒന്നുകിൽ അവ അടച്ചുപൂട്ടുക, അല്ലെങ്കിൽ കോർപറേറ്റ് സ്കൂളുകളിൽ ലയിക്കുക എന്ന സ്ഥിതിയാണുണ്ടാകുക. ആയിരക്കണക്കിന് പേരുടെ ഉപജീവന മാർഗമാണ് ഇതിലൂടെ ഇല്ലാതാകാൻ പോകുന്നത്.
മറ്റൊരു പ്രധാന ആശങ്ക ഡ്രൈവിങ്ങിന്റെ പൂർണതയും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ടതാണ്. ഇപ്പോഴത്തെ രീതി ഉദ്യോഗസ്ഥതലത്തിലുള്ളതാണെങ്കിലും ഒരു പരിധിവരെ സുതാര്യമാണ്. പരിശീലനം സിദ്ധിച്ചവർ വാഹനമോടിക്കുന്നതിന് പൂർണയോഗ്യരാണെന്ന് ഉറപ്പാക്കിയാണ് ലൈസൻസ് നൽകി വരുന്നത്. എന്നാൽ സ്വകാര്യ സംരംഭകരെ പരിശീലനവും പരിശോധനയും ഏല്പിക്കുന്നത് സുതാര്യതയെയും മതിയായ പരിശീലനലഭ്യതയെയും ബാധിക്കുമെന്ന ആശങ്ക അസ്ഥാനത്തല്ല. വ്യക്തമായ മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിച്ചാൽ മാത്രമേ സ്കൂളുകൾക്ക് അക്രഡിറ്റേഷൻ നൽകൂ എന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും അത് പ്രായോഗികതലത്തിൽ കൊണ്ടുവരുമ്പോൾ ഇടപെടലുകളും സ്വാധീനങ്ങളും പ്രത്യേക താല്പര്യങ്ങളുമുണ്ടാവുക സ്വാഭാവികമാണ്. അങ്ങനെ വരുമ്പോൾ ലൈസൻസ് നൽകുന്ന രീതിയെയും അത് ബാധിക്കും. പരിശോധന കൂടുതൽ ശക്തമാക്കിയും കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയും ലൈസൻസ് നൽകുന്നതിനാണ് സർക്കാർ ശ്രമിക്കേണ്ടത്. അതിന് കൂടുതൽ ലേണിങ് ലൈസൻസ്, അന്തിമ ലൈസൻസ് നൽകൽ എന്നിവയ്ക്ക് വിപുലമായ സൗകര്യങ്ങളും എണ്ണത്തിൽ വർധനയും വരുത്തണമെന്നാണ് പൊതുആവശ്യമായി ഉയരുന്നത്. അതിന് പകരം നിലവിലുള്ള സംവിധാനങ്ങളെ തകർക്കുകയും ലൈസൻസ് നൽകുന്ന രീതി സ്വകാര്യ കോർപറേറ്റുകൾക്ക് നൽകുകയും ചെയ്യുന്നത് ആയിരക്കണക്കിനാളുകളുടെ ഉപജീവനം ഇല്ലാതാക്കുവാനും റോഡ് സുരക്ഷ കുറയ്ക്കാനുമാണ് ഇടയാക്കുക. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ പുതിയ ചട്ടങ്ങൾ പുനർവിചിന്തനത്തിന് വിധേയമാക്കണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.