22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 19, 2024
August 24, 2024
June 1, 2024
May 31, 2024
May 31, 2024
May 31, 2024
May 23, 2024
May 11, 2024
May 5, 2024
October 2, 2023

ലൈംഗികാതിക്രമക്കേസ്: പ്രജ്വല്‍ രേവണ്ണ ജൂണ്‍ ആറുവരെ പൊലീസ് കസ്റ്റഡിയില്‍

Janayugom Webdesk
ബെംഗളൂരു
May 31, 2024 7:24 pm

ലൈംഗികപീഡനക്കേസിൽ പ്രതിയായ ജനതാദൾ (എസ്) നേതാവും കർണാടക ഹാസൻ എംപിയുമായ പ്രജ്വൽ രേവണ്ണയെ ഈമാസം ആറുവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ജർമനിയിൽ നിന്ന് പുലർച്ചെ 12.45ന് ബംഗളൂരു കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ പ്രജ്വലിനെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് സിറ്റി ആശുപത്രിയിൽ ആരോഗ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കുകയായിരുന്നു.

14 ദിവസം പ്രതിയെ കസ്റ്റഡിയിൽ വേണമെന്നാണ് പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ടത്. എല്ലാ ദിവസവും രാവിലെ 9.30 മുതൽ 10.30 വരെ പ്രജ്വലിനെ കാണാൻ അഭിഭാഷകർക്ക് കോടതി അനുമതി നൽകിയിട്ടുണ്ട്. അതേസമയം കേസുമായി ബന്ധപ്പെട്ട് പ്രജ്വലിന്റെ അമ്മ ഭവാനി രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. മുൻ പ്രധാനമന്ത്രിയും ജെഡിഎസ് അധ്യക്ഷനുമായ എച്ച് ഡി ദേവഗൗഡയുടെ ചെറുമകനാണ് പ്രജ്വൽ രേവണ്ണ. 

ഏപ്രില്‍ 27ന് രാജ്യം വിട്ട പ്രജ്വല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പിടികൊടുക്കാതെ 33 ദിവസം വിദേശത്ത് കഴിഞ്ഞ ശേഷമാണ് തിരിച്ചെത്തിയത്. വിമാനത്താവളത്തിൽ നിന്ന് പ്രജ്വലിനെ അറസ്റ്റ് ചെയ്തത് വനിതാ ഐപിഎസ് ഓഫിസർമാരായ സുമൻ ഡി പെന്നേക്കർ, സീമ ലട്കർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. അറസ്റ്റിലായ പ്രജ്വലിനെ വിമാനത്താവളത്തില്‍ നിന്ന് ജനങ്ങള്‍ക്കുമുന്നിലൂടെ കൊണ്ടു പോയതും വനിതാ പൊലീസുകാരായിരുന്നു. അറസ്റ്റ് ചെയ്യാൻ വനിതാ ഓഫിസർമാരെ അയച്ചത് ബോധപൂർവമായിരുന്നുവെന്നും സ്ത്രീകളെ ചൂഷണം ചെയ്യാൻ അധികാരം ഉപയോ​ഗിച്ച പ്രജ്വലിനെ എല്ലാ നിയമനടപടികളിലൂടെയും അറസ്റ്റ് ചെയ്യാൻ അതേ സ്ത്രീകൾക്ക് അധികാരമുണ്ടെന്ന സന്ദേശം നൽകാനാണ് ഇത്തരത്തിൽ ചെയ്തതെന്നും പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോ​ഗസ്ഥർ‌ പറയുന്നു. 

Eng­lish Summary:Sexual assault case: Pra­jw­al Revan­na in police cus­tody till June 6
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.