19 December 2024, Thursday
KSFE Galaxy Chits Banner 2

ഹരിതകേരളത്തിലെ പച്ചത്തുരുത്തുകള്‍; ആദ്യ തുരുത്തിന് അഞ്ച് വയസ്

Janayugom Webdesk
തിരുവനന്തപുരം
June 3, 2024 7:00 am

ഹരിത കേരളം മിഷൻ നടപ്പാക്കിയ പച്ചത്തുരുത്ത് പദ്ധതിയിലെ ആദ്യ തുരുത്തിന് അഞ്ച് വയസ്. 2019 ജൂൺ അഞ്ചിന് ലോക പരിസ്ഥിതിദിനത്തിൽ തിരുവനന്തപുരം പോത്തൻകോട് പഞ്ചായത്തിലെ മണലകം കുടുംബാരോഗ്യകേന്ദ്രത്തിന്റെ അഞ്ച് സെന്റിൽ നീർമാതളത്തൈ നട്ട് മുഖ്യമന്ത്രി പിണറായി വിജയനാണ് പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കം കുറിച്ചത്. ആ നീർമാതളം ഉൾപ്പെടെ എല്ലാ ചെടികളും വളർന്നു പൂത്തു പന്തലിച്ച് ഒരു ചെറുകാട് സൃഷ്ടിച്ചിരിക്കുന്നു. ഔഷധ സസ്യങ്ങളാണ് ഈ പച്ചത്തുരുത്തിലേറെയും. ആടലോടകം, മൈലാഞ്ചി, വെള്ള പൈൻ, രക്ത ചന്ദനം, മരോട്ടി, അശോകം, വേപ്പ്, അങ്കോലം, അണലിവേഗം, നീർമരുത്, ചിറ്റരത്ത, കർപ്പൂരം, കാഞ്ഞിരം, നാഗദന്തി, യശങ്, നാഗലിംഗമരം തുടങ്ങി അപൂർവ സസ്യങ്ങളാണ് വളർന്ന് നിൽക്കുന്നത്. പ്രാദേശിക ജൈവ വൈവിധ്യം ഉറപ്പാക്കുന്ന ചില സസ്യങ്ങളും ഇവിടെ വളരുന്നുണ്ട്. 

പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങളിൽ ഹരിത കേരളം മിഷന്റെ സഫലമായ പദ്ധതിയാണ് പച്ചത്തുരുത്ത്. ഒഴിഞ്ഞുകിടക്കുന്ന സർക്കാർ ഭൂമി, മാലിന്യകേന്ദ്രങ്ങളായി മാറിയ പൊതുഇടങ്ങൾ, തരിശുഭൂമി തുടങ്ങിയവ കണ്ടെത്തി അവിടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സേവനം കൂടി പ്രയോജനപ്പെടുത്തി പ്രാദേശിക ജൈവ വൈവിധ്യം ഉറപ്പാക്കി കൂട്ടമായി തൈകൾ നട്ട് വളർത്തുന്ന പദ്ധതിയാണിത്.

അഞ്ച് വർഷം പിന്നിടുമ്പോൾ പദ്ധതിയിലൂടെ സംസ്ഥാനമൊട്ടാകെ വിവിധ ഇടങ്ങളിലായി 850 ഏക്കർ വിസ്തൃതിയിൽ 2950 പച്ചത്തുരുത്തുകൾ ഹരിതകേരളം മിഷൻ വച്ചുപിടിപ്പിച്ചിട്ടുണ്ട്. ഈ വര്‍ഷം ജൂൺ അഞ്ചിന് പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായും തുടർന്നുള്ള ദിവസങ്ങളിലുമായി 1000 പച്ചത്തുരുത്തുകൾക്ക് കൂടി തുടക്കം കുറിക്കുമെന്ന് നവകേരളം കർമ്മ പദ്ധതി കോർഡിനേറ്ററും ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്‌സണുമായ ഡോ. ടി എൻ സീമ അറിയിച്ചു.

Eng­lish Summary:Greenery in Haritha Ker­ala; Five years for the first island
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.